കിസാന്‍ ബച്ചാവോ, കോര്‍പറേറ്റ് ഭഗാവോ
പ്രൊഫ. റോണി കെ. ബേബി
കര്‍ഷകനെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ, കോര്‍പറേറ്റുകളെ തുരത്തൂ(കിസാന്‍ ബച്ചാവോ, ദേശ് ബച്ചാവോ, കോര്‍പറേറ്റ് ഭഗാവോ)-_ഉത്തരേന്ത്യയുടെ തണുത്തുറഞ്ഞ തെരുവുകളിൽ കർഷകരോഷത്തിന്റെ മുദ്രാവാക്യങ്ങൾ വീണ്ടും ഉയരുകയാണ്. ചരിത്രം തിരുത്തിയ ഐതിഹാസിക കർഷക സമരത്തിന്റെ കരുത്തുറ്റ വിജയത്തിന്റെ രണ്ടുവർഷങ്ങൾക്കുശേഷം രാജ്യത്തെ കർഷകർ വീണ്ടും സമരവുമായി തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ അലയടിച്ചുയരുന്ന കര്‍ഷക സമരത്തിന്റെ രണ്ടാം വരവിൽ മതധ്രുവീകരണ അജൻഡ കോട്ടകെട്ടിയ ദേശീയ രാഷ്ട്രീയം ഏതു ദിശയിലേക്ക് തിരിയുമെന്ന ആശങ്കയിലാണ് മോദി ഭരണകൂടം.
ഫെബ്രുവരി 13ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചതോടെയാണ് രണ്ടാം കർഷക സമരം ആരംഭിച്ചത്. വിളകൾക്കു മിനിമം താങ്ങുവില(എം.എസ്.പി) ഉറപ്പുനൽകുന്നതിനുള്ള നിയമം നടപ്പാക്കുക, കർഷകർക്കു പെൻഷൻ അനുവദിക്കുക, വിള ഇൻഷുറൻസ് നടപ്പാക്കുക, കർഷകർക്കെതിരേ റജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തിനുശേഷം ഇപ്പോഴാണ് കര്‍ഷകര്‍ ഡൽഹിയിലേക്ക് തിരികെ വരുന്നത്.
മോദി സർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 200 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് കർഷകർ 2020 ഒാഗസ്റ്റിലാണ് സമരം ആരംഭിച്ചത്. പാര്‍ലമെന്റില്‍ ചർച്ചപോലും അനുവദിക്കാതെ പാസാക്കിയെടുത്ത മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരേ സെപ്റ്റംബറില്‍ പഞ്ചാബ്-, ഹരിയാന സംസ്ഥാനങ്ങളില്‍ തുടക്കമിട്ട പ്രക്ഷോഭം ദേശീയതലത്തിലേക്ക് പടരുകയായിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കുക എന്ന മുദ്രാവാക്യവുമായി തുടങ്ങിയ പ്രക്ഷോഭം രാജ്യത്തെയും സര്‍ക്കാരിനെയും പിടിച്ചുകുലുക്കി.
‘ഡൽഹി ചലോ’ മാര്‍ച്ചായാണ് സമരം ആരംഭിച്ചതെങ്കിലും സമരത്തെ ഡൽഹി സംസ്ഥാനാതിര്‍ത്തി കടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ പൊലിസ് അനുവദിച്ചില്ല. തുടര്‍ന്ന് ഗാസിയാബാദിലും മറ്റും തമ്പടിച്ച കര്‍ഷകര്‍ കുടുംബത്തോടൊപ്പം അവിടെ താമസിച്ച് ഒരു വര്‍ഷത്തിലേറെ സമരം തുടരുകയായിരുന്നു. ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ പിന്നെയും ഡൽഹി അതിര്‍ത്തികളിലേക്ക് ഒഴുകിയെത്തി. എന്നാല്‍, കര്‍ഷകരെ കേള്‍ക്കാന്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. പകരം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ നന്മയ്ക്കാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്.
ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊവിഡുപോലും അവഗണിച്ച് കര്‍ഷകര്‍ ഡൽഹി അതിര്‍ത്തികളിലേക്ക് ഒഴുകി. കേസുകള്‍ ചുമത്തിയും കര്‍ഷക സംഘടനയില്‍ തീവ്രവാദി സ്വാധീനം ആരോപിച്ചും കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കര്‍ഷകര്‍ തയാറായില്ല. പഞ്ചാബില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന് പങ്കെടുത്തത്. ഇത് ഖലിസ്ഥാന്‍ വാദമുയര്‍ത്തി പ്രതിരോധിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഈ നീക്കം വിലപ്പോയില്ല. ഇതിനിടെ റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ട കൈയേറി കൊടിയുയര്‍ത്തിയ കര്‍ഷകര്‍ക്കെതിരേ അന്വേഷണവും വേട്ടയാടലും ആരംഭിച്ചു. ഈ സംഭവത്തിലെ പ്രധാന പ്രതിയായ ദീപ് സിദ്ദു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സര്‍ക്കാരിന്റെ ആരോപണങ്ങളെ കര്‍ഷകര്‍ പ്രതിരോധിച്ചത്. സമരം ശക്തമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും നിരവധി ഭരണാധികാരികള്‍ പ്രത്യേകിച്ചും ജോ ബൈഡനും ജസ്റ്റിന്‍ ട്രൂഡോയും പോലുള്ള ലോക നേതാക്കള്‍ പോലും കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി. ആഭ്യന്തരകാര്യം നോക്കാന്‍ ഇന്ത്യയ്ക്കറിയാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി.
അതിനിടെയാണ് ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ഖേരിയില്‍ ഉപമുഖ്യമന്ത്രിയുടെ പരിപാടി തടയാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ജിപ്പോടിച്ച് കയറ്റിയത്. ഈ സംഭവത്തിൽ നാല് കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചു. ഇതോടെ കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിളിച്ച് ചേര്‍ത്ത മഹാപഞ്ചായത്തുകളിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കര്‍ഷകര്‍ ഗ്രാമാന്തരങ്ങളില്‍ ബി.ജെ.പിക്കെതിരേ തിരിയുമെന്നായതോടെ കേന്ദ്രസര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളിലും പുനര്‍വിചിന്തനത്തിന് തയാറായി. 2021 ൽ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുകയായിരുന്നു. ‘ഞാന്‍ രാജ്യത്തെ ജനങ്ങളോട് സത്യസന്ധവും ശുദ്ധവുമായ ഹൃദയത്തോടെ മാപ്പ് ചോദിക്കുന്നു. കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല’ എന്നായിരുന്നു കാര്‍ഷിക നിയമം പിന്‍വലിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിരുപാധികം അംഗീകരിക്കാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചു. വിജയശ്രീലാളിതരായി ആഘോഷത്തോടെ ഡൽഹി അതിര്‍ത്തി വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ തിരികെ പോകുമ്പോള്‍ ഏതാണ്ട് 358 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. സമരത്തിന്റെ മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത കര്‍ഷകരടക്കം 719 ജീവനുകൾ സമരത്തിൽ പൊലിഞ്ഞിരുന്നു.
സമരം അവസാനിപ്പിച്ച് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുമ്പോള്‍ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞത്, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും തിരിച്ച് വരുമെന്നായിരുന്നു. വിളകളുടെ മിനിമം താങ്ങുവിലയിൽ ചർച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. കൂടാതെ സമരത്തെ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും റദ്ദാക്കുക, സമരത്തിനിടെ മരിച്ച നൂറുകണക്കിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങളൊന്നും പ്രാവര്‍ത്തികമായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിനെത്തുടർന്നാണ് 200ലധികം കര്‍ഷക യൂനിയനുകള്‍ ചേര്‍ന്ന് ‘ഡല്‍ഹി ചലോ’ മാര്‍ച്ച് സംഘടിപ്പിച്ചത്.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന്റെ ലക്ഷ്യം. 2023 നവംബറില്‍ കർഷക സമരത്തിന്റെ മൂന്നാം വാര്‍ഷികം ആചരിക്കാൻ ഒത്തുകൂടിയ കര്‍ഷകര്‍, രണ്ടാം കര്‍ഷക സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഏഴിന് കര്‍ഷക സംഘടനകളുമായി കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും കര്‍ഷക നേതാക്കളെ കാണാനെത്തി. എന്നാല്‍, ഈ ചര്‍ച്ചയിലും കര്‍ഷകര്‍ വഴങ്ങിയില്ല. ഫെബ്രുവരി 13ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം തിരിച്ചടിയാകുമെന്നു ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. കര്‍ഷക രോഷം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പദ്ധതികളുമായി ബി.ജെ.പി രംഗത്തെത്തിക്കഴിഞ്ഞു. പശ്ചിമ യു.പിയിലെ കര്‍ഷകരുടെ പ്രിയപ്പെട്ട നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ചരണ്‍ സിങ്ങിന് ഭാരത രത്‌ന നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ ചെറുമകന്‍ ജയന്ത് സിങ് നയിക്കുന്ന ആര്‍.എല്‍.ഡിയെ കൂടെക്കൂട്ടാന്‍ ബി.ജെ.പിക്കായി. ആര്‍.എല്‍.ഡിക്ക് പശ്ചിമ യു.പിയിലെ ഇടത്തരം കര്‍ഷകരായ ജാട്ട് വിഭാഗത്തിനിടയില്‍ സ്വാധീനമുണ്ട്. ചൗധരി ചരണ്‍ സിങ്ങിനും, ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.എസ് സ്വാമിനാഥനും ഭാരത് രത്‌ന ബഹുമതികള്‍ നൽകാനുള്ള തീരുമാനം കർഷക രോഷം മറികടക്കുന്നതിനുവേണ്ടിയാണ്. കാര്‍ഷിക മേഖലയുമായി അടുത്ത ബന്ധമുള്ളവരാണ് ചരണ്‍ സിങും സ്വാമിനാഥനും. ഇവര്‍ക്ക് ഭാരത രത്‌ന നല്‍കിയത് സ്വാഗതം ചെയ്ത കര്‍ഷക നേതാക്കൾ, പക്ഷേ സമരത്തില്‍നിന്ന് പിന്‍മാറാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയത് ബി.ജെ.പിക്ക് തിരിച്ചടിയായി.
കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള പുതിയ മാര്‍ഗവുമായാണ് അവർ രംഗത്തെത്തുന്നതെന്ന വിമര്‍ശനം കർഷകന രാകേഷ് ടികായത് ഉയർത്തിയിരുന്. ആദ്യ കർഷക സമരത്തിന്റെ സമയത്തുതന്നെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില സംഘടനകള്‍ സമരത്തിന്റെ പകുതിയില്‍ വെച്ച് പിന്‍മാറുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാവില്ല എന്ന ഉറച്ച നിലപാടിലാണ് കർഷകസംഘടനകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."