ട്രംപിന്റെ ട്വിറ്റര്‍ 'പൂട്ടിച്ച'യാളെ തിരിച്ചറിഞ്ഞു
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് 11 മിനുട്ട് നേരത്തേക്ക് പൂട്ടിച്ച് താരമായ വ്യക്തിയെ തിരിച്ചറിഞ്ഞു. ജര്‍മന്‍കാരനായ ബാഹ്തിയാര് ഡ്യൂയ്സാകാണ് ട്വിറ്റര്‍ കമ്പനിയിലെ തന്റെ അവസാന ദിനത്തില്‍ ട്രംപിന്റെ അക്കൗണ്ട് പൂട്ടിച്ചത്.
ടെക്നോളജി സൈറ്റായ ടെക്ക്രഞ്ച് ഡ്യൂയ്സാക്കുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. തുര്‍ക്കിയില്‍ വേരുകളുള്ള ഡ്യൂയ്സാക് ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് താല്‍ക്കാലിക ജോലിക്കാരനായിരുന്നു ഡ്യൂയ്സാക്.
ട്രംപിന്റെ അക്കൗണ്ട് മനഃപൂര്‍വം പൂട്ടിച്ചതല്ലെന്ന് അബദ്ധം സംഭവിച്ചതാണെന്നും ഡ്യൂയ്സാക് പറഞ്ഞു. ട്വിറ്ററിലെ തന്റെ അവസാന ദിനത്തില്‍ ചെയ്തുതീര്‍ക്കേണ്ട ജോലികളുടെ കൂട്ടത്തില്‍ ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന് അവസാന നിമിഷം വന്നെത്തുകയായിരുന്നു.
തുടര്‍ന്ന് തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത വ്യക്തി ആരാണെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം ഡ്യൂയ്സാക് തങ്ങളുടെ മുന്‍ ജോലിക്കാരനാണെന്ന് സ്ഥിരീകരിക്കാന്‍ ട്വിറ്റര്‍ തയാറായിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും ട്വിറ്റര്‍ മേധാവികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."