ഓഖി ദുരന്തം: 180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം പത്തുനാള്‍ പിന്നിടുമ്പോഴും കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു. കണക്കുകളില്‍ ഏകോപനം ഉണ്ടാക്കുന്നതിനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. തിരച്ചിലില്‍ ഇന്നലെ ഒരു മൃതദേഹംകൂടി ലഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലുള്ള 11 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. രണ്ട് മൃതദേഹങ്ങള്‍ ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. തൂത്തുക്കുടി ജോര്‍ജ് റോഡ് ഫിഷര്‍മാന്‍ കോളനി ഡോര്‍ നമ്പര്‍ 269 വിന്‍സന്റിന്റെ മകന്‍ ജൂഡ് (42), അടിമലത്തുറ പ്രവീണ ഹൗസ് 10438 അല്‍ഫോണ്‍സ് മകന്‍ ആന്റണി (41) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അതിനിടെ, കാണാതായ 180 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപം പതിനേഴ് ബോട്ടുകളിലായി അകപ്പെട്ടവരെയാണ് നാവിക സേനയുടെ തിരച്ചിലില്‍ കണ്ടെത്തിയത്.
ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൊച്ചിയില്‍നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരള, ലക്ഷദ്വീപ് തീരത്തുണ്ട്. ഒരു കുടുംബത്തില്‍ നിന്നുള്ള 10 പേരടക്കം 16 പേരെ കാത്തിരിക്കുകയാണ് തിരുവനന്തപുരം അടിമലത്തുറ. പ്രിയപ്പെട്ടവര്‍ എത്തുമെന്ന പ്രതീക്ഷയില്‍ തീരത്തുതന്നെ കുടുംബാംഗങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്.
ഓഖി ദുരന്തത്തെ തുടര്‍ന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാവിക സേനയുടെ 12 കപ്പലുകളാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. എന്‍.എസ്.എസ് കല്‍പ്പേനി ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലാണ്. കൂടാതെ ചെന്നൈയില്‍നിന്നും മുംബൈയില്‍നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അഞ്ച് ബോട്ടുകളും നാവികസേനയുടെ നാല് ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കേരള തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ തിരച്ചില്‍ നടത്തി. രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളും ഒപ്പമുണ്ട്. ആളില്ലാതെ ഒഴുകി നടന്ന നാല് ബോട്ടുകള്‍ ഇന്നലെ കണ്ടെടുത്തു.
കണക്കിലെ അവ്യക്തത തുടരുന്നത് കടലോരവാസികളില്‍ പ്രതിഷേധം വര്‍ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി പറയുന്ന കണക്കില്‍നിന്ന് ഏറെ വ്യത്യസ്തതയുള്ളതാണ് ലത്തീന്‍ സഭയുടേത്. കടലില്‍പോയ മത്സ്യത്തൊഴിലാളികളില്‍ 97 പേരെ കാണാതായിട്ടുണ്ടെന്നാണ് ദുരന്തത്തെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍നിന്നു ലഭിക്കുന്ന വിവരം. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത് 96 പേരെ കാണാതായി എന്നാണ്. എന്നാല്‍, ചെറു വള്ളങ്ങളില്‍ കടലില്‍പോയ 103 പേരും വലിയ ബോട്ടുകളില്‍ പോയ 157 പേരും ഉള്‍പ്പെടെ 260 പേരെ കാണാതായിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസിന്റെ കണക്കുകള്‍ പറയുന്നത്. ലത്തീന്‍ കത്തോലിക സഭയുടെ കണക്കുകള്‍ പ്രകാരം ചെറുവള്ളങ്ങളില്‍ പോയ 101 പേരെയും വലിയ ബോട്ടുകളില്‍പോയ 184 പേരെയും കാണാതായിട്ടുണ്ടെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."