അഭിഭാഷകയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: പരവൂര്‍ മുന്‍സിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ ബുധനാഴ്ച പുറത്തുവിട്ടു.
അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളടക്കമുള്ള വിവരങ്ങളെല്ലാം എഴുതിത്തയ്യാറാക്കിയിട്ടുണ്ടെന്നും ഇവയില്‍ പറഞ്ഞിരുന്നു.
ഒട്ടേറെ പ്രതിസന്ധികള്‍ തരണംചെയ്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് താനും ഭര്‍ത്താവും ഈ നിലയിലെത്തിയത്. തെറ്റായൊന്നും ചെയ്തിട്ടില്ല. ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. തെറ്റിനു കൂട്ടുനില്‍ക്കാത്തതിന് നിരന്തരം മാനസികപീഡനം നേരിടുകയാണ്. എന്തു ചെയ്യണമെന്നറിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഇതില്‍ പറയുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ചതാണ് ശബ്ദസന്ദേശങ്ങള്‍. അനീഷ്യയുടെ ഭര്‍ത്താവ് അജിത്ത്കുമാര്‍ മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജിയാണ്.
അസ്വാഭാവികമരണത്തിന് പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അഭിഭാഷകയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."