ദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാം
ദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാം
ദുബൈ: എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് വാട്സ്ആപ്പ് വഴി സൗകര്യമൊരുക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഡ്രൈവിങ് ടെസ്റ്റിനുള്ള കൂടിക്കാഴ്ചകൾ ബുക്ക് ചെയ്യാനും പുനഃക്രമീകരിക്കാനും വാട്സ്ആപ്പ് ഉപയോഗിക്കാമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും. അറബിക് ഭാഷക്ക് പുറമെ ഇംഗ്ലീഷ് ഭാഷയിലും സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആർടിഎയുടെ ‘മെഹബൂബ്’ ചാറ്റ്ബോർട്ട് നമ്പറായ 0588009090 വഴി ഈ സേവനം ഉപയോഗപ്പെടുത്താം. ആർടിഎയുടെ വിവിധ സേവനങ്ങൾ സംബന്ധിച്ച് അപേക്ഷകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ കൈകാര്യംചെയ്യാനും ‘മെഹബൂബ്’ ചാറ്റ്ബോട്ടിന് കഴിയും. ഓരോ സംഭാഷണവും കൃത്യമായി രേഖപ്പെടുത്തിവെക്കുകയും മുൻ സംഭാഷണങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സാങ്കേതികവിദ്യയും ചാറ്റ്ബോട്ടിനുണ്ട്.
ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും രജിസ്റ്റർ ചെയ്ത വ്യക്തിവിവരങ്ങളും ആധികാരികമായി നേരത്തേ ഉറപ്പുവരുത്തിയതിനാൽ ഔദ്യോഗികമായ അപേക്ഷ സമർപ്പിക്കുകയോ ആർടിഎ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആർടിഎയുടെ കോഓപറേറ്റ് ടെക്നിക്കൽ സപോർട്ട് സർവിസസ് സെക്ടറിലെ സ്മാർട്ട് സർവിസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മിറ അഹമ്മദ് അൽ ശൈഖ് പറഞ്ഞു. കൃത്യമായ അന്വേഷണങ്ങൾക്കുശേഷം അപേക്ഷകർക്ക് അവരുടെ ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും നേരത്തേ അംഗീകരിച്ച സംവിധാനം വഴി സേവനങ്ങൾക്കായുള്ള ഫീസ് അടക്കാനും കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."