നാലായിരം യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് ടെസ്‌ല; കാരണം ഇത്
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ കീഴിലുള്ള വാഹന ബ്രാന്‍ഡാണ് ടെസ്‌ല. വിപണിയില്‍ വന്‍ ജനപ്രീതിയുള്ള ബ്രാന്‍ഡ് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് വാഹന പ്രേമികള്‍ ഏറ്റെടുത്തത്. എന്നാല്‍ കമ്പനി ഇപ്പോള്‍ നാലായിരത്തോളം യൂണിറ്റുകള്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും തിരിച്ച് വിളിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നാലായിരം യൂണിറ്റ് കാറുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.
2022നും 2023നും ഇടയില്‍ നിര്‍മ്മിച്ച മോഡല്‍ 3, മോഡല്‍ Y വാഹനങ്ങളാണ് കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്. സോഫ്റ്റ് വെയറിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലമാണ് കമ്പനി വാഹനം തിരിച്ചുവിളിക്കുന്നത്. സോഫ്റ്റ് വെയറിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം തണുത്ത കാലാവസ്ഥയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ സ്റ്റിയറിങ്ങ് വീലില്‍ തടസം അനുഭവപ്പെടുന്നു എന്ന് കമ്പനി കണ്ടെത്തിയിരുന്നു.
വാഹനത്തിന്റെ സോഫ്റ്റ്‌വെയര്‍ പതിപ്പ് പരിശോധിച്ച് സൗജന്യമായി 2023.38ലേക്കോ അതിനുശേഷമുള്ള പതിപ്പിലേക്കോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ അല്ലെങ്കില്‍ മെയിന്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് പോലെ വാഹനത്തിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനോ അപ്പോയിന്റ്‌മെന്റ് നടത്താന്‍ ടെസ്‌ലയുമായി ബന്ധപ്പെടാന്‍ ബാധിത വാഹനങ്ങളുടെ ഉടമകളോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.അതേസമയം ജനുവരിയുടെ തുടക്കത്തില്‍ ടെസ്‌ല വാഹനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം ശരിയാക്കുന്നതിനായി ചൈനയിലെ 1.6 ദശലക്ഷം വാഹന യൂണിറ്റുകള്‍ കമ്പനി തിരിച്ച് വിളിച്ചിരുന്നു.
ഇനി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ ഇന്ത്യയില്‍ ബ്രാന്‍ഡ് പ്ലാന്റ് നിര്‍മ്മിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതോടെ വാഹനം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിലുള്ള കനത്ത ടാക്‌സ് ഒഴിവാക്കി വാഹനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനായേക്കും.
Content Highlights:Tesla recalls over 4K vehicles due to software issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."