ലയണ്‍സ് ക്ലബിന്റെ റിലീവിങ് ഹംഗര്‍ പദ്ധതിക്ക് തുടക്കം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരി നഗരത്തില്‍ വിവിധ ആവശ്യങ്ങള്ക്കെത്തുകയും, കയ്യില്‍ പണമില്ലാതെ വിശന്നിരിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥക്ക് പരിഹാരമാകുന്നു. എല്ലാവര്ക്കും ഭക്ഷണ സമൃദ്ധിയൊരുക്കാന്‍ ലയണ്‍സ് ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന റിലീവിങ് ഹംഗര്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഇതോടൊപ്പം വനിതകള്‍ക്ക് മാത്രമായുള്ള ഹോമിയോ മെഡിക്കല്‍ ക്യാംപ് സൗജന്യ മരുന്ന് വിതരണം, അശരണരായ നാല് വനിതകള്‍ക്ക് പ്രതിമാസം 500 രൂപ പെന്ഷന് നല്കുന്ന പെന്ഷന് പദ്ധതി, എന്‍ഗേജിങ് യൂത്ത് പദ്ധതിയുടെ ഭാഗമായി എല്‍.ഡി.സി പരീക്ഷക്കുള്ള പി.എസ്.സി കോച്ചിങ് ക്ലാസ് എന്നീ പദ്ധതികള്‍ക്കും തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരത്തിലെ ഒരു കാന്റീനുമായി സഹകരിച്ചാണ് റിലീവിങ് ഹംഗര്‍ പദ്ധതി നടപ്പിലാക്കുക. ഇതിന് വേണ്ടി പ്രത്യേക കൂപ്പണും ഏര്‍പ്പെടുത്തും. ഈ കൂപ്പണുമായി നിര്‍ദ്ദിഷ്ഠ കാന്റിനിലെത്തിയാല് സൗജന്യമായി ഭക്ഷണം ലഭിക്കുന്നതാണ് പദ്ധതി. തൃശൂര്‍ നഗരത്തിലാണ് ആദ്യം ഭക്ഷണ വിതരണം നടക്കുക. ഇതിന് വേണ്ടി ഒരു കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കല്‍ അധ്യക്ഷനായി. ഡോ: കെ.എ ശ്രീനിവാസന്, ടോബി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പെന്ഷന് വിതരണം നടത്തി. കെ.രഞ്ജു, അഡ്വ. എല്‍ദോ പൂക്കുന്നേല്‍, ഭാരവാഹികളായ യു.കരുണാകരന്, മണികണ്ഠന്, തോമാസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."