മേയര്‍ക്കെതിരെ ബി.ജെ.പി കൗണ്‍സിലറുടെ അസഭ്യ പരാമര്‍ശം; നഗരസഭാ കൗണ്‍സിലില്‍ സംഘര്‍ഷം
തിരുവനന്തപുരം: മേയര്‍ക്കെതിരായ ബി.ജെ.പി അംഗത്തിന്റെ പരിധി വിട്ടുള്ള പദപ്രയോഗത്തെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലില്‍ സംഘര്‍ഷം.
ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലാണ് ബി.ജെ.പി കൗണ്‍സിലര്‍ മേയര്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയത്. കരമന വാര്‍ഡ് കൗണ്‍സിലര്‍ അജിത്താണ് ചര്‍ച്ചയ്ക്കിടെ മേയര്‍ വി.കെ പ്രശാന്തിനെതിരെ മോശം പദപ്രയോഗം നടത്തിയത്. ഇതിനെതിരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായി പ്രതികരിക്കുകയും പ്രസ്താവന പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസ്താവന പിന്‍വലിക്കാന്‍ ആദ്യം കൗണ്‍സിലര്‍ തയ്യാറായില്ല. ബി.ജെ.പി നഗരസഭാ കക്ഷിനേതാവ് ഗിരികുമാര്‍ അടക്കമുള്ള ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രസ്താവനയെ ന്യായീകരിച്ചു. തുടര്‍ന്ന് 20 മിനിറ്റോളം കൗണ്‍സില്‍ യോഗം സ്തംഭിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ പ്രസ്താവന പിന്‍വലിച്ച് ക്ഷമാപണം നടത്തുകയുമായിരുന്നു.
35 ബി.ജെ.പി കൗണ്‍സില്‍ അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്തത്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍, നഗരസഭാ ജീവനക്കാരുടെ സ്ഥലംമാറ്റം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാല്‍ വിഷയങ്ങള്‍ അജണ്ടയായി ചര്‍ച്ച ആരംഭിച്ചതു മുതല്‍ ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുകയായിരുന്നു. അനുവദിച്ചതിലും കൂടുതല്‍ സമയം ബി.ജെ.പി അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് വിനിയോഗിച്ചു. മേയര്‍ പല ആവര്‍ത്തി ഇടപെട്ടെങ്കിലും പെരുമാറ്റചട്ടങ്ങള്‍ ബി.ജെ.പി അംഗങ്ങള്‍ അവഗണിച്ചു. ഇതിനിടയിലാണ് മേയര്‍ക്കെതിരെ കടുത്ത ഭാഷയില്‍ ബി.ജെ.പി അംഗം കരമന അജിത്ത് അസഭ്യ വര്‍ഷം ചൊരിഞ്ഞത്. രണ്ട് മണിക്ക് തുടങ്ങിയ കൗണ്‍സില്‍ യോഗം അവസാനിച്ചത് അഞ്ചരയോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."