സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് മെഡലില്ലാ ദിനം
സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളം വെറും കൈയോടെ ട്രാക്ക് വിട്ടു. ഇന്നലെ നടന്ന ഫൈനലുകളില്‍ കേരളം മെഡല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ആണ്‍കുട്ടികളുടെ 500 മീറ്റര്‍ നടത്തം, ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ട്, പെണ്‍കുട്ടികളുടെ ലോങ് ജംപ് എന്നീ ഇനങ്ങളില്‍ കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പോള്‍ വാള്‍ട്ട് താരങ്ങള്‍ക്കാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഈ ഇന ത്തില്‍ മത്സരിച്ച കേരളത്തിന്റെ മുഹമ്മദ് ഷഹിനൂര്‍ നാലാം സ്ഥാനത്തെത്തിയത് മാത്രമാണ് ഏക ആശ്വാസം.
ആണ്‍കുട്ടികളുടെ നടത്തത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന കേരളത്തിന്റെ അഭിജിത്തിനും നിധീഷിനും ഏഴും എട്ടും സ്ഥാനം മാത്രമാണ് നേടാനായത്. ഈ ഇനത്തില്‍ ഹരിയാനയുടെ ജുനൈദ് 20.20.4 സെക്കന്‍ഡ് സമയത്തില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പഞ്ചാബിന്റെ ആകാശ്ദീപ് സിങ് രണ്ടാം സ്ഥാനം നേടി.
പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ മത്സരിച്ച കേരളത്തിന്റെ ലിസ്ബത് കരോലിനും നിരാശപ്പെടുത്തി. ഈ ഇനത്തില്‍ തെലങ്കാനയുടെ രവാദ കുസുമ, ദീപന്‍ഷി സിങ് എന്നിവര്‍ക്കാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും. ഒഡിഷയുടെ മനിഷ മെറില്‍ വെങ്കലം നേടി.
ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ഇന്നലെ ദേശീയ റെക്കോര്‍ഡ് പിറന്നു. പഞ്ചാബിന്റെ ദംനീത് സിങാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 70.06 മീറ്റര്‍ എറിഞ്ഞാണ് ദംനീത് സിങ് സ്വന്തം ദേശീയ റെക്കോര്‍ഡ് തന്നെ മെച്ചപ്പെടുത്തിയത്. ഈ വര്‍ഷം താരം തന്നെ സ്ഥാപിച്ച 65.29 എന്ന റെക്കോര്‍ഡാണ് പുതിയ ദൂരത്തിലൂടെ തിരുത്തിയത്.
ആണ്‍കുട്ടികളുടെ ഷോട് പുട്ടില്‍ കര്‍ണാടകയുടെ ആശിഷ് ബലോത്തിയ 17.87 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം സ്വന്തമാക്കി. 17.69 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ മോഹിത് രണ്ടാം സ്ഥാനവും ഹരിയാനയുടെ തന്നെ സത്യാവന്‍ വെങ്കലവും സ്വന്തമാക്കി.
വേഗ താരത്തെ ഇന്നറിയാം
ഇന്ന് 16 ഇനങ്ങളിലാണ് ഫൈനല്‍ അരങ്ങേറുന്നത്. ഗ്ലാമര്‍ പോരാട്ടമായ 100 മീറ്റര്‍ ഇന്ന് നടക്കും. പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തം, ഹാമര്‍ ത്രോ, പോള്‍ വാള്‍ട്ട്, ഹൈ ജംപ്, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍, 400 മീറ്റര്‍, 100 മീറ്റര്‍, 4- 400 മീറ്റര്‍ റിലേ, ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍, ലോങ് ജംപ്, 400 മീറ്റര്‍, 100 മീറ്റര്‍, 4- 400 മീറ്റര്‍ റിലേ ഇനങ്ങളില്‍ ഇന്ന് ഫൈനല്‍ നടക്കും.
കായികം വീട്ടുകാര്യം
ഹാമര്‍ ത്രോയില്‍ തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തി 70.60 പുതിയ ദൂരം സ്ഥാപിച്ച പഞ്ചാബുകാരനായ ദംനീത് സിങ് മത്സരിച്ച മൂന്ന് ദേശീയ മീറ്റിലും സ്വര്‍ണം നേടി ഭാവിയിലെ താരമാണെന്ന് വീണ്ടും ബോധ്യപ്പെടുത്തി. 2015ല്‍ കേരളത്തില്‍ മീറ്റിലും, 2016ല്‍ പൂനെയില്‍ നടന്ന മീറ്റിലുമായിരുന്നു നേരത്തെയുള്ള നേട്ടങ്ങള്‍. ഈ വര്‍ഷം കെനിയയില്‍ നടന്ന ലോക യൂത്ത് അത്‌ലറ്റിക് മീറ്റില്‍ 74.20 ദൂരം എറിഞ്ഞ് ഇന്ത്യക്കായി ദംനീത് വെള്ളിയും നേടിയിട്ടുണ്ട്.
ബല്‍ദേവ് സിങ്ങിന്റെയും ഗൗരിശ് കൗറിന്റെയും മകന് സ്‌പോര്‍ട്‌സ് വീട്ടുകാര്യം കൂടിയാണ്. ദംനീതിന്റെ അനുജന്‍ ദബാശിഷ് സിങ് പോള്‍ വാള്‍ട്ട് താരമാണ്. മത്സരത്തിനിടെ പരുക്കേറ്റതിനാല്‍ ദബാശിഷ് പിന്‍മാറിയത് മാത്രമാണ് അവരുടെ നിരാശ. ദംനീതിന്റെ പിതാവുംമികച്ചൊരു അത്‌ലറ്റാണ്. 2010 ചൈനയില്‍ നടന്ന വെറ്ററന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പോള്‍ വാള്‍ട്ടില്‍ വെങ്കല മെഡല്‍ സ്വന്തമാക്കാന്‍ ബല്‍ദേവ് സിങിന് സാധിച്ചിരുന്നു. തന്നെ എല്ലാ മത്സരങ്ങള്‍ക്കും ഒരുക്കുന്നത് പിതാവും പരിശീലകന്‍ ഡോ. സുഖ്‌ദേവ് സിങുമാണെന്ന് ദംനീത് പറഞ്ഞു. മത്സരവും പരിശീലനവും എവിടെയായാലും പിതാവും തന്റെ കൂടെയുണ്ടാകാറുണ്ടെന്നും ദംനീത് വ്യക്തമാക്കി. മാര്‍ച്ചില്‍ നടക്കുന്ന ലോക യൂത്ത് ചാപ്യംഷിപ്പിനായി മകനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പിതാവ്. ഹാമര്‍ ത്രോയില്‍ ഒളിംപിക്‌സ് മെഡലാണ് തന്റെയും മകന്റെയും ലക്ഷ്യമെന്ന് ബല്‍ദേവ് പറഞ്ഞു.
ഈ സ്വര്‍ണത്തിനും മലയാളി ടച്ച്
സായിയുടെ ഹൈ പെര്‍ഫോമന്‍സ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മലയാളി പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജായിരുന്നു ഇന്നലെ താരം. ലോങ് ജംപില്‍ റോബര്‍ട്ട് ബോബി ജോര്‍ജ് പരിശീലിപ്പിച്ച രണ്ട് താരങ്ങള്‍ പിറ്റില്‍ നിന്ന് മടങ്ങിയത് സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 5.75 മീറ്റര്‍ ചാടി തെലങ്കാനയുടെ രവാദ കുസുമ സ്വര്‍ണം നേടിയപ്പോള്‍ 5.74 മീറ്റര്‍ ചാടി കര്‍ണാടകയുടെ ദീപാന്‍ഷി സിങിനാണ് വെള്ളി. കുറ ച്ച് ദിവസങ്ങള്‍ മാത്രമാണ് താരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കിലും ഇതിലും മികച്ച ദൂരം താരങ്ങള്‍ക്ക് കണ്ടെത്താമായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. സ്‌കൂള്‍ തലത്തിലെ മത്സരം കഴിഞ്ഞാല്‍ കായിക രംഗം ഉപേക്ഷിക്കുന്ന രീതി മാറ്റി 25 വയസിനുള്ളില്‍ തന്നെ താരങ്ങളെ ഒളിംപിക്‌സിന് യോഗ്യത നേടാനാകുന്ന തരത്തിലേക്ക് ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."