കാലിക്കറ്റ് സര്‍വകലാശാലയില്‍ സപ്ലിമെന്ററി പരീക്ഷയ്ക്കും ചോദ്യപേപ്പര്‍ മാറി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ സോഷ്യോളജി സപ്ലിമെന്ററി പരീക്ഷയ്ക്കും ചോദ്യപേപ്പര്‍ മാറിയതോടെ വിദ്യാര്‍ഥികള്‍ കൂടുതല്‍ ആശങ്കയില്‍. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ പൊളിറ്റിക്സ് ആന്‍ഡ് ഫെഡറല്‍ ഡൈനാമിക്സ് എന്ന പേപ്പറിനു പകരം ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് പൊളിറ്റിക്സ് എന്നു മാത്രം രേഖപ്പെടുത്തിയ ചോദ്യപേപ്പറാണ് ലഭിച്ചതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. പേപ്പറിന്റെ കോഡ് നമ്പറും ഹാള്‍ടിക്കറ്റില്‍ നല്കിയതില്നിന്നു വ്യത്യസ്തമാണ്.
2015 സെപ്റ്റംബര്‍ 30നു നടന്ന നാലാം സെമസ്റ്റര്‍ പരീക്ഷയിലും ഇതേ വിഷയത്തില്‍ ചോദ്യപേപ്പര്‍ മാറിയിരുന്നു. പഠനവിഷയത്തിലെ മാറ്റം കാരണം വിദ്യാര്‍ഥികളിലധികവും ഈ വിഷയത്തില്‍ പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്നു നടന്ന സപ്ലിമെന്ററി പരീക്ഷയിലും ചോദ്യപേപ്പര്‍ മാറിയതോടെ ഒരു വര്‍ഷം നഷ്ടമാകുമെന്ന ഭീതിയിലാണ് വിദ്യാര്‍ഥികള്‍. അന്നു പരീക്ഷാ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഇതു പരീക്ഷാ ഫലത്തെ ബാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
വെള്ളിയാഴ്ച കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് കേന്ദ്രമായി പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടെങ്കിലും അരമണിക്കൂര്‍ വൈകിയതല്ലാതെ പേപ്പറില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്നു സര്‍വകലാശാലയില്‍നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുകയായിരുന്നു.
പരീക്ഷ വൈകുന്നതില്‍ പ്രതിഷേധം;
വിദ്യാര്‍ഥികള്‍ ഭരണകാര്യാലയം ഉപരോധിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചു. തങ്ങളുടെ പരീക്ഷകള്‍ നീളുന്നതില്‍ പ്രതിഷേധിച്ച് ടീച്ചര്‍ സ്റ്റുഡന്റ് അസോസിയേഷന് നേതൃത്വത്തില്‍ ബി.എഡ്, എം.എഡ് വിദ്യാര്‍ഥികളാണ് ഉപരോധസമരം നടത്തിയത്. കണ്ണൂര്‍, എം.ജി സര്‍വകലാശാലകള്‍ പരീക്ഷകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 2015 ജൂലൈയില്‍ തുടങ്ങിയ കാലിക്കറ്റിലെ കോഴ്സുകള്‍ക്ക് പരീക്ഷ നടത്താന്‍ സര്‍വകലാശാല കാലതാമസം വരുത്തുന്നുവെന്നു സമരക്കാര്‍ പറഞ്ഞു. മൂന്നാംസെമസ്റ്റര്‍ പാഠഭാഗങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും സമരക്കാര്‍ പറഞ്ഞു.
നിവേദനങ്ങള്‍ നിരവധി തവണ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30നു പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത സെമസ്റ്ററുകളിലും ഈ മെല്ലെപ്പോക്ക് സമീപനം തുടരുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാകുമെന്നും കണക്കിലെടുത്താണ് സമരം നടത്തിയതെന്നും സമരക്കാര്‍ വ്യക്തമാക്കി. രാവിലെ 11 മണിക്ക് സര്‍വകലാശാല ബസ്സ്റ്റോപ്പ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്പില് പൊലിസ് തടഞ്ഞു. സര്‍വകലാശാല മുന്‍ സെനറ്റംഗം പി. റംഷാദ് ഉദ്ഘാടനം ചെയ്തു.
റിയാസ് അടിവാരം അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ പരീക്ഷ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ. കെ.എം നസീറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."