യുദ്ധക്കൊതി അവസാനിക്കാതെ ഇസ്‌റാഈല്‍; വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും റഫക്ക് നേരെ ആക്രമണം തുടരുമെന്ന് നെതന്യാഹു
ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും ഗാസക്ക് നേരെ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതോടെ വടക്കന്‍ ഗാസയില്‍ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്നും പിന്മാറുമെന്ന് ഹമാസും നിലപാടെടുത്തു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയേറ്റെങ്കിലും വെടിനിര്‍ത്തല്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്. അതിനായുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി പറഞ്ഞു.
അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തങ്ങള്‍ ഗൗനിക്കുന്നില്ലെന്നും ബന്ദികളുടെ കൈമാറ്റത്തിന് ഹമാസുമായി കരാറുണ്ടായാലും റഫക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കില്ലെന്നുമാണ് നെതന്യാഹു നിലപാടെടുത്തിരിക്കുന്നത്. ഇതിന് പുറമെ രാജ്യം ഒരു തരത്തിലുള്ള സാമ്പത്തികമായ പ്രയാസങ്ങളും നേരിടുന്നില്ലെന്നും നെതന്യാഹു അറിയിച്ചു. ഇതിന് പുറമെ റമദാന്‍ മാസത്തിലും ഗാസക്ക് നേരെ ആക്രമണം തുടരുമെന്നാണ് മന്ത്രി ബെന്നി ഗാന്റ്‌സ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് അധിനിവേശ രാജ്യത്തിന്റെ തലസ്ഥാനമായ ടെല്‍ അവീവില്‍ പ്രതിഷേധിക്കുന്നത്. ഇതിന് പുറമെ തൊഴിലാളി സംഘടനകളെ അണിനിരത്തി ബന്ദികളുടെ മോചനത്തിനായി അനശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്നും ബന്ദികളുടെ കുടുംബക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. ഇതില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."