നാട്ടങ്കത്തില്‍ പൂനെ; ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുംബൈയെ വീഴ്ത്തി
പൂനെ: ഐ.എസ്.എല്‍ പുതിയ സീസണിലെ ആവേശകരമായ ആദ്യ നാട്ടങ്കത്തില്‍ അവസാനം നിമിഷം പിറന്ന ഗോളില്‍ മുംബൈ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എഫ്.സി പൂനെ സിറ്റി വീഴ്ത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു പൂനെയുടെ ജയം. എമിലിയാനോ അല്‍ഫാരോയുടെ ഇരട്ട ഗോളുകളാണ് പൂനെയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ഡര്‍ബി പോരാട്ടത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരുടീമുകളും പോരാട്ടത്തിനിറങ്ങിയത്.
പൂനെ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് കളിക്കാനിറങ്ങിയത്. മാഴ്‌സലീനോ പകരം അറ്റാക്കിങ് ഫോര്‍വേഡായി എമിലിയാനോ അല്‍ഫാരോയെത്തി. മുംബൈ 4-2-3-1 എന്ന ശൈലിയിലാണ് കളിച്ചത്. മുംബൈയാണ് മത്സരത്തിന്റെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത്. ഗോള്‍ വഴങ്ങാതിരിക്കാനാണ് മറുവശത്ത് പൂനെ ശ്രമിച്ചത്. ബല്‍വന്ത് സിങ്, സാന്റോസ്, ഇമാന സഖ്യം നിരന്തരം ആക്രമിച്ചതോടെ പൂനെയുടെ പ്രതിരോധം സമ്മര്‍ദത്തിലാവുകയും ചെയ്തു.
15ാം മിനുട്ടില്‍ ഈ പ്രതിസന്ധി മുതലെടുത്ത് മുംബൈ അക്കൗണ്ട് തുറന്നു. മികച്ചൊരു ലോങ് പാസ് മുതലെടുത്ത് മുന്നേറിയ ബല്‍വന്ത് സിങ് മുംബൈയെ മുന്നിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ പൂനെ പഴയ ശൈലിയിലേക്ക് മടങ്ങിയെത്തി.
നിരന്തരം മുംബൈ ഗോള്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ ടീമിന് സാധിച്ചു. ഡീഗോ കാര്‍ലോസ്, മാഴ്‌സലീനോ, അല്‍ഫാരോ സഖ്യത്തിന്റെ നീക്കങ്ങള്‍ പൂനെയ്ക്ക് ഏത് നിമിഷവും സമനില നേടിക്കൊടുക്കുമെന്ന പ്രതീതിയുണ്ടാക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ എവര്‍ട്ടന്‍ സാന്റോസിനെ മാഴ്‌സലീനോ വീഴ്ത്തിയതിന് മുംബൈ താരങ്ങള്‍ പെനാല്‍ട്ടിക്ക് ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല.
രണ്ടാം പകുതിയിലും പൂനെ മുന്നേറ്റങ്ങളാല്‍ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. 54ാം മിനുട്ടില്‍ മാഴ്‌സലീനോ മികച്ചൊരു ഡ്രിബ്ലിങിലൂടെ മുംബൈ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി പന്ത് അല്‍ഫാരോയ്ക്ക് കൈമാറി. എന്നാല്‍ താരത്തിന്റെ ഷോട്ടിന് ലക്ഷ്യം കാണാനായില്ല.
ഇതിനിടെ കീന്‍ ലൂയിസ് പകരക്കാരനായി ടീമിലെത്തിയതോടെ പൂനെയുടെ കളി മെച്ചപ്പെട്ടു. 72ാം മിനുട്ടില്‍ പൂനെ സമനില ഗോള്‍ നേടി. രാജു ഗെയ്ക്‌വാദ് ബോക്‌സിനുള്ളില്‍ വച്ച് ഡീഗോ സാന്റോസിനെ വീഴ്ത്തിയതിന് പൂനെയ്ക്ക് അനുകൂലമായ പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത അല്‍ഫാരോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗോളിന് ശേഷം ജൊനാഥന്‍ ലൂക്കയെ ഉള്‍പ്പെടുത്തി ആക്രമണം വര്‍ധിപ്പിച്ച പൂനെ അവസാന 10 മിനുട്ട് മുംബൈയെ കടുത്ത സമ്മര്‍ദത്തിലാക്കി.
ഏത് നിമിഷവും പൂനെ വിജയഗോള്‍ നേടുമെന്ന് കരുതിയെങ്കിലും മത്സരത്തിന്റെ അധികസമയത്താണ് അത് പിറന്നത്. 93ാം മിനുട്ടില്‍ വിങുകളിലൂടെ ആക്രമണം നടത്തിയ ഡീഗോ സാന്റോസ് പന്ത് അല്‍ഫാരോയ്ക്ക് കൈമാറി. താരത്തിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."