ഷാർജയിലെ ട്രാഫിക് കുരുക്കഴിയുന്നു; പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഷാർജയിലെ ട്രാഫിക് കുരുക്കഴിയുന്നു; പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഷാർജ: ഷാർജയിലെ വിവിധ ഇടങ്ങളിലെ ട്രാഫിക് കുരുക്കഴിക്കാൻ ട്രാഫിക് സിഗ്നലുകൾ നിർമിതബുദ്ധി സാങ്കേതികവിദ്യ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എ.ഐ) ഉൾപ്പെടുത്തി നവീകരിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). എ.ഐ സംവിധാനം ഉപയോഗിച്ച് 48 ട്രാഫിക് സിഗ്നലുകളാണ് മെച്ചപ്പെടുത്തിയത്. ഇതുവഴി നഗരത്തിലെ ട്രാഫിക് ഒഴുക്ക് 30 ശതമാനം വരെ വർധിപ്പിക്കുമെന്ന് എസ്.ആർ.ടി.എ അറിയിച്ചു.
റോഡുകളിൽ ഗതാഗതക്കുരുക്ക് വലിയ അളവിൽ കുറക്കാൻ ഉപകരിക്കുന്നതാണ് പരിഷ്കരണം. വാഹനങ്ങളുടെ ഒഴുക്ക് 30 ശതമാനം വേഗത്തിലാക്കാൻ പദ്ധതി ഉപകരിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സെൻസറുകളും ക്യാമറകളും തത്സമയ ട്രാഫിക് വിശകലനം ചെയ്ത് സിഗ്നൽ സമയം ക്രമീകരിക്കുമെന്ന് എസ്.ആർ.ടി.എ ചെയർമാൻ യൂസിഫ് അലത്ത്മനി പറഞ്ഞു.
ട്രാഫിക് വോളിയവും ട്രെൻഡുകളും അടിസ്ഥാനമാക്കി ലൈറ്റുകൾ പച്ചയോ ചുവപ്പോ ആയി തുടരും. അതിനനുസൃതമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം എ ഐയുടെ പഠന പ്രക്രിയ തുടർച്ചയായി നടക്കും. ഓരോ സമയത്തും കടന്നുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും സെൻസറുകളും ക്യാമറയും സഹായിക്കും. ഇതുവഴി സിഗ്നലിൻറെ സമയം ക്രമീകരിക്കാൻ സാധിക്കും.
ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കുന്നതിന് 2023ൽ എസ്.ആർ.ടി.എ ഇത്തിഹാദ് റോഡിലും അൽ താവൂൻ ഏരിയയിലും രണ്ട് പദ്ധതികൾ നടപ്പാക്കിയിരുന്നു. എമിറേറ്റിലുടനീളം ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സൗകര്യം വർധിപ്പിക്കുന്നതിന് ‘ബീഅ’മായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അതോറിറ്റി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."