എസ് ദുര്‍ഗ: ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി
കൊച്ചി: മലയാളിയായ സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി.
ഹരജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഏകപക്ഷീയമായി സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും തന്റെ വിശദീകരണം തേടിയില്ലെന്നുമാണ് ഹരജിക്കാരന്റെ വാദം. നേരത്തേ സെക്സി ദുര്‍ഗയെന്നു പേരിട്ടിരുന്ന ചിത്രത്തിന് എസ് ദുര്‍ഗയെന്ന പേര് നല്‍കിയത് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഗോവ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞതിനെതിരേയും ഹരജിക്കാരന് കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കണ്ടശേഷം ജൂറിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. പിന്നീട് ഗോവന്‍ ചലച്ചിത്രമേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."