രഞ്ജി ട്രോഫി: ക്വാര്‍ട്ടറിനരികിലെത്തി കേരളം
റോഹ്ത്തഗ്: രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടമെന്ന സ്വപ്‌ന നേട്ടത്തിനരികിലെത്തി കേരളം. ഹരിയാനക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനും വിജയത്തിനും ഇടയില്‍ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഹരിയാന ഒന്നാം ഇന്നിങ്‌സില്‍ 208 റണ്‍സില്‍ പുറത്തായപ്പോള്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 389 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി.
181 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഹരിയാന മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന ദയനീയ അവസ്ഥയിലാണ്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 98 റണ്‍സ് കൂടി വേണം. ഈ റണ്‍സ് കണ്ടെത്താന്‍ അനുവദിക്കാതെ ഹരിയാനയുടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി വിജയം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കേരളത്തിന് മുന്നിലുള്ളത്.
രണ്ട് വീതം വീക്കറ്റുകള്‍ നേടി ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ തിളങ്ങി. സന്ദീപ് വാര്യര്‍ ഒരു വിക്കറ്റെടുത്തു.
കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സുമായി പലിവാല്‍, 15 റണ്‍സുമായി ക്യാപ്റ്റന്‍ അമിത് മിശ്ര എന്നിവരാണ് ക്രീസില്‍.
നേരത്തെ രോഹന്‍ പ്രേം (93), ജലജ് സക്‌സേന (92), ബേസില്‍ തമ്പി (60) എന്നിവരുടെ ബാറ്റിങ് മികവിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മധ്യനിരയില്‍ രാത്രി കാവല്‍ക്കാരനായി ഇറങ്ങിയ ബേസില്‍ ഏകദിന ശൈയില്‍ ബാറ്റ് വീശിയത് നിര്‍ണായകമായി.
താരം 75 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും പറത്തി. വാലറ്റത്ത് മുഹമ്മദ് അസ് ഹറുദ്ദീന്‍ (34), സല്‍മാന്‍ നിസാര്‍ (33) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."