പിലിക്കോട്ടെ വിദ്യാലയങ്ങളില്‍ 'നാട്ടുപൂക്കളം '
ചെറുവത്തൂര്‍: നാട്ടുപൂക്കള്‍ കൊണ്ടു പൂക്കളമൊരുക്കി, ചിങ്ങ പ്രതിജ്ഞ ചൊല്ലി പിലിക്കോട്ടെ വിദ്യാലയങ്ങള്‍ ചിങ്ങപ്പുലരിയെ വരവേറ്റു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളില്‍ വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി ചേര്‍ന്ന് കൃഷിയുടെ മഹത്വം വിളിച്ചോതുന്ന പ്രതിജ്ഞ ചൊല്ലിയാണ് കുട്ടികള്‍ പൂക്കളമിട്ടത്. തുമ്പ, ഹനുമാന്‍ കിരീടം, കോളാമ്പി, ചെമ്പരത്തി, ആമ്പല്‍, മന്ദാരം തുടങ്ങിയ വീട്ടുതൊടികളില്‍ നിന്നു ശേഖരിച്ച പൂക്കളാണ് ഉപയോഗിച്ചത്. പുത്തിലോട്ട് എ.യു.പി സ്‌കൂളില്‍ പച്ചക്കറികളും പൂക്കളത്തില്‍ ഇടം പിടിച്ചു. ഓണപ്പൂക്കളങ്ങള്‍ മറുനാടന്‍ പൂക്കള്‍ കൈയടക്കുമ്പോള്‍ മുറ്റത്തെ പൂക്കളെ കുട്ടികള്‍ തിരിച്ചറിയാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണ് ചിങ്ങപ്പുലരിയില്‍ നാട്ടുപൂക്കള്‍ കൊണ്ടൊരു പൂക്കളം എന്ന ആശയം പഞ്ചായത്ത് വിദ്യാഭ്യാസ സമിതി മുന്നോട്ട് വച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദാമോദരന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."