HOME
DETAILS

ഇടതുപക്ഷം തത്വങ്ങള്‍ ഉപേക്ഷിക്കുന്നത് ആര്‍ക്കു വേണ്ടി

  
backup
December 11 2017 | 00:12 AM

todays-article-cr-neelanakdan-on-cpm

 

അടുത്തസമയങ്ങളിലായി കേരളസര്‍ക്കാര്‍ എടുത്ത രണ്ടു സുപ്രധാന തീരുമാനങ്ങള്‍ കേരളത്തിന്റെ ഭാവി സംബന്ധിച്ചു ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നവയാണെന്നു പറയേണ്ടിയിരിക്കുന്നു. ചട്ടംലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങള്‍ക്കു പിഴ ഈടാക്കി അനുമതി നല്‍കുവാനുള്ള മന്ത്രിസഭാതീരുമാനമാണ് അതിലൊന്ന്. വ്യവസായസംരംഭകരെ സഹായിക്കാനെന്ന പേരില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരം ഉദ്യോഗസ്ഥരിലേക്കു ചുരുക്കുന്നതും കയറ്റിറക്കു തൊഴിലാളികളെ സ്ഥാപനങ്ങള്‍ക്കു സ്വയം നിശ്ചയിക്കാമെന്നതുമായ ഭേദഗതികള്‍ കൊണ്ടുവരുന്ന ഒരു ഗസറ്റ് വിജ്ഞാപനം വഴി വന്ന ഓര്‍ഡിനന്‍സാണു മറ്റൊന്ന്.


ഈ തീരുമാനങ്ങളുടെ രാഷ്ട്രീയ,സാമൂഹ്യ,പാരിസ്ഥിതിക മാനങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഇതു കൊണ്ടുവന്നത് ഒരു ഇടതുപക്ഷ സര്‍ക്കാരാണെന്നത് അതിന്റെ രാഷ്ട്രീയപ്രാധാന്യം കൂടുതലാക്കുന്നു.


അധികാരവികേന്ദ്രീകരണം, അഴിമതി കുറയ്ക്കല്‍, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷം നാളിതുവരെ എടുത്തുപോരുന്നു എന്നവകാശപ്പെടുന്ന എല്ലാ നയങ്ങളുടെയും എതിര്‍ദിശയിലാണ് ഈ തീരുമാനങ്ങള്‍. ഒരു സ്ഥാപനയുടമയ്ക്കു കയറ്റിറക്കിനു സ്വന്തം തൊഴിലാളികളെയോ യന്ത്രങ്ങളെയോ ആശ്രയിക്കാമെന്ന തീരുമാനം നാളിതുവരെ ഇടതുപക്ഷം ഏറെ എതിര്‍പ്പുകളുണ്ടായിട്ടും വാശിയോടെ പിന്തുടര്‍ന്ന തൊഴില്‍നയങ്ങളുടെ ലംഘനമാണ്.
ആദ്യം അതിന്റെ രാഷ്ട്രീയം പരിശോധിക്കാം. വികസനത്തിനും മൂലധന നിക്ഷേപങ്ങള്‍ക്കും തടസമാണ് ഇടതുപക്ഷമെന്ന ആരോപണമൊഴിവാക്കി കേരളത്തിന്റെ വളര്‍ച്ചയ്ക്കു തടസ്സമെന്ന് ഇക്കാലമത്രയും എതിരാളികള്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുവെന്നതാണ് ഇതിലെ പ്രധാന രാഷ്ട്രീയസന്ദേശം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വലതുപക്ഷം മുന്നോട്ടുവച്ചു പോരുന്ന വികസനസമീപനങ്ങള്‍ അംഗീകരിക്കാന്‍ ഇടതുപക്ഷം തയാറായിരിക്കുന്നു.


അധികാരവികേന്ദ്രീകരണത്തെ തങ്ങളുടെ പ്രധാന രാഷ്ട്രീയ അജന്‍ഡയായാണ് ഇടതുപക്ഷം പ്രചരിപ്പിച്ചു പോന്നത്. പാര്‍ലമെന്റ് പാസാക്കിയ 73, 74 ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന തദ്ദേശസ്വയംഭരണ സര്‍ക്കാരുകള്‍ക്ക് ഏറ്റവും കൂടുതല്‍ അധികാരവും ധനവും നല്‍കി പരിപാലിച്ചതു കേരളമാണെന്നും അതിനു കാരണമായത് 1996 മുതല്‍ കേരളം ഭരിച്ച ഇടതുപക്ഷമാണെന്നും അവര്‍ അവകാശപ്പെടുന്നു. കേന്ദ്ര,സംസ്ഥാന ബന്ധങ്ങളില്‍ അഴിച്ചുപണി നടത്തി സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരവും വിഭവങ്ങളും ലഭ്യമാക്കണമെന്നും ഇടതുപക്ഷം വാദിച്ചിരുന്നു.


സര്‍ക്കാരിയാ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ശക്തമായി വാദിച്ചതു പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാരായിരുന്നു. പിന്നീട് വാറ്റ് വന്നപ്പോഴും ഇപ്പോള്‍ ജി.എസ്.ടി നടപ്പിലാക്കിയപ്പോഴും അതിന്റെ പ്രചാരകരും നടത്തിപ്പുകാരുമായി അവര്‍ മാറി എന്ന വസ്തുത ആരും അത്ര ശ്രദ്ധിക്കാതെ പോയി. ഇവ രണ്ടും സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കുറവു വരുത്തുന്നവയാണെന്ന് അറിയുന്ന സാമ്പത്തിക വിദഗ്ധര്‍ തന്നെയാണ് ഇന്നും ഇടതുപക്ഷനയം രൂപീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


പക്ഷേ, കേവല പ്രത്യയശാസ്ത്ര വാശിക്കപ്പുറം തല്‍ക്കാലം സംസ്ഥാനത്തിനു സാമ്പത്തികനേട്ടമുണ്ടാക്കുന്ന നയങ്ങളെ പിന്തുണക്കുകയെന്ന പ്രായോഗികതയാണ് അവര്‍ക്കിതില്‍ സ്വീകാര്യമായത്. ഇപ്പോള്‍ കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിനുള്ള പ്രധാനകാരണം ജി.എസ്.ടി അടക്കമുള്ള നയങ്ങളാണെന്നു തുറന്നുപറയാന്‍ കഴിയാത്ത വിധത്തില്‍ അതിനെ ന്യായീകരിച്ചവരായി അവര്‍ മാറി.


അധികാരവികേന്ദ്രീകരണത്തിന്റെ പ്രായോഗികരൂപമെന്ന നിലയില്‍ ഒമ്പതാം പഞ്ചവത്സരപദ്ധതി നടപ്പാക്കിയപ്പോള്‍ കൊടുത്ത മുദ്രാവാചകം 'അധികാരം ജനങ്ങളിലേക്ക് ' എന്നതായിരുന്നല്ലോ. പദ്ധതിവിഹിതത്തിന്റെ മൂന്നിലൊന്നു തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കായി ആദ്യമായി ഇന്ത്യയില്‍ നീക്കിവച്ചതു കേരളത്തിലാണ്. അത്തരമൊരു സന്ദര്‍ഭം എന്നെപ്പോലുള്ളവര്‍ക്ക് ഏറെ ആവേശം നല്‍കി. ജനകീയാസൂത്രണം വഴി തെറ്റായ വികസനസങ്കല്‍പ്പങ്ങളെ തിരുത്താന്‍ ജനകീയ ഇടപെടല്‍ വഴി കഴിയുമെന്നു വിശ്വസിച്ചു. ആ പദ്ധതിയുടെ പ്രചാരകനായി മാറാന്‍ അതാണു കാരണം.


അന്നുതന്നെ പല സംശയങ്ങളും ഉയര്‍ന്നുവന്നതാണ്. ഇതു നടപ്പാക്കേണ്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുമേല്‍ കക്ഷിരാഷ്ട്രീയം പിടിമുറുക്കുകയെന്നതാണ് ഒന്നാമത്തെ ഭയം. നമ്മുടെ എല്ലാ കക്ഷികളും മേലേയ്ക്കു പോകുന്തോറും അധികാരം കൂടുതലാകുന്ന ഘടനയുള്ളവയാണ്. പക്ഷേ, ഈ പദ്ധതിയില്‍ ഏറ്റവും താഴെത്തട്ടിലാണ് അധികാരം. ഗ്രാമപഞ്ചായത്തില്‍ ഒരു പദ്ധതി നടപ്പാക്കാന്‍ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകള്‍ക്കു ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം വേണം. പക്ഷേ, പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റികള്‍ക്കു കീഴ്ഘടകങ്ങള്‍ക്കു മേല്‍ അധികാരവുമുണ്ട്. ഇതു വലിയ സംഘര്‍ഷങ്ങള്‍ക്കിട വരുത്തുമെന്നായിരുന്നു ഭയം.


മേല്‍ത്തട്ടില്‍ മാത്രം തീരുമാനമെടുക്കുമ്പോള്‍ സുതാര്യത കുറയും. തീരുമാനം താഴേത്തട്ടിലാകുമ്പോള്‍ ആ പ്രശ്‌നം കുറയും. അതുവഴി അഴിമതി കുറയുമെന്നായിരുന്നു വിശ്വാസം. അനുഭവത്തില്‍ ഇതുണ്ടായില്ലെന്നതു മറ്റൊരു കാര്യം. അഴിമതി ഏറ്റവും താഴെത്തട്ടുവരെ വ്യാപിച്ചു. അഴിമതിയുടെ വികേന്ദ്രീകരണമാണു നടക്കുന്നതെന്ന ആരോപണം ശക്തമായി. ഓംബുഡ്‌സ്മാന്‍ പോലുള്ള സംവിധാനങ്ങള്‍ നോക്കുകുത്തിയായി. കക്ഷിരാഷ്ട്രീയം എല്ലാ അഴിമതിക്കും സംരക്ഷണം നല്‍കി.


ഇതു പറയുമ്പോഴും തീരെ പ്രതീക്ഷിക്കാത്ത മറ്റൊന്നു സംഭവിച്ചുവെന്നു പിന്നീടു മനസ്സിലായി. ഔപചാരിക അധികാരഘടനയ്ക്കു പുറത്തുള്ള സാധാരണജനങ്ങള്‍ സ്വന്തം അധികാരം പ്രയോഗിക്കാന്‍ തുടങ്ങി. ഒട്ടനവധി ജനകീയ സമരമുഖങ്ങളില്‍ അതു കണ്ടു. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വന്നപ്പോള്‍ അതിനെതിരേ പ്രാദേശികജനത തുടങ്ങിയ സമരം അന്താരാഷ്ട്രമാനം നേടിയതിനു പിന്നില്‍ അധികാരവികേന്ദ്രീകരണമെന്ന സങ്കല്‍പ്പത്തിനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല.


സംസ്ഥാന സര്‍ക്കാരിനു മേല്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കു വലിയ സ്വാധീനം ചെലുത്താന്‍ കഴിയില്ല. എന്നാല്‍, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കു ജനവികാരം തള്ളിക്കളയാന്‍ കഴിയില്ല. മുകളില്‍ നിന്നുള്ള പാര്‍ട്ടി തീരുമാനമെന്ന രീതിയില്‍ തെറ്റായ പ്രവണതകളെ ന്യായീകരിക്കാന്‍ കഴിയില്ല. ഫലമോ. മിക്കയിടത്തും പാര്‍ട്ടി അച്ചടക്കം ലംഘിച്ചും ജനപ്രതിനിധികള്‍ക്കു നിലപാടെടുക്കേണ്ടി വന്നു. അത്തരം നൂറു കണക്കിനു സന്ദര്‍ഭങ്ങള്‍ എനിക്കു നേരിട്ടറിയാം.


ഭരിക്കുന്ന കക്ഷി തീരുമാനമെടുത്താലും ജനങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ തദ്ദേശജനപ്രതിനിധികള്‍ ധിക്കരിക്കും. പാര്‍ട്ടികളുടെ ഉരുക്കുപോലുറച്ച ഘടന തകരും. തദ്ദേശഭരണം വന്‍ അഴിമതി സാധ്യതയാകുമ്പോള്‍ അതില്‍ സ്ഥാനം കിട്ടാനും വലിയതോതില്‍ പണം മുടക്കാനും നേതാക്കള്‍ തയാറാകും.
പാര്‍ട്ടികളെ ധിക്കരിച്ചും അവര്‍ മത്സരിക്കും. പ്രാദേശികപ്രശ്‌നങ്ങള്‍ മൂലം എല്ലാ പാര്‍ട്ടികളെയും മുന്നണികളെയും തള്ളി സമരസമിതിയുടെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ജയിച്ച അനുഭവങ്ങളും കുറവല്ല. ഇതെല്ലാംതന്നെ തീരുമാനങ്ങളെടുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു മേലുള്ള ജനകീയസമ്മര്‍ദം വര്‍ധിപ്പിക്കും. ഗ്രാമസഭകള്‍ ശക്തിപ്പെടുന്ന സന്ദര്‍ഭങ്ങളും കുറവല്ല. പ്രശ്‌നങ്ങള്‍ കാര്യമായി ഇല്ലാത്തിടങ്ങളില്‍ ഗ്രാമസഭകള്‍ ശക്തിയുള്ള കക്ഷികള്‍ നിയന്ത്രിക്കും.


ഒരു ദുരന്തം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണു നിയമം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിക്കുന്നത്. സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഉണ്ടാക്കിയതാണു പല നിയമങ്ങളും നിയന്ത്രണങ്ങളും. അവയൊന്നും പാലിക്കാത്ത കെട്ടിടങ്ങള്‍ക്കു അനുമതി നല്‍കുക വഴി സുരക്ഷാമാനദണ്ഡം ലംഘിക്കപ്പെടുന്നു.


ഭൂവിസ്തീര്‍ണവും കെട്ടിടവിസ്തീര്‍ണവും തമ്മിലുള്ള അനുപാതം വളരെ നിര്‍ണായകമാണ്. ഭൂചലനമോ തീപിടിത്തമോ ഉണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനാവശ്യമായ സ്ഥലം വേണം. അതാണ് ഇല്ലാതാകുന്നത്.
പുതിയ ഭേദഗതിയനുസരിച്ച് പഞ്ചായത്തില്‍ ഒരു സ്ഥാപനമാരംഭിക്കാന്‍ അപേക്ഷ കിട്ടിയാല്‍ ആരോടും ചോദിക്കാതെ സെക്രട്ടറിയെന്ന ഉദ്യോഗസ്ഥന് അനുമതി നല്‍കാം. ജനകീയഭരണസമിതിയുടെ അംഗീകാരം വേണ്ട. നിക്ഷേപകനുണ്ടാകുന്ന കാലതാമസമൊഴിവാക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ഈ നിയമം അക്ഷരാര്‍ത്ഥത്തില്‍ അധികാരവികേന്ദ്രീകരണമെന്ന സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്.
പ്ലാച്ചിമടയില്‍ ജനകീയസമരം ശക്തിപ്പെട്ടപ്പോള്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. നിയന്ത്രിതമായി ജലമൂറ്റി കമ്പനി നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതു പ്രവര്‍ത്തന നിബന്ധന തയാറാക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടായിരുന്നതിനാലാണ്. അവര്‍ വച്ച ജനപക്ഷ, പരിസ്ഥിതിസൗഹൃദ നിബന്ധന പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ കമ്പനിക്കു കഴിയുമായിരുന്നില്ല.


സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തീരുമാനമെടുക്കുന്ന സമ്പ്രദായമാണെങ്കില്‍ എന്താകും അവസ്ഥയെന്നറിയാന്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കാര്യമെടുക്കാം.
കടുത്തതോതില്‍ മലിനീകരണം നടത്തുന്ന ഒരു സ്ഥാപനംപോലും അടച്ചുപൂട്ടാന്‍ അവര്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പ്ലാച്ചിമടയില്‍ത്തന്നെ സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലഗവേഷണസ്ഥാപനം കമ്പനിക്കു പ്രവര്‍ത്തിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയായിരുന്നു.
ഇടക്കിടെ ലക്ഷക്കണക്കിനു മത്സ്യങ്ങള്‍ ചത്തുപൊന്തുന്ന, പല നിറങ്ങളില്‍ ഒഴുകുന്ന പെരിയാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിളപ്പില്‍ശാലയടക്കമുള്ള നിരവധി ഇടങ്ങളില്‍ നഗരമാലിന്യംകൊണ്ടു തള്ളി ജനജീവിതം ദുസ്സഹമാക്കിയപ്പോഴും മലിനീകരണനിയന്ത്രണബോര്‍ഡ് കണ്ണടച്ചുനിന്നു. സര്‍ക്കാരിന്റെ കീഴിലുള്ള റവന്യൂ, ജിയോളജി ,അഗ്നിശമന വിഭാഗങ്ങളുടെ കാര്യവും മറ്റൊന്നല്ല.


പലയിടത്തും തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നു. ഈ അവസ്ഥയാണു വികസനത്തിനും മൂലധനനിക്ഷേപങ്ങള്‍ക്കും തടസ്സമായി നില്‍ക്കുന്നതെന്നാണു സര്‍ക്കാര്‍ പറയുന്നത്. അതുതന്നെയാണ് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനവും.
അപേക്ഷ നല്‍കിയാല്‍ അനുമതി നല്‍കാന്‍ കാലതാമസമുണ്ടാകുന്നതു ഭരണസമിതികളുടെ കാര്യക്ഷമതക്കുറവു കൊണ്ടല്ല. താമസം വരാതിരിക്കാന്‍ നിര്‍ബന്ധിക്കാം. അതിനു പകരം ആ അധികാരംതന്നെ ഇല്ലാതാക്കുന്നത് തലവേദനയില്ലാതാക്കാന്‍ തല വെട്ടിക്കളയുന്നതുപോലെയാണ്.
ഇതിനു പിന്നില്‍ വന്‍ അഴിമതി സാധ്യതയുണ്ടെന്ന സത്യവും ഒളിച്ചുവയ്ക്കാന്‍ കഴിയില്ല. മന്ത്രിസഭയുടെ അധികാരം ചീഫ് സെക്രട്ടറിക്കു നല്‍കുന്നതുപോലെയാണത്. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം എടുക്കുന്നതു പോലെ തെറ്റാണത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരാണത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  14 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  14 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago