യുഎഇയിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ
യുഎഇയിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ
അബുദാബി: യുഎഇയിൽ പരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് ഫെഡറൽ നിയമം അനുസരിച്ച് 200,000 ദിർഹം വരെ പിഴ ഈടാക്കും. വിദ്യാർഥിയല്ലാത്ത ഒരാൾ പരീക്ഷയ്‌ക്ക് മുമ്പോ പരീക്ഷ സമയത്തോ ശേഷമോ നിയമ വ്യവസ്ഥ ലംഘിക്കുന്ന കാര്യം ചെയ്താലാണ് പിഴ ഈടാക്കുക. വിവിധ മേഖലകളിലായി കഴിഞ്ഞ വർഷം പാസാക്കിയ 73 ഫെഡറൽ നിയമനിർമ്മാണങ്ങളിൽ ഈ നിയമം ഉൾപ്പെടുന്നു. മൂന്ന് കാര്യങ്ങൾ ചെയ്താലാണ് 200,000 ദിർഹം വരെ പിഴ ചുമത്തുക.
- ചോദ്യങ്ങൾ, ഉത്തരങ്ങൾ അല്ലെങ്കിൽ പരീക്ഷാ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ അച്ചടിക്കുക, പ്രസിദ്ധീകരിക്കുക, പ്രോത്സാഹിപ്പിക്കുക, കൈമാറുക അല്ലെങ്കിൽ ചോർത്തുക
- ഉത്തരങ്ങളോ നൽകിയ ഗ്രേഡുകളോ പരിഷ്കരിക്കുക
- ഒരു വിദ്യാർഥിയ്ക്ക് പകരം അവൻ്റെ/അവളുടെ സ്ഥാനത്ത് പരീക്ഷ എഴുതാൻ ആൾമാറാട്ടം നടത്തുക.
കുറ്റം തെളിയിക്കപ്പെട്ടാൽ, കുറ്റവാളിക്ക് ആറ് മാസം വരെ കമ്മ്യൂണിറ്റി സേവനം ചെയ്യാനും ശിക്ഷ വിധിക്കും.
അതേസമയം, ഒരു വിദ്യാർഥി കോപ്പിയടിച്ചതായി പിടിക്കപ്പെട്ടാൽ, ഇവർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ അധികാരികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രാബല്യത്തിലുള്ള പെരുമാറ്റ ചട്ടങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിദ്യാർഥികൾക്ക് എതിരെയുള്ള നടപടികൾ.
ഇലക്ട്രോണിക് പരീക്ഷാ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുക, ഫലങ്ങളിൽ കൃത്രിമം കാണിക്കുക, അല്ലെങ്കിൽ ഏതെങ്കിലും വിവര സാങ്കേതിക മാർഗങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ, ഉത്തരങ്ങൾ, അല്ലെങ്കിൽ പരീക്ഷാ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടുകയോ നൽകുകയോ ചോർത്തുകയോ ചെയ്യുക പരീക്ഷാ മുറികളിലും കേന്ദ്രങ്ങളിലും മറ്റ് നിയമവിരുദ്ധ മാർഗങ്ങൾ എന്നിവയെല്ലാം പരീക്ഷ തട്ടിപ്പിന്റെ പരിധിയിൽ വരുന്നതാണ്.
സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."