ഇലക്ടറൽ ബോണ്ട് കോടതി പറഞ്ഞതും പിന്നാമ്പുറവും
റജിമോൻ കുട്ടപ്പൻ
2024 ഫെബ്രുവരി പതിനഞ്ചിനു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രത്തിന്റെ 2018ലെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ ഏകകണ്ഠമായി തള്ളിയതായി വിധി പ്രഖ്യാപിച്ചു. ഭരണഘടനാ അനുച്ഛേദം 19 (1)(എ) പ്രകാരം സമ്മതിദായകന്റെ വിവരാവകാശത്തെ ലംഘിക്കുന്നതാണ് ഈ പദ്ധതിയെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവുണ്ടായത്. രാഷ്ട്രീയപാർട്ടികൾക്ക് വൻകിട സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പരസ്യമാക്കാതെ തന്നെ സംഭാവനകൾ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് ഈ പദ്ധതി. ഇത് ‘രാഷ്ട്രീയസംഭാവനകളെ അതാര്യമാക്കുന്നതായും തെരഞ്ഞെടുപ്പ് അഴിമതിക്ക് ഭീമാകാരമായ നിയമസാധുത്വം നൽകുന്ന’തായും ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആർ), കോമൺ കോസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി.പി.എം) എന്നീ സംഘടനകൾ ചൂണ്ടിക്കാട്ടി.
2018 ജനുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി പരിചയപ്പെടുത്തിക്കൊണ്ട് ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇതുപ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ ചില ശാഖകൾക്ക് ₹1,000, ₹10,000, ₹1,00,000, ₹10,00,000, ₹ 1,00,00,000 എന്നീ മൂല്യങ്ങളിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കാനുള്ള അധികാരമുണ്ട്. എല്ലാവർഷവും ജനുവരി, ഏപ്രിൽ, ജൂലൈ, ഓക്ടോബർ എന്നീ മാസങ്ങളിലെ പത്തു ദിവസങ്ങളിലാണ് ഈ ബോണ്ടുകൾ വിൽക്കാൻ സാധിക്കുക. എസ്.ബി.ഐയുടെ പക്കൽ തങ്ങളുടെ ഉപഭോക്താവിന്റെ കെ.വൈ.സി വിവരങ്ങളുള്ളതൊഴിച്ചാൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ ആരു വാങ്ങിയെന്ന വിവരം അജ്ഞാതമായി തുടരും. കൂടാതെ, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിലധികം വോട്ടുകൾ നേടിയ രാഷ്ട്രീയകക്ഷികൾക്ക് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സംഭാവനകൾ സ്വീകരിക്കാവുന്നതുമാണ്. രാഷ്ട്രീയകക്ഷികളിലേക്ക് നിയന്ത്രണമില്ലാതെ പണമെത്തുന്നത് സമത്വാധിഷ്ഠിതവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അടിസ്ഥാന പ്രത്യേകതയായ രഹസ്യസ്വഭാവം സമ്മതിദായകന്റെ വിവരാവകാശത്തെ ലംഘിക്കുമോ എന്നതും അതീവ ഗൗരവ പ്രശ്നങ്ങളാണ്.
കോടതിയും കേസും
2016, 2017കളിലെ ധനനിയമ ഭേദഗതികളും തുടർന്നുള്ള പദ്ധതികളും സാമ്പത്തിക നയങ്ങളാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ‘സാമ്പത്തിക നയസംബന്ധിയായ വിഷയങ്ങളിൽ നിയമനിർമാണ സഭയ്ക്കും ഭരണനിർവാഹകർക്കുമുള്ള പ്രാഥമികവും ഉന്നതവുമായ സ്ഥാനത്തെ പരിഗണിച്ചുകൊണ്ട് ഈ ഹരജി പരിഗണിക്കുന്നതിൽനിന്ന് മാറിനിൽക്കണം’ എന്നാണ് കേന്ദ്രം കോടതിക്ക് മുമ്പാകെ വാദിച്ചത്. എന്നാൽ ഈ ‘നിയമത്തിന്റെ യഥാർഥ പ്രകൃതം’ ഈ പദ്ധതിയെ സാമ്പത്തിക നയമായി സൂചിപ്പിക്കുന്നില്ല എന്നതാണ് കോടതിയുടെ നിരീക്ഷണം. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ മുപ്പത്തിയൊന്നാം വകുപ്പിൽ കൊണ്ടുവന്ന ഭേദഗതിയെ സാമ്പത്തിക ചട്ടമായി പരിഗണിക്കാവുന്നതാണ്, എന്നാൽ ‘സാമ്പത്തികനയം എന്ന വിധത്തിലുള്ള ഏതെങ്കിലും സാദൃശ്യം അവിടെ അവസാനിക്കുകയാണെ’ന്നും കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തിക നിയമം, 2017ലെ ഭേദഗതികളിലൂടെ തെരഞ്ഞെടുപ്പ് ബോണ്ടിന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മൂന്ന് പ്രധാന മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഒന്നാമതായി, 1951ലെ ജനപ്രാതിനിധ്യ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം, തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്ന സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ സംഭാവനാ റിപ്പോർട്ടിൽ പരസ്യമാക്കേണ്ടതില്ല. രണ്ടാമതായി, 1961ലെ ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന മാറ്റങ്ങളനുസരിച്ച്, രാഷ്ട്രീയകക്ഷികൾ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സ്വീകരിക്കുന്ന സംഭാവനകളെ സംബന്ധിച്ച വിശദവിവരങ്ങൾ സൂക്ഷിക്കുന്നതിൽ ഇളവുകളുണ്ട്. മൂന്നാമതായി, 2013ലെ കമ്പനി നിയമ ഭേദഗതിപ്രകാരം കമ്പനികൾ രാഷ്ട്രീയകക്ഷികൾക്ക് നൽകിയ സംഭാവനകളുടെ വിശദവിവരങ്ങൾ കാണിക്കേണ്ടതില്ല, പകരം മൊത്തം തുക എത്രയെന്ന് കാണിച്ചാൽ മതി.
തങ്ങൾ വോട്ടു രേഖപ്പെടുത്തുന്ന സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങൾ വോട്ടർമാരെ ശാക്തീകരിക്കുന്നതാണെന്നും അതിനാൽ ആ വിവരങ്ങൾ ‘ശരിയായി വോട്ടു രേഖപ്പെടുത്തുന്നതിന്’ സമ്മതിദായകരുടെ അവകാശമാണെന്നും ഈ ഹരജിയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് ബോണ്ടിന്റെ സ്വകാര്യതാ സ്വഭാവം പഴുതുകളില്ലാത്തതും ലംഘനാതീതവുമാണെന്ന കേന്ദ്രത്തിന്റെ വാദത്തെ റദ്ദാക്കുന്നതായിരുന്നു ഈ വിഷയത്തിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ‘ഈ വാദത്തോട് ഞങ്ങൾ യോജിക്കുന്നില്ലെ’ന്ന് വ്യക്തമാക്കിയ കോടതി, ‘നിയമപരമായി രഹസ്യസ്വഭാവം അവകാശപ്പെടുന്നു എന്നതുകൊണ്ട് വാസ്തവത്തിൽ അത് പ്രാവർത്തികമാകുന്നില്ലെ’ന്നും ചൂണ്ടിക്കാട്ടി.
ദാതാവിന്റെ സ്വകാര്യതയ്ക്കുള്ള അവകാശം
ഈ പദ്ധതിയുടെ കാതൽ വിശ്വാസ്യതയും ദാതാവിന്റെ സ്വകാര്യതയ്ക്കുള്ള അവകാശവുമാണെന്നാണ് വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത വിശദീകരിച്ചത്. എന്നാൽ ഈ പദ്ധതിയുടെ ലക്ഷ്യം രാഷ്ട്രീയബന്ധത്തിന്റെ സ്വകാര്യതയാണെങ്കിൽ അത് ന്യായമായൊരു ലക്ഷ്യമാണെന്ന കടമ്പയെ തീർച്ചയായും മറികടക്കുന്നുണ്ട്. രാഷ്ട്രീയസംഭാവനകളെ സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കേണ്ടതില്ല എന്ന മാനദണ്ഡം, ദാതാവിന് ഒരു രാഷ്ട്രീയകക്ഷിയെ സ്വകാര്യമായി പിന്തുണക്കാനുള്ള എല്ലാ സാഹചര്യവും സംശയാതീതമായി ഒരുക്കുന്നു. രണ്ടാമതായി, ഈ ലക്ഷ്യം നേടുന്നതിന് അനുയോജ്യമായ മാർഗമാണോ ഇത് എന്നുള്ളതാണ്. ഇവിടെ, ദാതാവിന്റെ വിവരങ്ങൾ രഹസ്യമാക്കി വെക്കാനുള്ള അവകാശവും വോട്ടറുടെ വിവരാവകാശം ഉറപ്പാക്കുന്നതും തമ്മിൽ യാതൊരു ബന്ധവും കോടതിക്ക് കാണാനാകുന്നില്ല. ഈ പദ്ധതിയിൽ പറയുന്നത്, സംഭാവനാ വിവരങ്ങൾ ഒരിക്കലും സമ്മതിദായകനു മുമ്പിൽ വെളിപ്പെടുകയില്ല എന്നാണ്. മൂന്നാമതായി, അവലംബിക്കാനാവുന്ന ഏറ്റവും പരിമിത മാർഗമാണോ ഇതെന്നതാണ്. നിലവിൽ ദാതാവിന്റെ സ്വകാര്യതയും സമ്മതിദായകന്റെ അറിയാനുള്ള അവകാശത്തെയും സംരക്ഷിക്കുന്ന ചട്ടക്കൂട് നിലനിൽക്കുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമം, ആദായ നികുതി നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരത്തിനു മുകളിലുള്ള സംഭാവനകൾ കൃത്യമായി രേഖപ്പെടുത്തേണ്ടതും പരസ്യമാക്കേണ്ടതുമാണ്. ഇത് സമ്മതിദായകന്റെ വിവരാവകാശത്തെ തൃപ്തിപ്പെടുത്തും. ഇരുപതിനായിരത്തിനു താഴെയുള്ള സംഭാവനകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും പരസ്യമാക്കേണ്ടതില്ലെന്നതു ദാതാവിന്റെ സ്വകാര്യതയെയും തൃപ്തിപ്പെടുത്തുന്നതാണ്. സ്വകാര്യതാവകാശത്തിന്റെ ഒടുക്കവും വിവരാവകാശ നിയമത്തിന്റെ തുടക്കവും ഇരുപതിനായിരം എന്ന പരിധിയിൽ നിലനിർത്തിയത് നിയമനിർമാണ സഭയുടെ വിവേകത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി പറഞ്ഞു. ഈ പദ്ധതി മുകളിലെ നാലിൽ മൂന്ന് പരീക്ഷകളെയും മറികടക്കാത്ത സാഹചര്യത്തിൽ ആനുപാതികമായൊരു മാനദണ്ഡത്തിൽ ഇതിനെ തുലനം ചെയ്യേണ്ട ആവശ്യകതയില്ലെന്നും കോടതി വ്യക്തമാക്കി.
അനിയന്ത്രിത ഫണ്ടിങ്
‘വലിയ സാമ്പത്തികവുമായി വരുന്ന, തങ്ങളുടെ പാർട്ടികളുമായി വൻതുകയ്ക്ക് തുല്യമായ ക്രയവിക്രയങ്ങളിൽ ഏർപ്പെട്ട കമ്പനികളുണ്ടാവുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്നവർ വോട്ടർമാരോട് ഉത്തരവാദിത്വമുള്ളവരായിരിക്കുമോ’ എന്ന ചോദ്യത്തിലൂടെയാണ് കോടതി ആരംഭിക്കുന്നത്. എന്നാൽ, 2018ലെ സംഭാവനാ പരിധികൾ മറികടക്കുന്നതിനുവേണ്ടി പല കമ്പനികളും വ്യാജകമ്പനികൾ നിർമിക്കുന്നതായി കേന്ദ്രം വാദിച്ചു. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലായി മൊത്തം ലാഭത്തിന്റെ 7.5 ശതമാനം, വ്യാജകമ്പനികളെ നിരുത്സാഹപ്പെടുത്തുന്നതിന് നീക്കിവച്ചതായും കേന്ദ്രം വ്യക്തമാക്കി. അതേസമയം, നഷ്ടം വരുത്തുന്ന കമ്പനികൾ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകാതിരിക്കാനുള്ള നിരോധനങ്ങൾ ഏർപ്പെടുത്തിയതായി കോടതിയും പറഞ്ഞു. കേന്ദ്രത്തിന്റെ യഥാർഥ ലക്ഷ്യം വ്യാജകമ്പനികൾക്ക് പൂട്ടിടുക എന്നതാണെങ്കിൽ, വ്യാജകമ്പനികളെ രാഷ്ട്രീയ സംഭാവനകൾ നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉൾപ്പെടുത്തിയിട്ടുള്ള സംഭാവനകളുടെ പരിധി എടുത്തുകളയുന്നതിന് ഒരു ന്യായീകരണവുമില്ല. കൂടാതെ, രാഷ്ട്രീയ പാർട്ടികൾക്ക് കമ്പനികൾ നൽകുന്ന നിയന്ത്രണങ്ങളില്ലാത്ത സംഭാവനകൾ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിരുദ്ധമാണ്. കാരണം, നയരൂപീകരണത്തെ സ്വാധീനിക്കാൻ ചില വ്യക്തികൾക്കോ കമ്പനികൾക്കോ അവരുടെ സ്വാധീനവും വിഭവങ്ങളും വിനിയോഗിക്കാൻ ഇത് വഴിയൊരുക്കുന്നു.
നിയന്ത്രണങ്ങളില്ലാത്ത കോർപറേറ്റ് ഫണ്ടിങ് മൂന്നു കാരണങ്ങളാൽ ഏകപക്ഷീയമാണെന്നാണ് കോടതിയുടെ വിശദീകരണം. ഒന്നാമതായി, ഇത് വ്യക്തികളുടെയും കമ്പനികളുടെയും സംഭാവനകളെ തുല്യമായി കാണുന്നു. രണ്ട്, സ്വതന്ത്രമായ തെരഞ്ഞെടുപ്പുകളിൽ നിയന്ത്രണാതീതമായ മുതലാളിത്ത ഇടപെടലുകൾക്ക് വഴിവെക്കുന്നു. മൂന്നാമതായി, ഇത് ലാഭാടിസ്ഥാനത്തിലുള്ള കമ്പനികളെയും നഷ്ടാടിസ്ഥാനത്തിലുള്ള കമ്പനികളെയും തുല്യമായി കാണുന്നു.
കോടതി നിർദേശങ്ങൾ
എസ്.ബി.ഐ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിൽപ്പന നിർത്തലാക്കണം. 2019 ഏപ്രിൽ 12 മുതൽ ഈ തീയതിവരെ വിൽപ്പന നടത്തിയിട്ടുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങൾ എസ്.ബി.ഐ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിക്കണം. ഈ വിവരങ്ങളിൽ ഓരോ ബോണ്ടും വാങ്ങിയ തീയതി, വാങ്ങിയ ആളുടെ വിവരങ്ങൾ, വാങ്ങിയ ബോണ്ടിന്റെ സാമ്പത്തിക മൂല്യം എന്നിവയുൾപ്പെട്ടിരിക്കണം. 2019 ഏപ്രിൽ 12 മുതൽ അവസാന തീയതി വരെയുള്ള കാലയളവിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സംഭാവനകൾ കൈപ്പറ്റിയ രാഷ്ട്രീയപാർട്ടികളുടെ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. ഈ ഉത്തരവ് വന്ന് മൂന്നാഴ്ചയ്ക്കകം അഥവാ, 2024 മാർച്ച് ആറിനകം എസ്.ബി.ഐ മേൽപ്പറഞ്ഞ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ചിരിക്കണം.
ഈ വിവരങ്ങൾ കൈപ്പറ്റി ഒരാഴ്ച്ചയ്ക്കകം അഥവാ, 2024, മാർച്ച് 13നകം എസ്.ബി.ഐയിൽ നിന്ന് ലഭിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. 15 ദിവസം കാലാവധിയുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇതുവരെയായും പണമാക്കാത്ത രാഷ്ട്രീയപാർട്ടികൾ മടക്കിനൽകുകയാണെങ്കിൽ ഇതിനു തുല്യമായ തുക വാങ്ങിയ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് തുടങ്ങിയവയാണ് കോടതിയിൽ നിന്നുണ്ടായ പ്രധാന നിർദേശങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."