ഇന്ത്യന്‍ ആരോസിന് തകര്‍പ്പന്‍ ജയം
പനാജി: ഐ ലീഗിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോലിന് ചെന്നൈ സിറ്റിയെ ഇന്ത്യന്‍ ആരോസ് തകര്‍ത്തു. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്ന ആരോസ് തകര്‍പ്പന്‍ മുന്നേറ്റങ്ങളോടെയാണ് ചെന്നൈയെ വീഴ്ത്തിയത്. അനികേത് ജാദവിന്റെ ഇരട്ട ഗോളുകളാണ് ആരോസിന് വമ്പന്‍ ജയം സമ്മാനിച്ചത്.
ഇന്ത്യന്‍ അണ്ടര്‍ 17 ടീമിന്റെ പരിശീലകന് ലൂയിസ് നോര്ട്ടന് ഡി മാറ്റോസ് പരിശീലിപ്പിക്കുന്ന ആരോസ് മികവുറ്റ ഇലവനെയാണ് കളത്തിലിറക്കിയത്. അണ്ടര്‍ 19 ടീമിലെ താരമായ എഡ്മണ്ട് ലാല്‍റിന്‍ഡികയെ ഏക സ്ട്രൈക്കറായി 4-5-1 എന്ന ശൈലിയാണ് മാറ്റോസ് പിന്തുടര്ന്നത്. അന്‍വര്‍ അലി, ജിതേന്ദ്ര സിങ് എന്നിവര്‍ സെന്റര്‍ ബാക്കുകളായി.
ചെന്നൈ 4-4-2 എന്ന ശൈലിയിലാണ് ടീമിനെ ഇറക്കിയത്. ഇരുടീമുകളും പതിയെയാണ് മത്സരം ആരംഭിച്ചതെങ്കിലും അധികം വൈകാതെ ആരോസ് താളം കണ്ടെത്തി. 13ാം മിനുട്ടില്‍ എഡ്മണ്ടിന്റെ പാസില്‍ ജാക്സണ് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 20ാം മിനുട്ടില്‍ ആരോസ് അക്കൗണ്ട് തുറന്നു. രാഹുലിന്റെ മികച്ചൊരു ക്രോസില്‍ അനികേത് ജാദവ് ലക്ഷ്യം കാണുകയായിരുന്നു.
ഗോള്‍ നേടിയതോടെ ആരോസ് ആത്മവിശ്വാസം നേടിയെങ്കിലും തിരിച്ചടിക്കാന്‍ കൂടുതല്‍ ശ്രമിച്ചത് ചെന്നൈയാണ്. ജീന്‍ മൈക്കല്‍ ജോക്വിം ആരോസിനെ ഞെട്ടിച്ചു കൊണ്ട് ചില മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. അതേസമയം പ്രതിരോധം മികവിലേക്കുയര്‍ന്നത് ആരോസിന് ഗുണകരമായി. ആദ്യ പകുതി ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ അവസാനിപ്പിക്കാനും അവര്‍ക്ക് സാധിച്ചു.
രണ്ടാംപകുതിയില്‍ ആരോസ് കൂടുതല്‍ മികവ് പുലര്‍ത്തി. 58ാം മിനുട്ടില്‍ ജാദവ് വീണ്ടും സ്കോര്‍ ചെയ്തതോടെ ടീം ലീഡ് ഉയര്‍ത്തി. 90ാം മിനുട്ടില്‍ ബോറിസ് സിങ് മൂന്നാം ഗോള്‍ നേടിയതോടെ സമ്പൂര്‍ണ തോല്‍വിയുമായി ചെന്നൈ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."