ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന് സൂചന; നിതീഷ് കുമാറിന് നിര്‍ണായകം
ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന് സൂചന; നിതീഷ് കുമാറിന് നിര്‍ണായകം
പട്‌ന: ബിഹാറില്‍ മഹാസഖ്യം വിട്ട് എന്‍.ഡി.എയിലേക്ക് കൂടുമാറിയ നിതീഷ് കുമാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ആകെ 243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. എന്‍.ഡി.എ സഖ്യത്തിന് നിലവില്‍ 128 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. മഹാസഖ്യത്തില്‍ 114 പേരും. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ വിധി നിതീഷ് കുമാറിന് അനുകൂലമാകാനാണ് സാധ്യത.
എങ്കിലും ഇരു ഭാഗത്തും ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കാനിരിക്കെ ജെ.ഡി. (യു)വിലെ അഞ്ച് എം.എല്‍.എമാരെ പാര്‍ട്ടി നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ ബിഹാറില്‍ സജീവമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതോടെ വിശ്വാസ വോട്ടെടുപ്പില്‍ എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വിപ്പ് നല്‍കിയിരിക്കുകയാണ് ജെ.ഡി.യു.
നിതീഷ് കുമാര്‍ മഹാസഖ്യം പിളര്‍ത്തിയതോടെ റിസോര്‍ട്ടിലേക്ക് മാറ്റിയ എം.എല്‍.എമാരെല്ലാം ബിഹാറിലേക്ക് മടങ്ങിയെത്തിയതായാണ് റിപ്പോര്‍ട്ട്. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കര്‍ സ്ഥാനം രാജിവെച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ സഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കാനാണ് നീക്കം. ഇരു ഭാഗത്തിന്റെയും ആദ്യ ബലപരീക്ഷണമാകും സ്പീക്കര്‍ക്കെതിരായ പ്രമേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."