ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ഇന്ന്. മുഹൂര്‍ത്തം നിശ്ചയിച്ച കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ഹ്രസ്വമായ ചടങ്ങുകളാണ് പ്രാണപ്രതിഷ്ഠ. 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.20ന് ആരംഭിക്കും. ഒരുമണിയോടെ സമാപിക്കും.
ദൈവിക ഊര്‍ജ്ജം (പാണന്‍) വിഗ്രഹത്തിലേക്ക് പകരുന്ന ചടങ്ങാണ് ഇന്നത്തേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രധാന യജ്ഞം നിര്‍വഹിക്കുക. മഹാ ആരതി ആണ് ആദ്യത്തേത്. അപ്പോഴാണ് ആദ്യമായി വിഗ്രഹത്തെ ഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ശേഷം പുരോഹിതന്മാര്‍ വിഗ്രഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിക്കും. വിഗ്രഹത്തിന്റെ കണ്ണു തുറക്കലാണ് അവസാന ചടങ്ങ്. പ്രതിഷ്ഠാ കര്‍മ്മത്തിലെ ഏറ്റവും പ്രധാന ചടങ്ങും ഇതാണ്. ഇത് മോദി നിര്‍വഹിക്കുമെന്നാണ് കരുതുന്നത്. പിന്നാലെ വിഗ്രഹ പ്രതിഷ്ഠ പൂര്‍ണമായതായും പ്രഖ്യാപിക്കും.
കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിന്റെ മുഖ്യകാര്‍മികനാകും. യു.പി ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് മേധാവി മഹോന്‍ ഭാഗവത് തുടങ്ങിയവരും പങ്കെടുക്കും. ചടങ്ങുകളുടെ പ്രാരംഭഘട്ടം ചൊവ്വാഴ്ച തുടങ്ങിയിരുന്നു. വിഗ്രഹത്തില്‍ വിവിധ 'അധിവാസ'ങ്ങളും നടന്നുവരുകയായിരുന്നു.
പ്രതിഷ്ഠാ ചടങ്ങിന് ശേഷം നരേന്ദ്രമോദി പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. നാളെ മുതലാണ് രാമക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ലഭിക്കുക. പ്രതിഷ്ഠാ ദിനം വിളക്കുകള്‍ കത്തിച്ച് ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. പ്രതിഷ്ഠയോടനുബന്ധിച്ച് 14 സംസ്ഥാനങ്ങില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് ഭാഗിക അവധിയാണ്. കേരളത്തില്‍നിന്ന് നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 30ലധികം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."