ഷാജഹാന് ശേഷം ഔറംഗസേബ്; രാഹുലിനെ വിമര്‍ശിച്ച്: മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ കിരീടധാരണം ഔറംഗസേബ് അധികാരത്തില്‍ വന്നതുപോലെയാണെന്നായിരുന്നു അദ്ദേഹം അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പരിഹസിച്ചത്.
ഷാജഹാനില്‍ നിന്ന് ഔറംഗസേബ് ഭരണം കൈയ്യാളുന്നത് പോലെയാണ് രാഹുലിന്റെ കിരീട ധാരണമെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് മുഗള്‍ ഭരണത്തിന് കീഴില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു എന്നാണോ അതിനര്‍ഥമെന്ന് മോദി ചോദിച്ചു. മുഗള്‍ ഭരണത്തില്‍ ജഹാംഗീറില്‍ നിന്ന് ഷാജഹാനും അദ്ദേഹത്തില്‍ നിന്ന് ഔറംഗസേബും ഭരണം ഏറ്റെടുത്തു. അപ്പോഴെല്ലാം തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നോ? തങ്ങളുടേത് കുടുംബ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് തന്നെ അംഗീകരിക്കുന്നു എന്നല്ലേ ഇതിനര്‍ഥം. ഈ സാഹചര്യത്തില്‍ നമുക്ക് ഔറംഗസേബ് ഭരണം വേണ്ടെന്നും മോദി വ്യക്തമാക്കി.
ചക്രവര്‍ത്തിയുടെ മരണ ശേഷം മകന് അധികാരമേറ്റെടുക്കുമെന്ന് എല്ലാവര്ക്കും അറിയാം. അങ്ങനെ കോണ്‍ഗ്രസില്‍ ഔറംഗസേബ് ഭരണത്തിന് തുടക്കമായി. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഔറംഗസേബ് രാജില്‍ ഞാന്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. 125 കോടി ജനങ്ങളാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഗുജറാത്തികളെ എന്നും കോണ്‍ഗ്രസ് അപമാനിച്ചിട്ടേയുള്ളു. മൊറാര്‍ജി ദേശായിയെ ജയിലിലടക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു.
അതേസമയം പൂര്‍ണമായും ജനാധിപത്യപരമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും പാര്‍ട്ടി അംഗമായ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ മറുപടി പറഞ്ഞു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതുകൊണ്ടാണ് മോദി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."