ദുബൈ എമിഗ്രേഷൻ വിസാൽ ഇഎപിക്ക് തുടക്കം
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആർഎഫ്എഡി) ജീവനക്കാർക്ക് മാനസികവും ധാർമികവുമായ പിന്തുണ നൽകാൻ വിസാൽ എംപ്ലോയീ അസിസ്റ്റൻസ് പ്രോഗ്രാം (ഇഎപി) ആരംഭിച്ചു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കാനും സന്തോഷകരവും സക്രിയവുമായ തൊഴിലിടം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രോഗ്രാം ആരംഭിച്ചത്. ഡയറക്ടറേറ്റിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാർക്കും ഇന്ത്യക്കാർ അടക്കമുള്ള വിവിധ രാജ്യക്കാർക്കും ഗുണകരമാകുന്നതാണ് പദ്ധതി.
ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനും ഇത് ശ്രമിക്കുന്നുവെന്ന് ഡയറക്ടറേറ്റ്
അറിയിച്ചു. മാനസികവും ധാർമികവുമായ ആരോഗ്യ ശാഖയും പ്രത്യേക പരിചരണ കേന്ദ്രവും തമ്മിലുള്ള സഹകരണ ഫലമാണ് സാധ്യമാകുന്നത്. ഉപദേശക സെഷനുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജിഡിആർഎഫ്എഡി ജീവനക്കാരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും മാനസിക പിന്തുണാ സേവനങ്ങൾ നൽകാൻ വിസാൽ പ്രവർത്തിക്കും.
ഇതിന്റെ ഭാഗമായി ആരോഗ്യ വിഭാഗം ഫീൽഡ് യാത്രകളും ശില്പശാലകളും നടത്തും. മാനസികാരോഗ്യത്തിന്റെയും സ്വയം പരിചരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് വിവരണ പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് ഇതിനെ പിന്തുണക്കുകയും ചെയ്യും. ജീവനക്കാർക്ക് ഉത്കണ്ഠയോ സമ്മർദമോ അനുഭവപ്പെടുകയും അത് അവരുടെ തൊഴിൽപരമായ പ്രകടനത്തെയോ കുടുംബ ജീവിതത്തെയോ ബാധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് മാനസിക പിന്തുണാ പരിപാടികളും സെഷനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."