'ഓഖി' ശക്തി പ്രാപിക്കുന്നു; നിരവധി മത്സ്യത്തൊഴിലാളികളെ കാണാനില്ല
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനിടെ, കടയില്‍ പോയ നൂറിലധികം മത്സ്യത്തൊഴിലാളികളെ കാണാനില്ല. തിരുവനന്തപുരം പൂന്തുറയില്‍ നിന്നു പോയവരാണ് അധികവും. വിഴിഞ്ഞത്തു നിന്ന് പോയ ആറു ബോട്ടുകളും നൂറോളം ചെറുവള്ളങ്ങളും തിരിച്ചെത്തിയിട്ടില്ല.
അതേസമയം, ഉള്‍ക്കടലിലെ സ്ഥിതി ഭീകരമാണെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. കന്നാസിലും മറ്റും പിടിച്ചാണ് പലരും രക്ഷെപ്പട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറു കണക്കിന് കുടുംബങ്ങള്‍ ഇതോടെ കടുത്ത ആശങ്കയിലായി.
പൂന്തുറയില്‍ കടലോരത്ത് സ്ത്രീകള്‍ കൂട്ടത്തോടെ പ്രതിഷേധിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കളായ സ്ത്രീകള്‍ കടല്‍ത്തീരത്ത് കരയുകയാണ്.
തമിഴ്നാട്ടിലെ ബോട്ടുകാരാണ് തങ്ങളെ രക്ഷിച്ചതെന്നും നാവിക സേനയുടെ ഒരു സംവിധാനവും എവിടെയുമില്ലെന്നും രക്ഷപ്പെട്ടെത്തിയവര്‍ പരാതി പറഞ്ഞു. അതേസമയം, നാവിക സേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചിലിലുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക്
ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരം. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളതീരത്തും വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."