പ്രസിദ്ധ ഗ്രീക് സംഗീത പ്രതിഭ യാനി ക്രിസോമാലിസ് സഊദിയിലെത്തി
ജിദ്ദ: പ്രസിദ്ധ ഗ്രീക് സംഗീത പ്രതിഭ യാനി ക്രിസോമാലിസ് സഊദിയിലെത്തി. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ സംഗീത നിശ അവതരിപ്പിക്കുന്നതിനായി സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ക്ഷണപ്രകാരമാണ് യാനി സഊദിയിലെത്തിയത്.
അറബ് വംശജനല്ലാത്ത ഒരു സംഗീത പ്രതിഭ ആദ്യമായാണ് സംഗീത വിരുന്നൊരുക്കാന്‍ സഊദിയില്‍ എത്തുന്നത്. ആദ്യ പരിപാടി നാളെയും മറ്റെന്നാളും പടിഞ്ഞാറന്‍ പ്രവിശ്യയിലെ റാബിഗ് കിംഗ് അബ്ദുല്ല എക്കണോമിക്‌സിറ്റിയില്‍ നടക്കും. കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് കള്‍ച്ചറല്‍ സെന്റര്‍, തലസ്ഥാന നഗരിയിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലും സംഗീത വിരുന്ന് അരങ്ങേറും. യാനിയോടൊപ്പം 15 സംഗീത ഉപകരണ വിദഗ്ദരും അണിനിരക്കും.
സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി രണ്ടാഴ്ച മുമ്പാണ് യാനിയുടെ സംഗീത പരിപാടി പ്രഖ്യാപിച്ചത്. പ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കകം മൂന്ന് കേന്ദ്രങ്ങളിലെയും ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാനി വിമാനമിറങ്ങിയത്. ഫ്‌ലോറിഡയില്‍ നിന്നായിരുന്നു ജിദ്ദയിലേക്കുള്ള യാത്ര. സഊദിയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന തന്റെ സംഗീത പരിപാടികള്‍ ഒരു ചരിത്ര സംഭവമായി മാറുമെന്നും യാനി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
വിവിധ സംഗീത പ്രകടനം വഴി ലോകശ്രദ്ധയിലേക്ക് ഞൊടിയിടയില്‍ കയറിച്ചെന്ന സംഗീതജ്ഞനാണ് 62 കാരനായ യാനി. കഴിഞ്ഞ വര്‍ഷം അബുദാബിയിലും യാനി സംഗീത ഷോയുമായി വന്നിരുന്നു. യാനിയുടെ സംഗീത വിരുന്ന് ആവോളം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സഊദിയിലെ സംഗീത പ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."