വില തകര്‍ന്ന് കാപ്പി; വിറങ്ങലിച്ച് കര്‍ഷകര്‍
പുല്‍പ്പള്ളി: വിളവെടുപ്പിന് സമയമായപ്പോള്‍ കാപ്പിക്കുണ്ടായ വിലത്തകര്‍ച്ച കര്‍ഷകരെ ദുരിതത്തിലാക്കി.
അടുത്തകാലം വരെ ഉയര്‍ന്ന വിലയുണ്ടായിരുന്ന കാപ്പിക്ക് ഇപ്പോഴുണ്ടായ വിലത്തകര്‍ച്ച കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയാണ്. ലോക മാര്‍ക്കറ്റില്‍ കാപ്പിവില ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കേരളത്തില്‍മാത്രം വില കുറയുന്നതെന്ന പ്രത്യേകതയും ഇപ്പോഴത്തെ വില തകര്‍ച്ചയുടെ പിന്നിലുണ്ട്.
കേരളത്തിലെ കമ്പനികള്‍ കാപ്പിക്ക് വിലയിടിക്കുമ്പോള്‍ കാപ്പിപ്പൊടിയുടെ വില കുറയുന്നില്ലെന്നതാണ് വൈരുദ്ധ്യം. ജി.എസ്.ടി മൂലം ഉല്പാദന ചിലവ് കൂടുന്നുവെന്നാണ് വിലക്കുറവിന് കാരണമായി കാപ്പിപ്പൊടി കമ്പനികള്‍ പറയുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന അതേ നികുതിതന്നെയാണ് കാപ്പിപ്പൊടിക്ക് ഇപ്പോഴുമുള്ളതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആറുമാസം മുമ്പുവരെ ഒരു കിലോ കാപ്പിപ്പരിപ്പിന് 130-140 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വില ഏതാണ്ട് സ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി വിളവെടുപ്പായപ്പോള്‍ കാപ്പിപ്പരിപ്പിന്റെ വില കുത്തനെ ഇടിഞ്ഞ് 100 രൂപയിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 130-135 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം വിളവെടുപ്പ് കാലത്ത് ഉണ്ടകാപ്പിയുടെ വില കിലോഗ്രാമിന് 80-85 രൂപയായിരുന്നു. ഇപ്പോഴത് 60 രൂപയിലേക്ക് താഴ്ന്നു.
കഴിഞ്ഞ വര്‍ഷം കാപ്പി പൂവിട്ട് കായാകുന്ന സമയത്ത് കൃത്യമായി മഴ ലഭിക്കാത്തതിനാല്‍ ഇത്തവണ ഉല്പാദനവും വളരെ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."