യു.എസിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ അതിക്രൂര ആക്രമണം
യു.എസിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ അതിക്രൂര ആക്രമണം
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ലാന്‍ഗര്‍ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിര്‍ അലിയെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്. ചിക്കാഗോയിലെ നോര്‍ത്ത് കാംബലിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ കാംബല്‍ അവന്യൂവിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി. മര്‍ദന വിവരം വിശദീകരിക്കുന്നഅലിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണ പാക്കറ്റുമായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു നാലംഗ സംഘം ആക്രമിച്ചതെന്ന് അലി പറയുന്നു. അലിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടു. ഇടിയേറ്റ മുഖത്ത് നിന്ന് രക്തം ഒഴുകുന്നത് വിഡിയോയില്‍ കാണാം.
'നാല് ആളുകളാണ് എന്നെ അക്രമിച്ചത്. ഫുഡ് പാക്കറ്റുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓടുന്നതിനിടെ വീടിനടുത്ത് ഞാന്‍ വഴുതി വീണു. പിന്നാലെ അക്രമികള്‍ എന്നെ അടിക്കുകയും തൊഴിക്കുകയും ചെയ്തു' വീഡിയോയില്‍ പറയുന്നു.
സംഭവം ഏറെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. പിന്നാലെ അലിയില്‍ നിന്നും ഭാര്യ സെയ്ദ റുഖിയ ഫാത്തിമ റസ്‌വിയില്‍ നിന്നും വിവരങ്ങള്‍ അരാഞ്ഞതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടതായും കോണ്‍സുലേറ്റ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച 19 വയസ്സുള്ള ശ്രേയസ് റെഡ്ഢി എന്ന വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേ ആഴ്ച തന്നെ നീല്‍ ആചാര്യ എന്ന വിദ്യാര്‍ഥിയേയും മരിച്ച നിലയില്‍ കണ്ടെത്തി. നീലിനെ കാണാനില്ലെന്ന അമ്മയുടെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജനുവരി 16ന് വിവേക് സൈനി എന്നയാള്‍ യു.എസില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."