ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ; അനുമതി നിഷേധിച്ച് പൊലിസ്, 36 കിലോമീറ്റർ പദയാത്ര നടത്താനൊരുങ്ങി രാഹുൽ ഗാന്ധി
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ; അനുമതി നിഷേധിച്ച് പൊലിസ്, 36 കിലോമീറ്റർ പദയാത്ര നടത്താനൊരുങ്ങി രാഹുൽ ഗാന്ധി
ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. ഗോരേമാരിയിൽ നിന്ന് 36 കിലോമീറ്റർ രാഹുൽ ഗാന്ധി പദയാത്ര നടത്തും. ഗുവാഹത്തിയിലൂടെ കടന്നുപോകാനുള്ള അനുമതി പൊലിസ് നിഷേധിച്ചെങ്കിലും യാത്രയുമായി മുന്നോട്ട് പോകും. യുവാക്കളും പൗര സമൂഹവുമായി രാഹുൽ ഇന്ന് ഗുവാഹത്തിയിൽ കൂടിക്കാഴ്ച നടത്തും. കാംരൂപിൽ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുൽ മാധ്യമങ്ങളെ കാണും.
പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുക. ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. സംഘർഷ സാഹചര്യത്തിൽ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്ര ബാസിസ്ത-ജലുക്ബാരി റോഡിലൂടെ ഹാജോയ്ക്ക് സമീപമുള്ള സെച്ചയിലേക്ക് കടന്ന് കലിതകുച്ചിയിലൂടെ ബാർപേട്ടയിലെ ചെങ്കയിൽ എത്തിച്ചേരും. ചെങ്കയിലെ ബിഷ്ണുപുരിലാകും യാത്ര ഇന്ന് അവസാനിപ്പിക്കുക. യാത്രയ്ക്ക് ഗുവാഹത്തിയിലൂടെ കടന്നുപോകാനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ അഭ്യർത്ഥന ‘പരിഗണനയിലാണെന്ന്’ പൊലിസ് നിലപാടെടുത്തു.
“ഗുവാഹത്തിയിൽ ഒരു നിശ്ചിത റൂട്ടിലൂടെ റോഡ്‌ഷോയ്ക്കും പദയാത്രയ്ക്കും അനുമതിക്കായി ഞങ്ങൾ അപേക്ഷിച്ചിരുന്നു. എന്നാൽ ഇത് നിരസിക്കപ്പെട്ടു,” അസം കോൺഗ്രസ് മുതിർന്ന വക്താവ് മെഹ്ദി ആലം ബോറ പറഞ്ഞു. “മാർച്ചിന് അനുമതി തേടിയുള്ള അപേക്ഷ ജനുവരി 12 നും ജനുവരി 19 നും വീണ്ടും ജനുവരി 20 ന് ഫോളോ-അപ്പ് ഇമെയിൽ സഹിതം പൊലിസിന് സമർപ്പിച്ചു” ബോറ പറഞ്ഞു.
"അനുമതി നൽകുന്നതിന്റെ ചുമതലയുള്ള ഗുവാഹത്തി പൊലിസ് ഡെപ്യൂട്ടി കമ്മീഷണർ ഞങ്ങളുടെ അഭ്യർത്ഥന നിരസിച്ചതായി ഞങ്ങളെ അറിയിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."