സന്തുഷ്ടി സൂചികയില്‍ ഒന്നാമതെത്തിയ ദുബൈ എമിഗ്രേഷന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം
ദുബൈ: ദുബൈ സര്‍ക്കാര്‍ ജീവനക്കാരുടെ സന്തുഷ്ടി സൂചികയില്‍ ഒന്നാം സ്ഥാനം നേടിയത് ദുബൈ എമിഗ്രേഷന്‍ ആസ്ഥാനത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. സന്തുഷ്ടി സൂചികയില്‍ ദുബൈ എമിഗ്രേഷന്‍
95.17% നേട്ടമാണ് കൈവരിച്ചത്. ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സന്തുഷ്ടി സൂചികാ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ്, എന്‍ഡോമെന്റ് ആന്‍ഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷന്‍ (ഔഖാഫ്) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചടങ്ങില്‍ ജിഡിആര്‍എഫ്എഡി മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, എമിഗ്രേഷന്‍ ഡയറക്ടറേറ്റിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ സംബന്ധിച്ചു.
ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാമാണ് 2023ലെ സര്‍ക്കാര്‍ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സഷ്ടി സൂചിക പുറത്തിറക്കിയത്. കസ്റ്റമര്‍ ഹാപിനസ് റേറ്റിംഗില്‍ 93.3 ശതമാനം നേടി ജിഡിആര്‍എഫ്എഡി മികവ് കാട്ടി. ഭരണകൂടത്തിന്റെ സൈനികരും നായകരുമാണ് സര്‍ക്കാര്‍ ജീവനക്കാരെന്ന് ടീമിനെ അഭിനന്ദിച്ച് അല്‍ മര്‍റി വിശേഷിപ്പിച്ചു. ജീവനക്കാരുടെ പ്രതിജ്ഞാബദ്ധതയുടെയും സംഘടിത മികവിന്റെയും തെളിവാണിതെന്നും അദ്ദേഹം പ്രശംസിച്ചു.
അതിനിടെ, ദുബൈ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 93 ശതമാനം കസ്റ്റമര്‍ ഹാപിനസ് റേറ്റിംഗ് കൈവരിച്ചു. മുന്‍ വര്‍ഷത്തെ 86 ശതമാനത്തില്‍ നിന്ന് 7% വര്‍ധനയാണുണ്ടായത്. ജീവനക്കാരുടെ സന്തുഷ്ടി നിരക്കില്‍ 88 ശതമാനമായി സ്ഥിരത രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."