ഗുജറാത്ത് ബൂത്തിലേക്ക്
ഇത്തവണയാണ് ഗുജറാത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലൊക്കെയും പല്ലും നഖവും കൊഴിഞ്ഞ സിംഹമായിരുന്നു കോണ്‍ഗ്രസ്. ഇത്തവണ പുതുരക്തവും ഊര്‍ജവും ഉള്‍ക്കൊണ്ടാണ് അവര്‍ അങ്കത്തട്ടിലെത്തിയിരിക്കുന്നത്. അതു മനസിലാക്കി അങ്കലാപ്പോടെയാണു മോദിയും ഷായും ഗുജറാത്തിലെങ്ങും പരക്കംപായുന്നത്.
ഔദ്യോഗികമായി സ്ഥാനാരോഹണം നടന്നിട്ടില്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കു രാഹുല്‍ഗാന്ധി എത്തിയത് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലും അണികളിലും ആത്മവിശ്വാസമെത്തിച്ചിട്ടുണ്ട്. യുവനേതാക്കള്‍ക്കൊപ്പം രാഹുലിനു വിജയം നേടാനാകുമെന്നാണവരുടെ വിശ്വാസം.
ഇത്തവണ ഒരു കാര്യമുറപ്പാണ്. ഹാര്‍ദിക് പട്ടേല്‍, അല്‍പേശ് താക്കൂര്‍, ജിഗ്നേഷ് മേവാനി ത്രയത്തിന് അത്ഭുതങ്ങള്‍ കാട്ടാനാകും. അധികാരം നേടിയാലുമില്ലെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് തിരിച്ചുവരവുതന്നെയാണ്. അടിത്തറ ഇടിഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി സടകുടഞ്ഞ് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്.
നേരത്തെ നടന്ന അഭിപ്രായ സര്‍വേകളിലൊക്കെയും ബി.ജെ.പിക്കു മേല്‍ക്കൈ പ്രവചിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പുദിനം അടുത്തതോടെ തുല്യശക്തികളുടെ പോരാട്ടമായി അതു മാറിയിട്ടുണ്ട്. 150 സീറ്റ് ലക്ഷ്യമിടുന്ന ബി.ജെ.പിക്കു വിജയം നൂറിലോ അതിനു താഴെയോ ഒതുങ്ങിയേക്കുമെന്നാണു പ്രവചനങ്ങള്‍. നൂറോടടുത്ത് സീറ്റ് നേടാനുള്ള ത്രാണി കോണ്‍ഗ്രസിനുണ്ടെന്നും സര്‍വേകള്‍ പറയുന്നു. 2012ല്‍ 180ല്‍ 115 സീറ്റാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസിന് 61 ലഭിച്ചിരുന്നു. 18 എം.എല്‍.എമാര്‍ വഗേലയ്‌ക്കൊപ്പം പാര്‍ട്ടിവിട്ടതോടെ അംഗബലം 43 ആയി ചുരുങ്ങി.
അഹമ്മദാബാദ് ഇത്തവണ ആര്‍ക്ക്
ബി.ജെ.പി കോട്ടയെന്നാണ് അഹമ്മദാബാദ് ജില്ല അറിയപ്പെടുന്നത്. സബര്‍മതി ആശ്രമം ഉള്‍ക്കൊള്ളുന്ന അഹമ്മദാബാദ് കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പിയുടെ കൈപ്പിടിയിലാണ്. 21 മണ്ഡലങ്ങളാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഈ ജില്ലയിലുള്ളത്. 2012 തെരഞ്ഞെടുപ്പില്‍ വെറും നാലു സീറ്റുകളില്‍ മാത്രമാണു കോണ്‍ഗ്രസിനു ജയിക്കാനായത്. ജയിച്ചവരില്‍ ഒരാള്‍ ബി.ജെ.പിക്കൊപ്പം പോയി .
ഇത്തവണ ശക്തമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്.ഗ്രാമീണ ജനതയുടെ പിന്തുണ കുറവാണെങ്കിലും നാഗരികസ്വഭാവമുള്ള അഹമ്മദാബാദ് ബി.ജെ.പിയുടെ കൂടെയാണ്. വാഹനനിര്‍മാതാക്കളുടെയും നെയ്ത്തുശാലകളുടെയും കേന്ദ്രമായ അഹമ്മദാബാദ,് പട്ടേല്‍ സമുദായത്തിന് ഏറെ വേരോട്ടമുള്ള സ്ഥലമാണെന്നുള്ളത് കോണ്‍ഗ്രസിന് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണ്.
മുസ്‌ലിം വോട്ട് നിര്‍ണായകം
ഇത്തവണ 30ലേറെ സീറ്റുകളില്‍ ജയം നിര്‍ണയിക്കുക മുസ്‌ലിം വോട്ടര്‍മാരായിരിക്കും. സംസ്ഥാനത്തു 10 ശതമാനം മുസ് ലിംകളാണുള്ളതെങ്കിലും നിലവിലെ നിയമസഭയില്‍ വെറും രണ്ടുപേരാണു മുസ് ലിം പ്രതിനിധികളായുള്ളത്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇവര്‍ ജയിച്ചുകയറിയത്. മുസ് ലിം ജനസംഖ്യാനുപാതമനുസരിച്ചാണെങ്കില്‍ 182 അംഗ നിയമസഭയില്‍ 18 മുസ്‌ലിം ജനപ്രതിനിധികളെങ്കിലും ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍, ഏഴുപേരിലധികം ഇതുവരെ നിയമസഭയില്‍ എത്തിയിട്ടില്ല.
2012ല്‍ നിയമസഭാമണ്ഡലങ്ങളുടെ പുനഃസംഘടനയെത്തുടര്‍ന്ന് 36 സീറ്റുകളിലെങ്കിലും 13-14 ശതമാനത്തോളം മുസ്‌ലിം വോട്ടര്‍മാരുണ്ട്. അതുപോലെ 34 മണ്ഡലങ്ങളില്‍ 15 ശതമാനത്തിലധികം മുസ്‌ലിം വോട്ടര്‍മാരുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ 21 ഉം ബി.ജെ.പിയാണ് നേടിയിരുന്നത്. കോണ്‍ഗ്രസിനു ലഭിച്ചതാകട്ടെ 12 എണ്ണം മാത്രവും. എന്‍.സി.പിക്കായിരുന്നു ഒരു സീറ്റ്.
20 നിയമസഭാമണ്ഡലങ്ങളില്‍ 20 ശതമാനത്തിലധികം മുസ്‌ലിം വോട്ടര്‍മാരാണുള്ളത്. ഇതില്‍ മൂന്നുവീതം ഭറൂച്, കച്ച് ജില്ലകളിലാണ്. നാലെണ്ണം അഹമ്മദാബാദിലും. 2012ല്‍ ഈ സീറ്റുകളില്‍ 12ഉം ബി.ജെ.പി നേടി. കോണ്‍ഗ്രസിന് ലഭിച്ചത് എട്ടു സീറ്റും. ബി.ജെ.പി സ്ഥാനാര്‍ഥികളാരും മുസ്‌ലിംകളായിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ് രംഗത്തിറക്കിയത് ഏഴുപേരെ. മുസ്‌ലിംകളില്‍ രണ്ടുപേര്‍ നേരിയ മുന്‍തൂക്കത്തിലാണു വിജയിച്ചത്. അതേസമയം, മുസ്‌ലിംകള്‍ 61 ശതമാനത്തിലേറെയുള്ള അഹമ്മദാബാദിലെ ജമാല്‍പൂര്‍-ഖാദിയ സീറ്റുകള്‍ ബി.ജെ.പി നേടി. വേജാല്‍പൂര്‍, കാര്‍ജന്‍, വാഗ്ര എന്നിവിടങ്ങളിലും ബി.ജെ.പിയാണ് നേട്ടം കൊയതത്.
2014ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണു കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നത്. ജമാല്‍പൂര്‍-ഖാദിയ മണ്ഡലത്തില്‍ 2012ല്‍ 38.63 ശതമാനം വോട്ടുകള്‍ ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 33.54 ശതമാനം വോട്ടുമാത്രമേ നേടാനായിരുന്നുള്ളൂ. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 51.82 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പിക്ക് 43.24 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ. ഭറൂചില്‍ ബി.ജെ.പി നേടിയ വോട്ട് ശതമാനത്തില്‍ ഇതുവരെ ഇടിവുതട്ടിയിട്ടില്ലെന്നും എടുത്തുപറയേണ്ടതാണ്.
അതുപോലെ മുസ് ലിം ഭൂരിപക്ഷ വോട്ടര്‍മാരുള്ള 20 മണ്ഡലങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അവരുടെ വോട്ടു ശതമാനം കൂട്ടിയെന്നുള്ളത് കാണാതിരുന്നുകൂടാ. ഭറൂച് ജില്ലയിലെ ജംബുസാര്‍, വാഗ്ര, ഭറൂച് സീറ്റുകളില്‍ ബി.ജെ.പിക്ക് വോട്ട് ശതമാനം കുറഞ്ഞത് മനസിലാക്കിയാണ് ഇത്തവണ ഇവിടങ്ങളില്‍ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തി പ്രചാരണം നടത്തുന്നത്.
20ല്‍ മൂന്നിടത്തുമാത്രമാണ് ബി.ജെ.പിയേക്കാളേറെ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിനായത്. ജമാല്‍പൂര്‍-ഖാദിയ, ദാനിലിംദ, വാങ്കനെര്‍ എന്നിവ. 2012 നിയമസഭയില്‍ ദാനിലിംദയും വാങ്കനെറുമാണ് കൂട്ടത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നത്.
ഗോധ്രയില്ല, അയോധ്യയുണ്ട്
ഗോധ്ര ലഹളയൊന്നും ഗുജറാത്തില്‍ ഇന്നു തെരഞ്ഞെടുപ്പു വിഷയമല്ലാതായിരിക്കുന്നു. ഗോധ്രയിലേക്കുള്ള ചെറിയ നീക്കം പോലും വര്‍ഗീയവാദമുയര്‍ത്തി ബി.ജെ.പി തങ്ങള്‍ക്കനുകൂലമാക്കുമെന്നു കോണ്‍ഗ്രസിനറിയാം. മുസ്‌ലിം ന്യൂനപക്ഷത്തെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ചെറിയ തോന്നലുണ്ടാക്കുന്നതുപോലും ക്ഷീണമായേക്കുമെന്നു രാഹുലിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് നിശ്ചയമുണ്ട്.
പകരം മൃദുഹിന്ദുത്വകാര്‍ഡ് ഇറക്കിയും ഹിന്ദു വോട്ടുകളില്‍ പിളര്‍പ്പുണ്ടാക്കും വിധം ഹാര്‍ദിക്, അല്‍പേശ്, ജിഗ്നേഷ് മേവാനി എന്നിവരെ കൂട്ടിക്കെട്ടിയും ഒരുക്കിയ കോണ്‍ഗ്രസ് കെണി ഫലം കാണുമെന്ന പ്രതീക്ഷയിലാണവര്‍. ഇടയ്ക്ക് വര്‍ഗീയ കാര്‍ഡിറക്കാന്‍ മുസ്‌ലിം വിരുദ്ധ വിഡിയോകളും മറ്റും പ്രചരിപ്പിക്കാന്‍ ഹിന്ദു തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസോ മുസ്‌ലിം സമൂഹമോ ആ കെണിയില്‍പെട്ടില്ല.
അതോടെ വര്‍ഗീയകാര്‍ഡിനു നിറംമങ്ങി. വോട്ടെടുപ്പു ദിനമെത്തിയതോടെ തുറുപ്പുചീട്ടെന്ന മട്ടിലാണ് ഇപ്പോള്‍ അയോധ്യാവിഷയം പ്രസംഗവേദികളില്‍ ഉന്നയിക്കാന്‍ അമിത്ഷായും മോദിയും ശ്രമിക്കുന്നത്.
കണക്കുകള്‍
കാല്‍ലക്ഷത്തോളം വോട്ടുകള്‍ നേടിയ സീറ്റുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇത്തവണയും ജയിച്ചുകയറുമെന്നു വിലയിരുത്തിയാല്‍ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ചയ്ക്കു 37 സീറ്റുകള്‍ കൂടി നേടേണ്ടിവരും. സൗരാഷ്ട്ര മേഖലയില്‍ കടുത്ത പോരാട്ടം നടക്കുന്ന 25 സീറ്റുകളില്‍ 20 എണ്ണമെങ്കിലും നേടിയാല്‍ മധ്യ-ഉത്തരമേഖലകളില്‍ നിന്നു ലഭിക്കുന്ന സീറ്റുകള്‍ കൊണ്ട് ജയം പൂര്‍ണമാകും. അതേസമയം കോണ്‍ഗ്രസിന് 75 സീറ്റുകള്‍ നേടാനായെങ്കിലേ ബി.ജെ.പിയെ പുറത്താക്കാനാകൂ. ഇതിനു സൗരാഷ്ട്രയില്‍ പാര്‍ട്ടി 20ലേറെ സീറ്റു നേടുകയും ഉത്തര-മധ്യ ഗുജറാത്തില്‍ ശക്തമായ പോരാട്ടമുള്ള 36ല്‍ 30 എണ്ണത്തിലെങ്കിലും വിജയിക്കേണ്ടിയും വരും.
അപ്പോഴും 20ഓളം സീറ്റുകള്‍ ബി.ജെ.പിയില്‍നിന്നു പിടിച്ചെടുക്കേണ്ട അവസ്ഥയുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിഴുതുവീഴുന്ന തരത്തില്‍ ബി.ജെ.പിയുടെ വേരറുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഒന്‍പതിന് ആദ്യഘട്ടത്തില്‍ സൗരാഷ്ട്രയില്‍ വോട്ടെടുപ്പു നടക്കുമ്പോള്‍ രണ്ടാംഘട്ടത്തില്‍ നടക്കുന്ന മണ്ഡലങ്ങളിലേയ്ക്കു തന്ത്രങ്ങള്‍ മാറ്റിപ്പയറ്റി വിജയം നേടാനുള്ള ശ്രമവും ഇരു പാര്‍ട്ടികളും നടത്തുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."