സി.പി.ഐയില്‍ ചേര്‍ന്ന മുന്‍ സി.പി.എം നേതാവിന്റെ വീടും കാറും തകര്‍ത്തു
കുറ്റിക്കോല്‍ (കാസര്‍കോട്): സി.പി.ഐയില്‍ ചേര്‍ന്ന മുന്‍ സി.പി.എം നേതാവിന്റെ വീടും കാറും കല്ലെറിഞ്ഞ് തകര്‍ത്തു.
സി.പി.എം പടുപ്പ് മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പടുപ്പ് ശങ്കരംപാടിയിലെ ഇ.കെ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമമുണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഗണ്‍ ആര് കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളും തകര്‍ത്തിട്ടുണ്ട്.
ശങ്കരംപാടിയില്‍ റേഷന്‍ഷോപ്പ് നടത്തുന്ന ഇ.കെ രാധാകൃഷ്ണന് സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി മുന്‍ അംഗമാണ്. കര്‍ഷകസംഘം ബേഡകം ഏരിയാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി ഭാരവാഹി സ്ഥാനത്ത് നിന്ന് രാധാകൃഷ്ണന് നേരത്തെ സ്വയം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ. മണ്ഡലം സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ രാധാകൃഷ്ണന് പങ്കെടുത്തിരുന്നു.
ചില നേതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് രാധാകൃഷ്ണന് പറഞ്ഞിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ പടുപ്പില്‍ പ്രകടനം നടത്തി. സി.പി.ഐ ജില്ലാ കൗണ്‍സിലംഗം പി. ഗോപാലന് മാസ്റ്ററടക്കമുള്ള നേതാക്കള്‍ രാധാകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."