ദിവസം മൂന്ന് തവണയെങ്കിലും ചായ കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞോളൂ
ദിവസം മൂന്ന തവണയെങ്കിലും ചായ കുടിക്കുന്ന ശീലമുണ്ടോ?
മലയാളികളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായയിലാണ്. പിന്നീട് വൈകുന്നരത്തും അല്ലാതെയും ഇടയ്ക്കിടെ ചായകുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ചായ അഥവാ തേയില ശരീരത്തിന് ദോഷമോ നല്ലതോ എന്ന വിഷയത്തില്‍ പല തരത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ ചായയെ കുറിച്ച് ചൈനയില്‍ നടന്നൊരു പഠനത്തിന്റെ നിരീക്ഷണങ്ങളാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്.
ദിവസത്തില്‍ മൂന്ന് ചായ കഴിക്കുന്നവരില്‍ പ്രായം ബാധിക്കുന്നത് പതുക്കെയായിരിക്കും എന്നാണിവരുടെ കണ്ടെത്തല്‍. 'ദ ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് വെസ്റ്റേണ്‍ പസഫിക്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ചൈനയിലെ ഷെങ്!ഡുവിലുള്ള 'സിചുവാന്‍ യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
ഏതാണ്ട് പതിനായിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ ചായ കുറവ് കഴിക്കുന്നവരില്‍ ക്രമേണ എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥ കണ്ടെത്തിയെന്നും, അതേസമയം ദിവസം മൂന്ന് ചായ കുടിക്കുന്നവരില്‍ പ്രായം തോന്നിക്കുന്നത് മന്ദഗതിയിലാണെന്ന് കണ്ടെത്തിയെന്നും പഠനം വിശദമാക്കുന്നു. 37-73 പ്രായമുള്ളവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്.
ചായ കുടിക്കുന്നതിന്റെ പേരില്‍ ആരോഗ്യപരമായ ഗുണം നേടിയവരില്‍ അധികവും പുരുഷന്മാരായിരുന്നുവത്രേ. ഇവരില്‍ ഉറക്കമില്ലായ്മയോ ഉത്കണ്ഠയോ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ കണ്ടെത്തിയില്ലെന്നും പഠനം പറയുന്നു. സാധാരണഗതിയില്‍ ചായയോ കാപ്പിയോ അധികം കഴിച്ചാല്‍ ഉറക്കമില്ലായ്മയും ഉത്കണ്ഠയും ബാധിക്കുമെന്ന് പറയപ്പെടാറുണ്ട്.
മൂന്ന് കപ്പ് ചായ എന്ന് പറയുമ്പോള്‍ ഏകദേശം 68 ഗ്രാം തേയില. ദിവസവും ഇത്രയും തേയില ഉപയോഗിക്കുന്നത് നമ്മുടെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നാണ് ചുരുക്കത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ഈ പഠനത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന വാദമുയര്‍ന്നിട്ടുണ്ട്. ഇത് നിരീക്ഷണാത്മകമായ പഠനമാണെന്നും വാദമുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനമുണ്ടാകേണ്ടതുണ്ട്.
നേരത്തെ വന്നിട്ടുള്ള ചില പഠനറിപ്പോര്‍ട്ടുകളുമായി ഈ പഠനറിപ്പോര്‍ട്ടിനും സാമ്യതയുണ്ട്. തേയിലയുടെ മിതമായ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്നതാണ് പല പഠനങ്ങളും നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."