രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം; സീയുമായുള്ള ലയനത്തിൽ നിന്ന് പിന്മാറി സോണി
രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം; സീയുമായുള്ള ലയനത്തിൽ നിന്ന് പിന്മാറി സോണി
ന്യൂഡല്‍ഹി: വ്യവസായ രംഗത്ത് വിപ്ലവമാകുമായിരുന്ന സീ - സോണി ലയനം ഒടുവിൽ തകർന്നു. ലയനത്തിൽ നിന്ന് പിന്മാറുന്നതായി സീ എന്റര്‍ടൈൻമെന്റിനെ ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ലയനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം നീണ്ട നടപടികള്‍ക്കാണ് ഇതോടെ അവസാനമായത്. കരാർ അവസാനിപ്പിക്കുന്നതായി സോണി കോര്‍പ്പറേഷന്‍ ഇന്ന് സീ എന്റർടൈൻമെന്റിന് കത്തയച്ചതായി റിപ്പോർട്ട്. കത്തിൽ, കരാറിന്റെ വ്യവസ്ഥകൾ പാലിക്കാത്തതാണ് ലയന നടപാടികൾ അവസാനിപ്പിക്കാനുള്ള കാരണമെന്ന് സോണി ചൂണ്ടിക്കാട്ടി.
ലയനത്തിൽ നിന്ന് പിന്മാറിയ കാര്യം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ പിന്നീട് അറിയിക്കുമെന്ന് കമ്പനിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ലയന കരാറിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് സോണി പിന്മാറാനുള്ള കാരണമായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സീ എന്റര്‍ടെയ്ന്‍മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലയനത്തിലൂടെ ഒടിടി രംഗത്തെ പ്രമുഖരായ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയ്ക്ക് വെല്ലുവിളി തീർക്കാനുള്ള സാധ്യതയാണ് ഇല്ലാതായതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 1000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ആഗോള ഭീമനായി മാറാനായിരുന്നു ലയനത്തോടെ തീരുമാനിച്ചിരുന്നത്.
സീ മേധാവി പുനീത് ഗോയങ്കയുമായി ബന്ധപ്പെട്ട സെബി അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലയനത്തെ ബാധിച്ചതായും സൂചനകളുണ്ട്. പുനീത് ഗോയങ്ക സീയില്‍ നിന്ന് വിട്ടുപോയാല്‍, ലയന നിര്‍ദേശം സോണി വീണ്ടും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ലയന നടപടിയില്‍ നിന്ന് സോണി പിന്മാറാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.
നേതൃതർക്കം പരിഹരിക്കുന്നതിൽ ഇരുപക്ഷവും പരാജയപ്പെട്ടതിനാൽ ലയനം അവസാനിപ്പിക്കാൻ സോണി ആലോചിക്കുന്നതായി ബ്ലൂംബെർഗ് ന്യൂസ് ജനുവരി 8 ന് റിപ്പോർട്ട് ചെയ്തു. ലയനം പൂർത്തിയാക്കാനുള്ള ചർച്ചകൾ തുടരുകയാണെന്ന് സീ പിന്നീട് പറഞ്ഞു. നേതൃത്വത്തെച്ചൊല്ലിയുള്ള അവസാന ലാപ്പിലെ തർക്കമായിരുന്നു ഇടപാടിനുള്ള ഏറ്റവും വലിയ തടസ്സം. 2021 ലെ കരാറിൽ സമ്മതിച്ചതുപോലെ ഗോയങ്ക പുതിയ സ്ഥാപനത്തെ നയിക്കുമെന്ന് സീ ശഠിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."