'നിങ്ങള്‍ സംസാരിച്ചാല്‍ നിങ്ങളുടെ വീട് പൊളിക്കും: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതി'; മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ബുള്‍ഡോസര്‍ രാജ് തുറന്നുകാട്ടി ആംനസ്റ്റി റിപ്പോര്‍ട്ട്
'നിങ്ങള്‍ സംസാരിച്ചാല്‍ നിങ്ങളുടെ വീട് പൊളിക്കും: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതി'; മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ബുള്‍ഡോസര്‍ രാജ് തുറന്നുകാട്ടി ആംനസ്റ്റി റിപ്പോര്‍ട്ട്
രാജ്യത്ത് മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാരുകള്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെ കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. മുസ് ലിങ്ങളുടെ വീടുകള്‍, വ്യാപരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവക്ക് നേരെ നടത്തിയ നിയമവിരുദ്ധമായ നടപടിയെ കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. 'നിങ്ങള്‍ സംസാരിച്ചാല്‍ നിങ്ങളുടെ വീട് പൊളിക്കും: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതി', 'ഉത്തരവാദിത്തം കണ്ടെത്തല്‍: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതിയില്‍ ജെ.സി.ബിയുടെ റോളും ഉത്തരവാദിത്തവും' എന്നീ രണ്ട് റിപ്പോര്‍ട്ടുകളാണ് ആംനെസ്റ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചത്.
2022 ഏപ്രിലിനും ജൂണിനുമിടയില്‍ ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും ശിക്ഷ നടപടിയുടെ പേരില്‍ 128 കെട്ടിടങ്ങളാണ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതെന്നും ഇതില്‍ കൂടുതലും മുസ് ലിംകളുടേതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പൊളിക്കല്‍ നടന്നത്, 56 എണ്ണം. ഗുജറാത്തില്‍ 36ഉം ഡല്‍ഹിയില്‍ 25 എണ്ണവും തകര്‍ത്തു. അസമില്‍ എട്ടും ഉത്തര്‍പ്രദേശില്‍ മൂന്നും കെട്ടിടങ്ങള്‍ ഇക്കാലയളവില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായി.
തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെയാണ് ഇത്തരം പ്രതികാര നടപടികള്‍ കൂടുതലും സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ചും ഇന്ത്യ കക്ഷിയായ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരവും ഇത്തരം പൊളിക്കലുകള്‍ നിരോധിച്ചിട്ടുണ്ടെന്നും സംഘടന ഓര്‍മിപ്പിക്കുന്നു.
അനധികൃത നിര്‍മാണം നീക്കം ചെയ്യുന്നതിന്റെ മറവില്‍ പലപ്പോഴും നടപ്പാക്കിയ പൊളിക്കലുകള്‍ ആഭ്യന്തര, അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു. മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ തെരഞ്ഞെടുത്ത് പൊളിച്ചുമാറ്റി, സമീപത്തുള്ള ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും സ്പര്‍ശിക്കാതെ അവശേഷിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
കെട്ടിടങ്ങളിലെ താമസക്കാരെയും നിയമവിദഗ്ധരെയും പത്രപ്രവര്‍ത്തകരെയും അഭിമുഖം നടത്തി കൃത്യമായ അന്വേഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പലവിധത്തിലുള്ള ബി.ജെ.പി വിരുദ്ധ പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതിഷേധങ്ങളിലും അക്രമങ്ങളിലും പങ്കെടുത്തതായി സംശയിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ ലക്ഷ്യം വെക്കാന്‍ ഈ സംസ്ഥാനങ്ങളിലെ ഉന്നത രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊളിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന് 2022 ജൂണില്‍ മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി വക്താക്കള്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രയാഗ് രാജില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ബുള്‍ഡോസറുകള്‍ 'കുറ്റവാളികളെയും മാഫിയകളെയും' തകര്‍ക്കുന്നത് തുടരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഭീഷണിപ്പെടുത്തിയത് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ജാവേദ് മുഹമ്മദിന്റെ വീട് അതേദിവസം തന്നെ അധികൃതര്‍ തകര്‍ത്തു. പ്രതിഷേധിച്ചതിന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊളിക്കല്‍ നടത്തിയതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണ്ടെത്തി. പൊളിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറുകള്‍ ബാധിത കക്ഷികളുമായി സംസാരിക്കുകയോ മതിയായ അറിയിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു..
ഭവനരഹിതരാക്കപ്പെടുന്നതിനു പുറമേ, പൊളിച്ചുമാറ്റുന്നത് ചോദ്യം ചെയ്തപ്പോള്‍ നിരവധി മുസ്‌ലിംകളെ പൊലിസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കുകയും ചെയ്തു. ഇത് ഭരണഘടനയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യയോട് ആംനസ്റ്റി ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."