അല്ലാഹുവിന്റെ അതിഥിയുടെ യാത്ര
ഹജ്ജിന് ഉദ്ദേശിക്കുകയും അതിനായി ഒരുങ്ങുകയും ചെയ്ത തീര്‍ഥാടകന്‍ യാത്രയ്ക്ക് സജ്ജനാകണം. സമയകൃത്യതയാണ് പരമപ്രധാനം. യാത്രാ തിയതിയുടെ തലേദിവസം ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനും ഇടയില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തണം. കവറിലുള്ള മുഴുവന്‍ ആളുകളുടെയും ലഗേജുകള്‍ ഒന്നിച്ച് സഊദി എയര്‍ലൈനിന്റെ കൗണ്ടറില്‍ ഏല്‍പ്പിച്ച് ടോക്കണ്‍ വാങ്ങേണ്ടതും തുടര്‍ന്ന് ആ ടോക്കണ്‍ സൂക്ഷിക്കേണ്ടതുമാണ്. പിന്നീട് ക്യാംപിലുള്ള ഹജ്ജ് സെല്ലില്‍ നിന്ന് കവര്‍ ലീഡര്‍ യാത്രാ രേഖകള്‍ ഏറ്റ് വാങ്ങേണ്ടതാണ്. ഓരോ ഹാജിയുടെയും പാസ്‌പോര്‍ട്ട്, ബോര്‍ഡിങ് പാസ്, സ്റ്റീല്‍ വള, ഐഡന്റിറ്റി കാര്‍ഡ്, മടക്കയാത്രയ്ക്കുള്ള ബോര്‍ഡിങ് പാസ് എന്നിവ അവിടെ നിന്ന് ലഭിക്കും. തൊട്ടടുത്തുള്ള ബേങ്ക് കൗണ്ടറില്‍ നിന്ന് സഊദിയിലെ ദൈനംദിന ചെലവിനുള്ള 2100 (ഏകദേശം) റിയാലും ഓരോരുത്തര്‍ക്കും ലഭിക്കും. കൗണ്ടറില്‍ നിന്നും പണം എണ്ണി നോക്കേണ്ടതാണ്. സഊദി റിയാല്‍ 500, 200, 100, 50, 20, 10, 5, 1 എന്നിങ്ങനെയുള്ള നോട്ടുകള്‍ ഉണ്ടായിരിക്കും. യാത്രാ രേഖകളും മറ്റും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. യാതൊരു കാരണവശാലും പണം മൊത്തമായി ഒരാള്‍ കൈവശം വയ്ക്കരുത്. അവനവന്റെ യുക്തം പോലെ ഓരോരുത്തരും പണം സൂക്ഷിക്കുക.
ക്യാംപില്‍ നിന്നും വളയും മാലയും അവിടെ നിന്നും തന്നെ ഹാജിമാര്‍ അണിയേണ്ടതാണ്. യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷം മാത്രം ഊരി വയ്ക്കാന്‍ പാടുള്ളൂ. ഏതെങ്കിലും കാരണത്താല്‍ കൂട്ടം തെറ്റുകയോ വഴി തെറ്റുകയോ ചെയ്താല്‍ യഥാസ്ഥാനത്ത് എത്തിചേരാന്‍ സ്റ്റീല്‍ വള നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണ ക്യാംപില്‍ വച്ച് ഹാജിമാര്‍ക്ക് സിംകാര്‍ഡ് നല്‍കുന്നതല്ല.മക്കയിലെത്തി ഇന്ത്യന്‍ഹജ്ജ് മിഷന്റെബ്രാഞ്ച് ഓഫിസുകളില്‍ നിന്ന് ആവശ്യമായ രേഖകള്‍ കൊടുത്ത് സിം കാര്‍ഡ് കൈവശപ്പെടുത്താവുന്നതാണ്. (ഇപ്പോള്‍തന്നെ സഊദിയിലുള്ള പ്രവാസികളുമായിബന്ധപ്പെട്ട് സിം സംഘടിപ്പിക്കുന്നത് ഗുണകരമാകും) നിങ്ങള്‍ അവിടെ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ നിങ്ങളുടെ വളണ്ടിയര്‍ക്ക് കൈമാറേണ്ടതാണ്.
ഹാജിമാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യവും ഹജ്ജ് ക്യാംപില്‍ ഒരുക്കിയിട്ടുണ്ട്. ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ അറിയിപ്പ് ലഭിച്ചാല്‍ കുളിക്കേണ്ടവര്‍ക്ക് കുളിക്കാനുള്ള സൗകര്യവും ക്യാംപില്‍ ഉണ്ട്. (കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ നിന്നും കളയേണ്ട നഖം, രോമങ്ങള്‍ എല്ലാം വീട്ടില്‍ നിന്ന് തന്നെ കളഞ്ഞ് വരേണ്ടതാണ്) എല്ലാവരും ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച്, ഹജ്ജ് ഹാളില്‍ ഒത്ത്കൂടി ഹജ്ജ് കമ്മിറ്റിയും ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദേശങ്ങളും കേട്ട്, ഇഹ്‌റാമിന്റെ നിയ്യത്തും വച്ച ശേഷം നിങ്ങളെ വിമാനയാത്രയുടെ മൂന്ന് , നാല് മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് പോകുന്നതാണ്. ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ പിന്നീട് തല്‍ബിയ്യത് (ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ, വന്നിഅ്മത്ത ലക വല്‍ മുല്‍ക്, ലാ ശരീകലക് )ചൊല്ലികൊണ്ടിരിക്കണം. മറ്റു സംസാരങ്ങള്‍ ഒഴിവാക്കുക. കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രാ പരിശോധനകള്‍ക്ക് ശേഷം വിശാലമായ ലോഞ്ചില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാം. അവിടെ നിസ്‌കരിക്കാനും, ടോയ്‌ലറ്റില്‍ പോകാനും സൗകര്യമുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം വിമാനത്തില്‍ ക്യൂ പാലിച്ച് കയറുക. അല്ലാഹുവിന് മുമ്പില്‍ വിനയാന്വിതരായി ദിക്‌റുകളും പ്രാര്‍ഥനകളുമായി വിമാനത്തില്‍ കയറുക. ഇനി മുതല്‍ കൂടുതല്‍ സമയവും അല്ലാഹുവിനെ സ്മരിക്കലും അല്ലാഹുവും തിരു നബി (സ്വ) നിര്‍ദേശിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആവേശവുമായിരിക്കണം ഹാജിയുടെ മനസ്സിലുണ്ടാവേണ്ടത്.
വിമാനത്തില്‍
അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളില്‍ തിരക്ക് കൂട്ടാതെ ഇരിക്കുക. യാത്രാ വേളയില്‍ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ ഹാന്റ് ബേഗേജില്‍ നിന്നെടുത്ത് ഹാന്റ് ബേഗേജ് സീറ്റിന് മുകളിലുള്ള അറയില്‍ വയ്ക്കുക. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്ന രീതി മനസ്സിലാക്കുക. വിമാനത്തിനുള്ളില്‍ തണുപ്പ് കൂടുതലാണെന്ന് തോന്നുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കമ്പിളി ചോദിച്ചു വാങ്ങാവുന്നതാണ്. നമ്മുടെ ഇരിപ്പിടത്തിലേക്ക് ഭക്ഷണം കൊണ്ടുവരും. മുന്‍ ഭാഗത്തുള്ള പാഡ് നിവര്‍ത്തി ഭക്ഷണപൊതി അതില്‍ വച്ച് കഴിക്കാവുന്നതാണ്. ഭക്ഷണം ആവശ്യത്തിനുള്ളത് മാത്രം കഴിച്ച് ബാക്കിയുള്ളത് അവിടെ തന്നെ വയ്ക്കുക. വിമാനത്തിലെ ടോയ്‌ലറ്റില്‍ വെള്ളം വളരെ കുറവായിരിക്കും.
വെള്ളത്തിന് പകരം കൂടുതലും കടലാസ് ആണ് ഉപയോഗിക്കുന്നത്. ടോയ്‌ലറ്റില്‍ വച്ച് വുളു ചെയ്യാനും മറ്റും പാടില്ല. ടോയ്‌ലറ്റിലെ തറയുടെ അടിഭാഗത്ത് ധാരാളം ഇലക്ട്രിക് വയറുകളും മറ്റും ഉള്ളത് കൊണ്ട് തറയില്‍ വെള്ളം വീണാല്‍ വൈദ്യുതി തകരാറ് സംഭവിച്ച് വിമാനത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം തറയില്‍ വീഴാതെ സൂക്ഷിക്കേണ്ടതാണ്. ടോയ്‌ലറ്റിലുള്ള സുഗന്ധം പൂശിയ ടിഷ്യൂ പേപ്പര്‍ ഇഹ്‌റാമിലുള്ളവര്‍ ഉപയോഗിക്കരുത്.ജിദ്ദയില്‍ ഇറങ്ങുന്നതിന്റെ ഏകദേശം 20 മിനിറ്റ് മുമ്പ് ഖര്‍നുല്‍ മനാസില്‍ എന്ന മീഖാത്തിലൂടെ വിമാനം കടന്ന് പോകും. മീഖാത്തില്‍ വച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതാണ് നബിചര്യ. എന്നാല്‍ നമ്മള്‍ സൂക്ഷ്മതയ്ക്ക് വേണ്ടി ഹജ്ജ് ഹൗസില്‍ നിന്നുതന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതാണ്. തുടര്‍ന്ന് വിശുദ്ധ കഅ്ബാലയം കാണുന്നത് വരെ പുരുഷന്മാര്‍ ഉച്ചത്തിലും സ്ത്രീകള്‍ ശബ്ദം താഴ്ത്തിയും 'തല്‍ബിയ്യത്ത്' ചൊല്ലിക്കൊണ്ടിരിക്കണം. ഇഹ്‌റാമില്‍ നിഷിദ്ധമായത് ചെയ്യാതെ സൂക്ഷിക്കുക.
സഊദി എയര്‍പോര്‍ട്ടില്‍
വിമാനത്തില്‍ നിന്നിറങ്ങിയതിന് ശേഷം വിമാനത്താവളത്തിലെ വിശാലമായ വെയിറ്റിങ് ഹാളില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ അവിടെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ഉപയോഗിക്കുക. നിങ്ങള്‍ വെയിറ്റിങ് ഹാളില്‍ മൂന്ന്, നാല് മണിക്കൂറെങ്കിലും ഇരിക്കേണ്ടി വരും. ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് തൊട്ടടുത്തുള്ള എമിഗ്രേഷന്‍ ഹാളിലേക്ക് പോവുക. പുരുഷന്മാരും സ്ത്രീകളും പ്രത്യേകം വരികളായി നില്‍ക്കേണ്ടിവരുന്നത് കൊണ്ട് സ്വന്തം പാസ്‌പോര്‍ട്ട് അവനവന്‍ തന്നെ കൈയില്‍ കരുതണം, എമിഗ്രേഷന്‍ കൗണ്ടറില്‍ നമ്മുടെ കൈയുടേയും കണ്ണിന്റെയും അടയാളങ്ങള്‍ എടുത്ത ശേഷം പാസ്‌പോര്‍ട്ട് സീല്‍ ചെയ്തു തരും. അതുവാങ്ങി നിങ്ങള്‍ നേരെ ലഗേജിന്റെ അടുത്ത് പോയി നിങ്ങളുടെ ലഗേജ് നിങ്ങള്‍ തന്നെ തെരഞ്ഞ്പിടിച്ച് ട്രോളിയില്‍ വച്ച് മുന്നോട്ട് നീങ്ങുക. അവിടെ വച്ച് കംസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം ലഗേജുമായി ഹോള്‍ഡിംങ് ഏരിയയില്‍ പോയി നില്‍ക്കുക. ഇന്ത്യയുടെ ഹോള്‍ഡിങ് ഏരിയയ്ക്കു ചുറ്റും ദേശീയ പതാക വച്ചിട്ടുണ്ടാവും.
അവിടെ ടോയ്‌ലറ്റില്‍ പോകാനും നിസ്‌കരിക്കാനുമുള്ള സൗകര്യമുണ്ട്. കൂടാതെ നിങ്ങളുടെ സഹായത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുടെ സേവനവു ലഭിക്കും. കസ്റ്റംസ് ക്ലിയറിങ് കഴിഞ്ഞ് പുറത്തിറങ്ങി നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള ബസിന്റെ നമ്പര്‍ നോക്കി അതേ ബസില്‍തന്നെ ലഗേജും കയറ്റി നിങ്ങളും അതേ ബസില്‍ കയറിയിരിക്കുക. അതേബസിലായിരിക്കും നിങ്ങളെ മക്കയിലുള്ള താമസ സ്ഥലത്തേയ്ക്ക് കൊണ്ട് പോകുക. ഒരേ കവറിലുള്ളവര്‍ മുഴുവന്‍ ഒരു ബസില്‍ തന്നെ കയറണം. ബസില്‍ വച്ച് മുതവ്വിഫിന്റെ പ്രതിനിധിയോ ബസ് ഡ്രൈവറോ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് മാത്രം അദ്ദേഹത്തെ ഏല്‍പ്പിക്കുക. അവര്‍ നിങ്ങള്‍ക്ക് അവരുടെ അഡ്രസ് കാര്‍ഡ് നല്‍കുന്നതാണ്. പാസ്‌പോര്‍ട്ട് പിന്നീട് ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ ബസില്‍ വെച്ച് മാത്രമേ നിങ്ങള്‍ക്ക് മടക്കി നല്‍കുകയുള്ളൂ. വിമാനമിറങ്ങിയതിന് ശേഷം ഇത് വരെയുള്ള കാര്യങ്ങള്‍ക്ക് ഏകദേശം മൂന്ന്,നാല് മണിക്കൂര്‍ സമയം എടുക്കും. അത് കൊണ്ട് ഓരോ വേളയിലും ക്ഷമ കൈവിടാതെ, ഇഹ്‌റാമിലാണെന്ന ബോധത്തോടെ പെരുമാറുക.
അവസാനിച്ചു.
(സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ മലപ്പുറം ജില്ലാ ട്രെയ്‌നറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."