വിഗ്രഹ ഭഞ്ജകന്‍
മഹാ മൗനമാണ് എം.ടി.മലയാളി മൗനത്തിന്റെ മൂല്യം പഠിച്ചിട്ടുണ്ടെങ്കില്‍ അത് എം.ടിയില്‍ നിന്നാണെന്ന് എം.എന്‍ കാരശ്ശേരി പറയും. ഏറെ വാചാലനാകേണ്ട വേദികളില്‍പോലും നന്നെ കുറച്ചുമാത്രം സംസാരിച്ച എം.ടി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ അലകള്‍ ഇനിയും അവസാനിച്ചിട്ടില്ല. നവതിയിലെത്തിയ എം.ടിയെക്കൊണ്ട് ആരെങ്കിലും പറയിപ്പിച്ചതാണോ എന്നു പരിശോധിക്കാന്‍ രഹസ്യപ്പൊലിസിനെ തന്നെ അയച്ചു.
പ്രസംഗം സംഭവിച്ചത് ജനുവരി 11ന്. പിറ്റേന്നുതന്നെ അന്വേഷണം തുടങ്ങിയിരുന്നു. എം.ടി സ്വന്തം നിലയില്‍ ഇങ്ങനെ പറയുമോ? സംശയത്തിന്റെ മുനകള്‍ പലയിടത്തേക്കും പാഞ്ഞു. ഒടുവില്‍ ഉത്തരം കിട്ടി. ആരും എഴുതിക്കൊടുത്തതല്ല. 20 വര്‍ഷംമുമ്പ് എം.ടിതന്നെ എഴുതിയതും പ്രസിദ്ധീകരിച്ചതുമായ ലേഖനത്തില്‍ പുതുതായി ചില വാക്കുകള്‍ ചേര്‍ത്ത് ചെറുതായൊന്ന് നവീകരിച്ചു, അത്രയേ ഉള്ളൂ.
വേദിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു.
വിജയന്റെ ജീവിതത്തിലെ മഹാ അബദ്ധങ്ങളിലൊന്നായ നവകേരള യാത്ര കഴിഞ്ഞ് വന്നതായിരുന്നു. അധികാരത്തിന്റെ ഗര്‍വും സ്തുതിപാഠകരുടെ അശ്ലീലവും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് എം.ടി മഹാ മൗനത്തിന്റെ വല്മീകത്തില്‍നിന്ന് ഒരിക്കലൂടെ പുറത്തുകടന്നത്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് സംസാരിച്ചത്. അധികാരത്തിലെത്തുന്നവര്‍
സര്‍വാധികാരികളായി മാറുന്നതിനെയും നേട്ടങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതിനെയും പൊള്ളയായ പ്രശംസകള്‍ അര്‍പ്പിക്കുന്നതിനെയും അപലപിച്ചത്. തന്റെ ശരികള്‍ക്കു ശക്തിപകരുന്നതിന് സോവിയറ്റ് യൂനിയനെയും ഇ.എം.എസിനെയും ഉദാഹരിച്ചത്. അടുത്തകാലത്തൊന്നും നടത്താത്ത ദീര്‍ഘമായ പ്രസംഗത്തില്‍ എം.ടി ലക്ഷ്യംവച്ചത് ആരെയായിരുന്നുവെന്ന് ബോധ്യപ്പെടാത്തവരെപ്പറ്റി, അരിഭക്ഷണം കഴിക്കാത്തവര്‍ കേരളത്തില്‍ കൂടിവരുന്നുവെന്നു പറയേണ്ടിവരും.
മറ്റാരെങ്കിലുമായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കില്‍ അവരുടെ നാലുകെട്ടും കടവും പള്ളിവാളും കാല്‍ച്ചിലമ്പും കണ്ടുകെട്ടി അസുരവിത്തെന്ന് മുദ്രകുത്തി വാനപ്രസ്ഥത്തിന് അയക്കുമായിരുന്നു. ഒരു ചെറുപുഞ്ചിരിപോലും എവിടെനിന്നും വിരിയുമായിരുന്നില്ല. പക്ഷേ, ഇത് കഥയുടെ പെരുന്തച്ചനാണ്. വിഗ്രഹങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ധൈര്യം കാണിച്ച എഴുത്തുകാരന്‍. ബ്രണ്ണനിലെ വടക്കന്‍ വീരഗാഥകളെല്ലാം പാണന്‍മാര്‍ക്ക് പാടിനടക്കാനേ പറ്റൂ.
ഇതൊരു വാരിക്കുഴിയാവും എന്നു തിരിച്ചറിഞ്ഞ് പിന്‍നടക്കുകയേ നിവൃത്തിയുള്ളൂ.
എം.ടിയെ സാമ്പത്തികശാസ്ത്രം പഠിപ്പിക്കാന്‍ മുമ്പ് മോദിഭക്തര്‍ ഒന്നു തുനിഞ്ഞു. നോട്ടു നിരോധനത്തിന്റെ പേരില്‍ പാവങ്ങള്‍ പ്രയാസപ്പെട്ടപ്പോള്‍ ഒറ്റവാചകംകൊണ്ട് എം.ടി പ്രതികരിച്ചു. അപ്പോഴായിരുന്നു അത്. എന്‍.പി മുഹമ്മദുമായി ചേര്‍ന്നു നടത്തിയ 'അറബിപ്പൊന്ന്' ഇടപാട് തേടി ഇ.ഡി എത്താതിരുന്നത് ഭാഗ്യം. മുത്തങ്ങയില്‍ ആദിവാസികളുമായി എ.കെ ആന്റണി സര്‍ക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍
ആദിവാസികള്‍ക്കു വേണ്ടിയും പെരിങ്ങോമില്‍ ആണവ നിലയത്തിനൊരുങ്ങിയപ്പോള്‍ പരിസ്ഥിതിക്കു വേണ്ടിയും എം.ടി മൗനം ഭഞ്ജിച്ചിട്ടുണ്ട്. നിലാവും നിളയും മലയാള ഭാഷയും എന്നപോലെ എം.ടിക്ക് പ്രിയപ്പെട്ടതാണ് പരിസ്ഥിതിയും സൗഹൃദവും.
എം.ടിയോളം പോന്നൊരാള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. അങ്ങനെയൊരാള്‍ക്കു വേണ്ടി ഇനി എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരവും മലയാള സിനിമക്കുള്ള സമഗ്രസംഭാവനക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരവും സമ്മാനിതനായ ആള്‍, മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായരാണ്. 1
12 രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 19 കഥകള്‍, 9 നോവലുകള്‍, 60 തിരക്കഥകള്‍, ഇവയെല്ലാം ചേര്‍ന്ന 52 പുസ്തകങ്ങള്‍ എം.ടിയുടേതാണ്. ദേശീയതലത്തിലെ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. പത്മ മാതൃകയില്‍ കേരളം ഏര്‍പ്പെടുത്തിയ കേരളജ്യോതിക്കും ആദ്യം പരിഗണിച്ചത് എം.ടിയെയാണ്. 2023 ജൂലൈ 15നാണ് അദ്ദേഹം നവതിയിലേക്ക് കാലുവച്ചത്.
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തും പാലക്കാട് ജില്ലയിലെ കൂടല്ലൂരിലുമായി ചെലവിട്ട് ബാല്യകാല സ്മൃതികളുമായി കോഴിക്കോട്ടെത്തിയ എം.ടി മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായതോടെ കോഴിക്കോടിന്റെ സുകൃതമായി. പട്ടത്തുവിളയും വൈക്കം മുഹമ്മദ് ബഷീറും എന്‍.പി മുഹമ്മദും തിക്കോടിയനും കെ.എ കൊടുങ്ങല്ലൂരും എം.വി ദേവനുമെല്ലാം തോളില്‍കൈയിട്ട് ബീഡിയും വലിച്ച് കടപ്പുറത്തേക്കു നടക്കുന്ന ഒരു കോഴിക്കോടുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് കൈമോശം വന്ന നന്മയുടെ നഗരം.
പാലക്കാട് വിക്ടോറിയ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കഥയുടെ രസതന്ത്രം എം.ടി തിരിച്ചറിഞ്ഞു. രക്തംപുരണ്ട മണ്‍തരികള്‍ എന്ന കഥാ സമാഹാരം അക്കാലത്ത് പുറത്തിറക്കി. 1958ല്‍ ഇറങ്ങിയ 'നാലുകെട്ട്' കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടി. 1968ല്‍ എഴുതിയ മുറപ്പെണ്ണ് എന്ന കഥക്ക് താന്‍തന്നെ തിരക്കഥയെഴുതി സിനിമയിലും കൈവച്ചു. 1973ലാണ് പ്രസിഡന്റിന്റെ സ്വര്‍ണപ്പതക്കം നേടിയ നിര്‍മാല്യം നിര്‍മിച്ചതും സംവിധാനം ചെയ്തതും.
രണ്ടാമൂഴം നോവലിന്റെ നിര്‍മിതിയിലേക്ക് നയിച്ചതിനെക്കുറിച്ച് എം.ടി പറഞ്ഞിട്ടുണ്ട്: മഹാഭാരതയുദ്ധത്തില്‍ ഘടോല്‍ക്കചന്‍ എന്ന ഭീമപുത്രന്‍ പൊരുതിമരിക്കുന്നു. കുമാരന്‍ മരിച്ചുപോയല്ലോ എന്ന് യുധിഷ്ഠിരനും മറ്റും സങ്കടപ്പെട്ടിരിക്കുമ്പോള്‍ കൃഷ്ണന്‍ ആദ്യം പറഞ്ഞത്; നന്നായി ല്ലേ, രാക്ഷസനല്ലേ അല്ലെങ്കില്‍ നമ്മള്‍ കൊല്ലേണ്ടിവരുമായിരുന്നില്ലേ എന്നാണ്. ഈ സന്ദര്‍ഭത്തോടുള്ള പ്രതികരണമായാണ് ഭീമനെ നായകനാക്കിയ രണ്ടാമൂഴം വരുന്നത്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ വിധി തിരുത്തിയെഴുതിയതാണ് ഒരു വടക്കന്‍ വീരഗാഥ.
സേതുവിന് എന്നും ഒരാളോടു മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ, സേതുവിനോടു മാത്രം എന്ന സുമിത്രയുടെ വാചകത്തില്‍ ഇനി അഭിരമിക്കുക വയ്യ. ഭഞ്ജകര്‍ വരുമ്പോള്‍ വിഗ്രഹങ്ങള്‍ ഉടയുക സ്വാഭാവികമാണ്. തലയില്‍ കൈകൊടുത്ത് മാറിയിരിക്കുക മാത്രമേ സഹിക്കാനാവാത്തവര്‍ക്ക് നിവൃത്തിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."