കൊലക്കുടുക്കായി മാറുന്ന കുടുംബം
പി.കെ.സലാം
സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം 2016 മുതൽ കുറഞ്ഞുവരികയായിരുന്നത്2020നുശേഷം ഗതി മാറി. കേരള പൊലിസിന്റെ ഔദ്യോഗിക കണക്കിൽ 2016ൽ ആകെ കുറ്റകൃത്യങ്ങൾ 707870 ആയിരുന്നത് 2022ൽ 454836 ആയി കുറഞ്ഞിട്ടുണ്ട്. പക്ഷേ ഈ കുറവ് പ്രത്യേക നിയമമനുസരിച്ച കുറ്റങ്ങളുടെ കാര്യത്തിലാണ് കൂടുതൽ പ്രകടം. കൊല, കൊള്ള, കൊള്ളിവയ്പ്പ് തുടങ്ങിയ കുറ്റങ്ങൾ വരുന്ന ഐ.പി.സി വിഭാഗത്തിൽ 2016ലെ 260096 കേസുകൾ 2022ൽ 235858 ആയിട്ടാണ് കുറഞ്ഞത്. എന്നാൽ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ കുത്തനെ കൂടി. ബലാത്സംഗം 2016ൽ 1656ആയിരുന്നത് 2022ൽ 2518 ആയി. മാനഭംഗം 4940 (2016ൽ 4029), തട്ടിക്കൊണ്ടുപോകൽ 241(166), അപമര്യാദ 572(328), സ്ത്രീധന കൊല 11(25), ഭർതൃപീഡനം 4998 (3455), മറ്റു കുറ്റകൃത്യങ്ങൾ 5826 (5455). 2013 നവംബർ വരെയുള്ള കണക്കിൽ ഇത് വീണ്ടും കൂടിയതായി കാണാം
സ്ത്രീ സുരക്ഷിതയല്ലാത്ത പത്ത് സംസ്ഥാനങ്ങളിൽ കേരളമുണ്ട്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022ലെ കണക്കിൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ കൂടുതൽ ഉത്തർപ്രദേശിലാണ്65743. കേരളത്തിൽ 15213 കേസുകൾ. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയപ്പോൾ ബംഗാളിലും ഒഡിഷയിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. കേരളത്തിൽ കുറ്റനിരക്ക് 82ഉം ചാർജ് ഷീറ്റ് നിരക്ക് 94.5 ഉം ആണ്. രാജ്യത്ത് ആകെ 31679 പേർ ബലാത്സംഗത്തിനിരയായി- ദിവസം 87 പേർ. മുൻ വർഷത്തെ അപേക്ഷിച്ച് 13.2% ആണ് വർധന. ബലാത്സംഗക്കേസുകളിൽ 96.5 ശതമാനത്തിലും മുൻ ഭർത്താവ്, സുഹൃത്ത്, ഭർത്താവിന്റെ സുഹൃത്ത് തുടങ്ങിയവരാണ് പ്രതികൾ.
18-30 പ്രായക്കാരാണ് 64 ശതമാനം ഇരകൾ. ലോകത്തെ സ്ത്രീകളിൽ 30% പേർ ഗാർഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ദിവസവും അഞ്ചിലേറെ സ്ത്രീകൾ ഭർത്താവിനാൽ കൊല ചെയ്യപ്പെടുന്നു. കുടുംബാംഗങ്ങളിൽനിന്ന് പലവിധ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാവുന്നു. ഇന്ത്യയിലെ ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകളിൽ കുറച്ചുപേരേ പരാതി നൽകുന്നുള്ളൂ. അതും മധ്യവർഗത്തിൽ നിന്നുള്ളവർ. ദരിദ്രർക്കിടയിൽ സ്ത്രീയെ മർദിക്കുകയെന്നത് പ്രശ്‌നമല്ലെന്ന് ധരിക്കുന്നു. സമ്പന്നർക്ക് അഭിമാനക്ഷതം ഭയന്നും പരാതിയില്ല. കൊവിഡ് കാലത്ത് വീടുകളിലെ സ്ത്രീപീഡനം ഇരട്ടിയായെന്നാണ് കണക്ക്.
ഇത് കേരളത്തിലും സംഭവിച്ചു. സ്ത്രീകളുടെ പരാതി കേൾക്കാനായി ദേശീയ, സംസ്ഥാനതലങ്ങളിൽ വനിതാ കമ്മിഷനുകൾക്ക് പുറമെ ജില്ലാതലത്തിൽ ജാഗ്രതാ സമിതികളും മിത്ര, സഖി, സ്‌നേഹിത, മഹിള സമഖ്യ, ഭൂമിക തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 2022ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ കേരളത്തിലെ 18-_49 പ്രായക്കാരായ സ്ത്രീകളിൽ 10% പേർക്ക് ഭർത്താവിൽനിന്ന് മർദനമേറ്റിട്ടുണ്ട്. മർദനമേറ്റവരിൽ 57% ആരോടും പറഞ്ഞില്ല. തിരുവനന്തപുരം കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്‌മെന്റിലെ ഡോ. എ.എസ് റഹീലയും ഡോ. പി.എസ് ഇന്ദുവും തിരുവനന്തപുരം ജില്ലയെ അടിസ്ഥാനമാക്കി 2020ൽ നടത്തിയ സർവേയിൽ നാലിലൊന്ന് സ്ത്രീകളും കുടുംബത്തിൽ മാനസിക പീഡനം ഏൽക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.
ലൈംഗികകാര്യങ്ങളിലെ അവഗണന, വീട്ടിൽനിന്ന് അകറ്റിനിർത്തുക, ചങ്ങാതിമാരെ നിയന്ത്രിക്കുക, അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക, തീരുമാനങ്ങളിൽ പങ്കാളികളാക്കാതിരിക്കുക, സംശയിക്കുക, കുടുംബക്കാരുമായി ബന്ധപ്പെടാൻ അനുവദിക്കാതിരിക്കുക, അവിശ്വസിക്കുക, അപമാനിക്കുക, വേലക്കാരെ പോലെ പരിഗണിക്കുക തുടങ്ങിയ പീഡനങ്ങൾക്കാണ് ഇരയാവുന്നത്. പങ്കെടുത്തവരിൽ 26.7 % പേർക്കും ബിരുദത്തിന് മേലെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പുരുഷന്മാരുടെ മദ്യപാനാസക്തി പ്രധാന വില്ലനാണെന്നും പ്രണയ വിവാഹിതർക്കിടയിൽ പീഡനം കൂടുതലാണെന്നും വ്യക്തമാക്കുന്നു. സ്ത്രീധനത്തിനെതിരേ 1961ൽ തന്നെ രാജ്യം നിയമത്തിന് രൂപം നൽകിയിട്ടുണ്ട്.
1984ലും 1986ലും 2018ലും ഭേദഗതികളിലൂടെ പഴുതുകളടക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ സ്ത്രീകളുടെ സാമൂഹിക പദവി ഉയർന്നതായി ഭാവിക്കുമ്പോഴും കേസുകൾ ഉയർന്നുവരികയാണ്. 2021ൽ രാജ്യത്ത് 6589 കേസുകൾ രജിസ്റ്റർ ചെയ്തു. 6628 സ്ത്രീകൾ ധനപീഡനത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. ഇതിൽ 2222 പേരും ഉത്തർപ്രദേശുകാരാണ്. ബിഹാറിലാണ് 1000 പേർ. 13 വർഷത്തിനിടെ കേരളത്തിൽ 212 പേർ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരിച്ചു. മെഡിക്കൽ പി.ജി വിദ്യാർഥി ഷഹന ആത്മഹത്യ ചെയ്ത കേസിൽ സ്ത്രീധന പീഡന നിയമം അനുസരിച്ച് അറസ്റ്റിലായത് മറ്റൊരു മെഡിക്കൽ പി.ജി വിദ്യാർഥിയാണ്.
തിരുവനന്തപുരത്ത് 2021 ജൂണിൽ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കെ മാത്രം തിരുവനന്തപുരം നോഡൽ ഓഫിസർക്ക് 108 പരാതികൾ ലഭിച്ചു. പരാതിയുമായി മുന്നോട്ടുപോകാൻ ഇരകളും രക്ഷിതാക്കളും മടിക്കുന്നുവെന്ന് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.
കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരിൽ വിജയസേനന്റെ മകൾ ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതോടെ നാട് ഞെട്ടി. 98 പവൻ സ്വർണമാണ് സൂരജിന് ഉത്രയുടെ പിതാവ് നൽകിയത്. വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകൾ പ്രിയങ്ക, കൊല്ലം ശൂരനാട് നിലമേൽ കൈതോട് ത്രിവിക്രമൻ നായരുടെ മകൾ ബി.എ.എം.എസ് വിദ്യാർഥിയായിരുന്ന വിസ്മയ പി. നായർ, വെങ്ങാനൂർ വെണ്ണിയൂർ ചിറത്തല വിളാകം വീട്ടിൽ അശോകൻ-മോളി ദമ്പതികളുടെ മക ൾ അർച്ചന, കൊല്ലം മഞ്ഞമൺകാല ഉറിക്കോട് അജിഭവനിൽ അജിത്തിന്റെ ഭാര്യ ലിജിജോൺ,
കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽ വീട്ടിൽ സതീശിന്റെ ഭാര്യ അനുജ, കുന്നത്തൂർ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യ (21)…. ഇവരെല്ലാം ഒരേ വർഷം സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടവരാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം നടന്ന എടയപ്പുറം മോഫിയ പർവീണിന്റെ ആത്മഹത്യാ കേസിലെയും പ്രതി സ്ത്രീധനമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."