കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജിയേറ്റ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: ആണ്‍ കരുത്തില്‍ ക്രൈസ്റ്റ്; വനിതകളില്‍ മുന്നില്‍ വിമല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ 49ാമത് ഇന്റര്‍ കോളജിയേറ്റ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്നേറ്റം തുടരുന്നു. പുരുഷ വിഭാഗത്തില്‍ 63 പോയിന്റ് നേട്ടത്തോടെയാണ് ക്രൈസ്റ്റ് കോളജ് മീറ്റിന്റെ രണ്ടാം ദിനത്തിലും മുന്നിട്ടുനിന്നത്. എട്ട് സ്വര്‍ണം, ആറ് വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് പുരുഷ വിഭാഗത്തില്‍ മാത്രമായി ക്രൈസ്റ്റ് സ്വന്തമാക്കിയത്.
ഒരു സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയോടെ 24 പോയിന്റുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളജാണ് പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്. പുരുഷ വിഭാഗത്തില്‍ ഒന്‍പത് പോയിന്റുള്ള മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജാണ് മൂന്നാം സ്ഥാനത്ത്. രണ്ടു വെള്ളി മെഡലുകള്‍ നേടിയാണ് എം.ഇ.എസ് കല്ലടി പുരുഷ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. അതേസമയം വനിതാ വിഭാഗത്തില്‍ 28 പോയിന്റുള്ള തൃശൂര്‍ വിമല കോളജാണ് മുന്നില്‍. മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് വനിതാ വിഭാഗത്തില്‍ മാത്രമായുള്ള നേട്ടം.
മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം സ്വന്തമാക്കി 27 പോയിന്റുമായി വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജാണ് തൊട്ടുപിന്നില്‍. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് 25 പോയിന്റോടെ മീറ്റിന്റെ രണ്ടാം ദിനത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്.
പോളൊടിഞ്ഞു; എന്നിട്ടും അശ്വിന്‍ റെക്കോര്‍ഡിട്ടു
തേഞ്ഞിപ്പലം:ട്രയല്‍ ചാട്ടത്തിനിടെ പോളൊടിഞ്ഞു പരുക്ക് പറ്റിയിട്ടും അശ്വിന്‍ ചാടിയത് റെക്കോര്‍ഡിലേക്ക്.ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ക്രൈസ്റ്റ്ഇരിങ്ങാലക്കുടയുടെ എസ്.അശ്വിനാണ് 2012 -13 ലെ ക്രൈസ്റ്റ് ഇരിങ്ങാലക്കുടയുടെ തന്നെ ആന്റണി ജോസിന്റെ 4.40 ഉയരം 4.50 ചാടി തിരുത്തിയെഴുതിയത്.പൂനെയില്‍ വെച്ച് നടന്ന ദേശീയ സ്‌കൂള്‍ കായികോത്സവത്തില്‍ ദേശീയ റെക്കോര്‍ഡായ 4.61 ഉയരത്തില്‍ ചാടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്നലെ 4.70 ഉയരം വച്ചെങ്കിലും പരുക്ക് കാരണം ചാടാനായില്ല. എങ്കിലും മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിട്ടു ആലപ്പുഴ ചേര്‍ത്തലക്കാരനായ അശ്വിന്‍.സംസ്ഥാന ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ 4.60 ചാടി സ്വര്‍ണ്ണം നേടിയിട്ടുണ്ട്.ആശാരിപ്പണിക്കാരനായ നിഗര്‍ത്തില്‍ സുരേഷ്‌കുമാറിന്റെയും സുനിതയുടെയും മകനാണ് അശ്വിന്‍.ജീഷ്‌കുമാറാണ് പരിശീലകന്‍.
ഡിസ്‌കെറിഞ്ഞ് അരവിന്ദ്
തേഞ്ഞിപ്പലം: പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ കെ അരവിന്ദിന് സ്വര്‍ണം. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അരവിന്ദ് 40.92 എറിഞ്ഞാണ് ഒന്നാമതെത്തിയത്. ഇതേ ഇനത്തില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കരുവാരത്തൊടി അജയ്കുമാറിന്റെയും ബിന്ദു ടീച്ചറുടെയും മകനായ അരവിന്ദിന് സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. സേവിയറാണ് കോച്ച്
400 മീറ്റര്‍ ഹര്‍ഡില്‍സ് ജസ്‌നക്ക് തന്നെ
തേഞ്ഞിപ്പലം: പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസ്‌ന ജോസ് സ്വര്‍ണം നേടുന്നത് തുടര്‍ച്ചയായി രണ്ടാം തവണ. 2016-ല്‍ 1.05.38 സമയത്തിനുള്ളിലാണ് ഫിനിഷ് ചെയ്തതെങ്കില്‍ ഇത്തവണ മെച്ചപ്പെടുത്തി 1.04.68 സമയത്തിനുള്ളിലാണ് ഫിനിഷ് ചെയ്തത്. ക്രൈസ്റ്റ് ഇരിങ്ങാലക്കുട കോളജിലെ എം.എ ഹിസ്റ്ററി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ജോസ്‌നക്ക് 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനമെ ലഭിച്ചുള്ളൂ. കണ്ണൂര്‍ എടത്തൊടി ഒലിയനാട്ടില്‍ ജോസ് വര്‍ഗീസ്- മേരിക്കുട്ടി ദമ്പതികളുടെ മകളായ ജോസ്‌നയുടെ പരിശീലകന്‍ ആര്‍ അജയ്കുമാറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."