പഞ്ച് ഇ.വിക്കൊപ്പം വരുന്നു,ഇക്കോ ഹബ്ബുകളായി ഷോറൂമുകളും TATA.ev
വിനീഷ്
ഇലക്ട്രിക് പഞ്ചിനായി എല്ലാവരും കാത്തിരിക്കുന്നതിനിടയില്‍ ഇ.വി വാഹനങ്ങള്‍ക്ക് മാത്രമായി ഷോറൂമുകളും ഒരുക്കിക്കൊണ്ടിരിക്കുകയാണ് ടാറ്റ. ഡല്‍ഹിക്കടുത്ത് ഗുഡ്‌ഗോണിലാണ് രണ്ട് ഇ.വി ഷോറൂമുകള്‍ കമ്പനി ആരംഭിച്ചത്. Tata.ev എന്ന എഴുത്തിനുശേഷം ev ക്ക് ചുറ്റും ഒരു വലയവുമായി ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹന ഡിവിഷനെ പ്രത്യേകമായി ബ്രാന്‍ഡ് ചെയ്തതും ഈയടുത്താണ്. ബിസിനസില്‍ ഒരുപാട് തത്വങ്ങള്‍ മുറുകെ പിടിക്കുന്ന കമ്പനി കൂടിയായ ടാറ്റ നിലവില്‍ ആരംഭിച്ചിരിക്കുന്ന ഷോറൂമുകളും മറ്റുള്ളവയില്‍ നിന്ന് വിഭിന്നമാണ്. ഒരു ഇക്കോ ഹബാക്കി തങ്ങളുടെ ഓരോ ഇ.വി ഷോറൂമുകളെയും മാറ്റുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇക്കോ ഫ്രണ്ട്‌ലി ഉല്‍പന്നങ്ങളുടെ വില്‍പനയും ഇവിടെ ഉണ്ടാകും. ഇതിനായി ഇത്തരത്തിലുള്ള കമ്പനികളുമായും ടാറ്റ ധാരണയിലെത്തിയിട്ടുണ്ട്.
അതിനിടെ, പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യവാഹനമായ പഞ്ച് ഇ.വിക്ക് 10.99 ലക്ഷം മുതല്‍ 14.49 ലക്ഷം വരെയാണ് ടാറ്റ എക്‌സ് ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ച വാഹനത്തിന്റെ ഡെലിവറികള്‍ ജനുവരി അവസാനം മുതല്‍ തുടങ്ങാനിരിക്കുകയാണ്.
കാഴ്ചയില്‍ ഇലക്ട്രിക് പഞ്ചിന് കൂടുതല്‍ സാമ്യം നെക്‌സോണ്‍ ഇ.വിയോടാണ്. എന്‍ജിന്‍ ഇല്ലാത്തതുകൊണ്ട് മുന്നിലെ ബോണറ്റിനടിയില്‍ സ്റ്റോറേജ് സ്‌പെയ്‌സും നല്‍കിയിട്ടുണ്ട്. ഫ്രങ്ക് എന്നാണിതിനെ വിളിക്കുന്നത്. ഈ ഫീച്ചറുള്ള ടാറ്റയുടെ ആദ്യത്തെ ഇ.വി കൂടിയാണ് പഞ്ച്. ഇതിനൊപ്പം വെന്റിലേറ്റഡ് സീറ്റുപോലുള്ള ആഡംബരങ്ങളും ഉയര്‍ന്ന മോഡലുകളില്‍ ഉണ്ട്. സ്പ്‌ളിറ്റ് ഹെഡ്‌ലാംപുകള്‍, എല്‍.ഇ.ഡി ലൈറ്റ് ബാര്‍, പുതിയ അലോയ് ഡിസൈന്‍ എന്നിവയും ഇലക്ട്രിക് പഞ്ചില്‍ കാണാം. മുന്നിലെ ടാറ്റ ലോഗോയ്ക്ക് അടിയിലാണ് ചാര്‍ജിങ് സോക്കറ്റ്. മുന്നിലെ ബംപറിന്റെ അടിഭാഗത്തായി വെര്‍ട്ടിക്കല്‍ സ്‌ളാറ്റുകളും ഇ.വിയുടെ മുന്‍വശത്തു നിന്നുള്ള കാഴ്ചയെ വിഭിന്നമാക്കുന്നു. പിന്നിലേക്കു വന്നാല്‍ ടെയില്‍ ലാംപ് Y എന്നെഴുതിയ പോലെയാണ്. റൂഫില്‍ സ്‌പോയിലറും ഡ്യുവല്‍ടോണ്‍ ബംപറും പിറകില്‍ കാണാം. നാല് വീലുകളിലും ഡിസ്ക് ബ്രേക്കുമായാണ് പഞ്ച് എത്തുന്നത്.
അക്ടീവ് ഇ.വി എന്ന് ടാറ്റ പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ആദ്യവാഹനമാണിത്. വരാനിരിക്കുന്ന കര്‍വ്, ഹാരിയര്‍, സിയറ എന്നീ ഇ.വികളും ഇതേപ്ലാറ്റ്ഫോമാണ് ഉപയോഗപ്പെടുത്തുക. രണ്ട് റേഞ്ച് ഓപ്ഷനുകളാണ് അഞ്ച് വേരിയന്റുകളിലായി വരുന്ന ഇലക്ട്രിക് പഞ്ചിന്. ഏകദേശം 315 കിലോമീറ്ററോളം റേഞ്ചുള്ള 25 kWh ബാറ്ററിയും 421 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കുമാണിത്. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്‌ളസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയാണ് വേരിയന്റുകള്‍. അഡ്വഞ്ചര്‍ ഓപ്ഷന്‍ മുതല്‍ മുകളിലേക്കാണ് ലോങ് റേഞ്ച് മോഡല്‍ വരുന്നത്. ഈ മൂന്ന് വേരിയന്റുകളിലും അന്‍പതിനായിരം രൂപ അധികം നല്‍കിയാല്‍ സണ്‍റൂഫും ലഭിക്കും. 3.3kW വാള്‍ ബോക്‌സ് ചാര്‍ജറും 7.2kW ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പടെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകള്‍ ഇവിയ്‌ക്കൊപ്പം ലഭ്യമാണ്.
50 കിലോവാട്ട് DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാവും. ലോങ് റേഞ്ച് മോഡലിന്റെ മോട്ടോര്‍ 122 bhp പവറും 190 Nm torque ഉം നല്‍കുന്നുണ്ട്. സാധാരണ വേരിയന്റിന് 81 bhp യാണ് കരുത്ത്. ലോങ് റേഞ്ച് വേരിയന്റുകള്‍ 9.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
പെട്രോള്‍ പഞ്ചിനെ അപേക്ഷിച്ച് പ്രീമിയം ഫീലാണ് ഇ.വിയുടെ അകത്തളങ്ങള്‍ക്ക്. പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈനും ഇന്‍ഫോടെയിന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കുമായി ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകളും ഉള്ളില്‍ കാണാം. ലോ സ്‌പെക്ക് വേരിയന്റുകളില്‍ ചെറിയ, 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് യൂനിറ്റാണ് ഒരുക്കിയിട്ടുള്ളത്. ആറ് എയര്‍ബാഗുകള്‍, ABS, ESC, എല്ലാ സീറ്റുകള്‍ക്കും ത്രീ -പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ പോലുള്ള സുരക്ഷാ സംവിധാങ്ങനളും പഞ്ച് ഇ.വിയിലുണ്ട്. ഇനി പഞ്ച് ഇ.വിയുടെ എതിരാളികളെ എടുത്താല്‍, ഒന്ന് സ്വന്തം കുടുംബത്തിലെ ടിയാഗോ ഇ.വിതന്നെയാണ്. കൂടാതെ എം.ജിയുടെ കോമറ്റ്, സിട്രോണ്‍ eC3 എന്നിവയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."