ഭീകരര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുക്കി സഊദി
ജിദ്ദ: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വ്യത്യസ്തമായ രീതിയില്‍ നേരിടാന്‍ ഒരുങ്ങുകയാണ് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ ഭീകരവാദികള്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രം തന്നെ ഒരുക്കിയിരിക്കുകയാണ് സഊദി സര്‍ക്കാര്‍.
ആഡംബര ജീവിത സൗകര്യങ്ങള്‍, നീന്തല്‍ക്കുളം ഉള്‍പ്പെടെയുള്ള വിനോദോപാധികള്‍, പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ തുടങ്ങിയവയെല്ലാമുള്ള സെന്ററില്‍ മനഃശാസ്ത്രജ്ഞരുടെയും പുരോഹിതരുടെയും നേതൃത്വത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
സമ്മര്‍ദ്ദങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയുമല്ല പകരം ആശയപരമായ ശുശ്രൂഷയാണ് ഇത്തരക്കാര്‍ക്ക് വേണ്ടതെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കപ്പെടുന്നതെന്ന് മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സിലിങ് സെന്റര്‍ ഡയറക്ടര്‍ അബു മഖയെദ് പറഞ്ഞു.
വെട്ടിയൊതുക്കിയ പുല്‍ത്തകിടി. വലിയ സ്‌ക്രീനിലുള്ള ടിവികള്‍, രാജകീയമായ കിടക്കയും സ്വിമ്മിങ് പൂളും നടുമുറ്റവുമെല്ലാമുള്ള കേന്ദ്രം പ്രഥമ കാഴ്ച്ചയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലാണെന്നേ തോന്നിപ്പിക്കൂ.
ഇസ്‌ലാമില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഇവരുടെ ചിന്തകളും തെറ്റിദ്ധാരണകളും തിരുത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് അബു മഖയെദ് പറയുന്നു.
2004ല്‍ സ്ഥാപിതമായ ഈ കേന്ദ്രം തീവ്രവാദത്തെ തുടച്ചു നീക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 3300ഓളം തീവ്രവാദികളെ മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."