'ഇതിനുള്ള ശിക്ഷ ലഭിക്കാതെ പോകില്ല' ഇസ്‌റാഈലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാനും ഹിസ്ബുല്ലയും
'ഇതിനുള്ള ശിക്ഷ ലഭിക്കാതെ പോകില്ല' ഇസ്‌റാഈലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാനും ഹിസ്ബുല്ലയും
ബെയ്‌റൂത്ത്: ഹമാസ് രാഷ്ട്രീയവിഭാഗം ഉപാധ്യക്ഷന്‍ സാലിഹ് അല്‍ അരൂരിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇസ്‌റാഈലിന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി ഫലസ്തീന്‍ സംഘടനകള്‍ക്ക് പുറമെ ഹിസ്ബുല്ലയും ഹൂത്തികളും ഇറാനും. ഈ പ്രവര്‍ത്തിക്ക് ശിക്ഷ ലഭികാകതെ പോകുമെന്ന് കരുതേണ്ടെന്നാണ് മുന്നറിയിപ്പ്. അമേരിക്കയും കൂട്ടാളികളും ചെറുത്തുനില്‍പ്പ് വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്നാണ് ഇറാന്റെ താക്കീത്. ഇതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോകം.
ദക്ഷിണ ബെയ്‌റൂത്തിലെ മശ്‌റഫിയ്യയില്‍ ഹമാസ് ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ ആറൂരി ഉള്‍പ്പെടെ 3 നേതാക്കളാണ് കൊല്ലപ്പെട്ടത്. അല്‍ഖസ്സാം കമാണ്ടര്‍മാരായ സാമിര്‍ ഫന്‍ദി, അസ്സാം അല്‍ അഖ്‌റ എന്നിവരും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ലബനാന്‍ തലസ്ഥാനത്ത് ഹിസ്ബുല്ല അടക്കം സംഘടനകളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഇസ്‌റാഈല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്.
കുറച്ചു കാലമായി ലബനാന്‍ കേന്ദ്രീകരിച്ചായിരുന്നു സാലിഹ് അല്‍ അരൂരിയുടെ പ്രവര്‍ത്തനം. ഒക്ടോബര്‍ ഏഴിന് ശേഷം ഹമാസ് വക്താവായി വിഷയങ്ങള്‍ പുറംലോകത്തോട് പങ്കുവെച്ചിരുന്നത് അദ്ദേഹമായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രധാനിയും നിലവില്‍ ഹമാസ് രാഷ്ട്രീയ ഉപനേതാവുമായ അദ്ദേഹം ഏറെക്കാലമായി ഇസ്‌റാഈലിന്റെ ലക്ഷ്യമായിരുന്നു.
ഹമാസ് നേതാക്കളെ ഗസ്സയിലും ഫലസ്തീന് പുറത്തും ഇല്ലാതാക്കുമെന്ന് അടുത്തിടെ ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ മണ്ണില്‍ തങ്ങളേയോ മറ്റേതെങ്കിലും സംഘടനാ നേതാക്കളേയോ ലക്ഷ്യമിട്ടാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല തിരിച്ചടിച്ചു. ലബനാനുനേരെയുള്ള ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബൈറൂത്തില്‍ ഹമാസ് മുതിര്‍ന്ന നേതാവിന്റെ വധം സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമാകും. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യും.
അരൂരിയുടെ വധത്തോടെ യുദ്ധമുഖം മാറുമെന്ന് ആശങ്കയും ശക്തമാണ്. ഹമാസ് നേതാവിന്റെ വധത്തെ കുറിച്ച് പരസ്യ പ്രതികരണത്തിന് ഇസ്‌റാഈലും അമേരിക്കയും തയാറായിട്ടില്ല. ആരും ഒന്നും പ്രതികരിക്കരുതെന്ന് മന്ത്രിമാര്‍ക്ക് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. അമേരിക്കയെ മുന്‍കൂട്ടി അറിയിക്കാതെയാണ് അരൂരിയെ കൊലപ്പെടുത്തിയതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരൂരി യു.എസ് ഭീകരപ്പട്ടികയില്‍ പെട്ടയാളുമാണ്. 50 ലക്ഷം ഡോളറാണ് അദ്ദേഹത്തെ കുറിച്ച സൂചന നല്‍കുന്നവര്‍ക്ക് യു.എസ് വിലയിട്ടിരുന്നത്.
ഹമാസ് പ്രമുഖരില്‍ ഇസ്‌റാഈല്‍ ലക്ഷ്യം വെക്കുന്ന ആദ്യത്തെയാളല്ല അരൂരി. ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‌യ അയ്യാശിനെ 1996ല്‍ വധിച്ചാണ് തുടക്കം. 2002ല്‍ എഫ്16 യുദ്ധവിമാനം നടത്തിയ ആക്രമണത്തില്‍ ശൈഖ് സലാഹ് ശഹാദയും 2004ല്‍ യുദ്ധ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ശൈഖ് അഹ്മദ് യാസീനും കൊല്ലപ്പെട്ടു. അതേ വര്‍ഷം, ഉപസ്ഥാപകന്‍ അബ്ദുല്‍ അസീസ് റന്‍തീസിയും 2006ല്‍ സായുധ വിഭാഗം നേതാവ് നബില്‍ അബൂസല്‍മിയയും ഇസ്‌റാഈല്‍ ആക്രമണത്തിനിരയായി. ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്‌റാഈലിന് ഒക്ടോബര്‍ ഏഴിന് ശേഷം ഒരു ബന്ദിയെ പോലും മോചിപ്പിക്കാനായിരുന്നില്ല. ഇതോടെയാണ്, ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളെയും ലക്ഷ്യമിടുമെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചത്.
അതിനിടെ, ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇന്നലെ മാത്രം 207 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം. ആക്രമണം പൂര്‍ണമായി നിര്‍ത്താതെ ബന്ദിമോചന ചര്‍ച്ചക്കില്ലെന്ന് ഹമാസ് നേതൃത്വം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. എല്ലാ പ്രതികൂലതകള്‍ക്കിടയിലും ഗസ്സയില്‍ ചെറുത്തുനില്‍പ്പ് അജയ്യമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."