സൈബര്‍ ആക്രമണം: നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ പിടിയില്‍
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി പാര്‍വതി നല്കിയ പരാതിയില്‍ ഒരാള്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കൊച്ചി പൊലിസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പൊലിസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും എറണാകുളം റെയ്ഞ്ച് ഐ.ജി പി. വിജയനും കഴിഞ്ഞ ദിവസമാണ് പാര്‍വതി പരാതി നല്‍കിയത്. ഐ.ജിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സൗത്ത് പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രിന്റോയ്ക്കെതിരെ സൈബര്‍ നിയമപ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.
അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരങ്ങള്‍ ഉള്‍പ്പടെയാണ് പാര്‍വതി പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നതായും പരാതിയില്‍ പറയുന്നു.
കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വതി ഐ.എഫ്.എഫ്.കെയുടെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ ഒരുവിഭാഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."