മെഡല്‍ പ്രതീക്ഷയുമായി ശ്രീകാന്ത് ഇന്നിറങ്ങും
റിയോ ഡി ജനീറോ: ദിനം പ്രതി മെഡല്‍ പ്രതീക്ഷ തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് പ്രതീക്ഷയായി ബാഡ്മിന്റണ്‍. പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്ത് മെഡല്‍ സാധ്യത വര്‍ധിപ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഇന്നാണ് താരത്തിന്റെ നിര്‍ണായക മത്സരം. സൈന നേഹ്‌വാളിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിയെ തുടര്‍ന്ന് നിരാശയിലായ ഇന്ത്യക്ക് ശ്രീകാന്തിന്റെ അപ്രതീക്ഷിത നേട്ടം വീണ്ടും മെഡല്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.
സ്വീഡിഷ് താരം ഹെന്റി ഹര്‍സ്‌കെയ്‌നന്‍, മെക്‌സിക്കോയുടെ ലിനോ മുനോസ് എന്നിവരെ പരാജയപ്പെടുത്തി ഗ്രൂപ്പ് എച് ചാംപ്യനായിട്ടാണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ യോര്‍ഗെന്‍സനെയാണ് ശ്രീകാന്ത് വീഴ്ത്തിയത്. ലോക അഞ്ചാം നമ്പര്‍ താരത്തിനേതിരേ ഇഞ്ചോടിഞ്ച് പോരാടിയാണ് ശ്രീകാന്ത് ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ തുടക്കത്തിലെ ലീഡെടുത്ത ശ്രീകാന്ത് ഇടയ്ക്ക് പിഴവുകള്‍ വരുത്തി എതിരാളിക്ക് തിരിച്ചുവരവിനു അവസരം നല്‍കി. എന്നാല്‍ മികച്ച റിട്ടേണുകളോടെ താരം 21-19ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ യോര്‍ഗെന്‍സന്‍ അനായാസം തിരിച്ചുവന്നു. 10-8ന് ലീഡെടുത്തു. എന്നാല്‍ അത്ഭുത പ്രകടനത്തോടെ എതിരാളിയെ ഞെട്ടിച്ച ശ്രീകാന്ത് 21-19ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനാണ് ശ്രീകാന്തിന് ക്വാര്‍ട്ടറില്‍ എതിരാളി. യോര്‍ഗെന്‍സനെ വീഴ്ത്തിയതോടെ പി കശ്യപിന് ശേഷം ഒളിംപിക്‌സ് പുരുഷ വിഭാഗം ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കാന്‍ ശ്രീകാന്തിന് സാധിച്ചു.
അതേസമയം കടുത്ത എതിരാളിയാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന് ലഭിച്ചിരിക്കുന്നത്. മൂന്നാം റാങ്ക് താരമായ ലിന്‍ ഡാന്‍ രണ്ടു തവണ ഒളിംപിക് ജേതാവും അഞ്ചു തവണ ലോക ജേതാവുമായ താരമാണ്. 2014ലെ ചൈനീസ് ഓപണില്‍ ലിന്‍ ഡാനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടം ചൂടിയത്. എന്നാല്‍ സ്ഥിരതയില്ലായ്മ താരത്തിനു തിരിച്ചടിയാണ്.
ബാഡ്മിന്റണ്‍ താരങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് കോച്ച് പുല്ലേല ഗോപീചന്ദ് പറഞ്ഞു. പ്രമുഖ താരങ്ങള്‍ ആദ്യ റൗണ്ടില്‍ തോറ്റതും ഇക്കാരണത്താലാണ്. സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ ശ്രീകാന്തിനു പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഗോപീചന്ദ് കൂട്ടിച്ചേര്‍ത്തു.
ക്വാര്‍ട്ടറില്‍ ജയിക്കാനാവുമെന്ന് ശ്രീകാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ചൈനീസ് ഓപണില്‍ ലിന്‍ ഡാനെ വീഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ ബലഹീനതകള്‍ നന്നായറിയാം. ഇതു മുതലെടുത്ത് മുന്നേറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."