ലാവ്ലിന് കേസ് വീണ്ടും മാറ്റി; മാറ്റുന്നത് 38ാം തവണ
ലാവ്ലിന് കേസ് വീണ്ടും മാറ്റി; മാറ്റുന്നത് 38ാം തവണ
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് മെയ് ഒന്നിന് പരിഗണിക്കുന്നതിനായാണ് മാറ്റിയത്. ഇത് 38ാം തവണയാണ് കേസ് മാറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. കേസെടുക്കാന്‍ സിബിഐക്ക് താല്പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ കോടതി എത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു.
പിണറായി ഉള്‍പ്പെടെ മൂന്നുപേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട്, 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടിസ് അയച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്കാന് തുടങ്ങിയതോടെ വാദംകേള്‍ക്കല്‍ അനന്തമായി നീണ്ടുതുടങ്ങി. അപ്പീല്‍ നല്കിയ സി.ബി.ഐ പലതവണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത്, എം.ആര് ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍നിന്നു വിരമിച്ചു.
കേസിന്റെ വാദം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. കേസ് വാദിക്കാന്‍ തയാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകന് അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ നിരന്തരം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."