കുട്ടികളുടെ ശ്മശാനമാകുന്ന ഗസ്സ
സി.എസ് രജീഷ്
നമ്മൾ അനുഭവിക്കാത്തതൊക്കെയും നമുക്ക് കെട്ടുകഥകളാണെന്ന് ആടുജീവിതത്തിൽ ബെന്യാമിൻ പറയുന്നത് ചില സന്ദർഭങ്ങളിൽ സംശയത്തോടെ മാത്രമേ നോക്കിക്കാണുവാൻ സാധിക്കുകയുള്ളൂ. ചില അത്യപൂർവ സാഹചര്യങ്ങളിൽ, മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന പാതകങ്ങൾ കാണുമ്പോൾ നമ്മൾ അനുഭവിക്കാത്തതും അനുഭവമായി മാറുന്നത് കാണാം. ഐക്യരാഷ്ട്ര സംഘടന ഗസ്സയെ കുട്ടികളുടെ ശവകുടീരമെന്നാണ് വിവരിച്ചത്. ദശാബ്ദങ്ങളായി നടക്കുന്ന യുദ്ധത്തെ തുടർന്ന് ഫലസ്തീൻ സമൂഹത്തിൽ ശാരീരിക വൈകല്യം അനുഭവിക്കുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. യുദ്ധം സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ ഭീകരാവസ്ഥയെയും മാനസിക പീഡനത്തെയും മറികടക്കാൻ എല്ലാ വർഷവും കൈകാലുകൾ നഷ്ടപ്പെട്ടവരുടെ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്ന രാഷ്ട്രംകൂടിയാണ് ഫലസ്തീൻ. അവസാനിക്കാത്ത ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ കായികമത്സരത്തിലൂടെ നേരിടാൻ ശ്രമിക്കുന്ന വേറെ ഏതു ജനതയാണ് ഈ ഭൂമുഖത്തുള്ളത്.
ഗസ്സ ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇസ്റാഇൗൽ വ്യോമാക്രമണത്തിലും ഗ്രൗണ്ട് ഓപറേഷനുകളിലുമായി 100 ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടു. സേവ് ദി ചിൽഡ്രൻ കണക്കുപ്രകാരം ഇത് 12000ലധികം വരും. ഗസ്സയിൽ 1.1 ദശലക്ഷം കുട്ടികളിൽ 10,000-അല്ലെങ്കിൽ മൊത്തം കുട്ടികളുടെ 1%-ഒക്ടോബർ 7നുശേഷമുള്ള ഇസ്റാഇൗലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരായുധരായ ഫലസ്തീൻ ജനതയ്ക്കെതിരേ നടക്കുന്ന യുദ്ധം 100 ദിവസം പൂർത്തിയാക്കിയപ്പോൾ ഏറ്റവും കൂടുതൽ ക്രൂരകൃത്യങ്ങൾക്ക് ഇരയായത് കുട്ടികളും സ്ത്രീകളുമാണ്. ഓരോ കുട്ടിയും ജീവിതത്തെ മാറ്റിമറിക്കുന്ന പരുക്കുകൾ, പൊള്ളൽ, രോഗം, അപര്യാപ്ത വൈദ്യസഹായം, മാതാപിതാക്കളെയും മറ്റ് പ്രിയപ്പെട്ടവരെയും നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ദുരിതങ്ങൾ അനുഭവിക്കുന്നു. സുരക്ഷിത അഭയകേന്ദ്രങ്ങളില്ലാതെ നിരന്തരമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു ഇടത്തേക്ക് പലായനം ചെയ്യാനും അനിശ്ചിത ഭാവിയുടെ ഭീതിയെ നേരിടാനും ഫലസ്തീൻ കുഞ്ഞുങ്ങൾ നിർബന്ധിതരാകുന്നു. കഴിഞ്ഞ നാല് മാസത്തോളമായി നടക്കുന്ന യുദ്ധത്തിൽ ഏകദേശം 1,000 കുട്ടികൾക്ക് കാൽ നഷ്ടപ്പെട്ടു, അവരിൽ പലർക്കും അനസ്തീസിയയില്ലാതെ കൈകാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു. കൂടാതെ, ജീവിതകാലം മുഴുവൻ വൈദ്യസഹായമില്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥായായി.
കഴിഞ്ഞ വർഷം ഫലസ്തീൻ പ്രദേശത്ത് അക്രമം വർധിച്ചതിനുശേഷം ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 40% ത്തിലധികം കുട്ടികളാണ്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സേവ് ദി ചിൽഡ്രൻ കണക്കുപ്രകാരം ഗസ്സയിൽ 370 സ്കൂളുകൾ തകർക്കപ്പെട്ടു. 94 ആശുപത്രികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടന്നു. ആയിരത്തിലധികം ഫലസ്തീൻ കുട്ടികൾക്ക് ഒന്നോ രണ്ടോ കാൽ നഷ്ടപ്പെട്ടു. ഗസ്സയിലെ 1.1 ദശലക്ഷം കുട്ടികൾക്ക് മതിയായ മാനുഷിക സഹായം നിഷേധിക്കപ്പെട്ടു. ഫലസ്തീൻ പ്രദേശത്തെ സ്ഥിഗതികൾ നിരീക്ഷിക്കുന്ന സേവ് ദി ചിൽഡ്രൻസ് കൺട്രി ഡയരക്ടർ ജേസൺ ലീ പറയുന്നു; കൃത്യമായ വെടിനിർത്തൽ ഇല്ലാതിരുന്ന ഓരോ ദിവസവും ശരാശരി 100 കുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളെ കൊല്ലുന്നതിന് ഒരിക്കലും ഒരു ന്യായീകരണവും ഉണ്ടാകില്ല. ഗസ്സയിലെ സാഹചര്യം ഭീമാകരവും മാനവികതയ്ക്ക് വിരുദ്ധവുമാണ്’.
ഭീകരാവസ്ഥയിലൂടെയാണ് ഫലസ്തീൻ കുട്ടികൾ കടന്നുപോകുന്നത്. തങ്ങൾക്ക് പങ്കില്ലാത്ത ഒരു സംഘർഷത്തിന് കടുത്ത വില നൽകുകയാണ് അവർ. കുട്ടികൾ വധിക്കപ്പെടുന്നു, മുറിവേൽക്കപ്പെടുന്നു, അംഗവൈകല്യം സംഭവിക്കുന്നു, കുടിയൊഴിപ്പിക്കപ്പെടുന്നു. ഗസ്സയിലെ കുട്ടികളുടെ ജനസംഖ്യയുടെ ഒരു ശതമാനം ഇതിനകം ഇസ്റാഇൗൽ ആക്രമണങ്ങളാൽ കൊല്ലപ്പെട്ടിട്ടു. അതിജീവിച്ചവർ മാനസിക സംഘർഷത്തിലാണ്. വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സമ്പൂർണ നാശം അവരുടെ ഭാവിയെ നശിപ്പിച്ചു.
കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത കുട്ടികളുടെ കണക്ക് ലഭ്യമായിട്ടും അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കുന്നില്ല. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി വെടിനിർത്തലിന് ആഗോള രാഷ്ട്രങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതിനൊന്നും ഇസ്റാഇൗൽ ചെവിക്കൊള്ളുന്നില്ല. പട്ടിണിയും രോഗവുംമൂലം കുട്ടികൾ മരിക്കുന്നത് തടയാനും സഹായമെത്തിക്കാനും ഗസ്സയിലേക്ക് വാണിജ്യ ചരക്കുകളുടെ പ്രവേശനം പുനരാരംഭിക്കാനും ഇസ്റാഇൗൽ ഇതുവരെ പൂർണമായി തയാറായിട്ടില്ല.
യുനിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, ലോകാരോഗ്യ സംഘടന എന്നിവ ഉൾപ്പെടെയുള്ള സംഘടനകളുടെ ഗ്രൂപ്പായ ഗ്ലോബൽ ന്യൂട്രീഷൻ ക്ലസ്റ്റർ പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച് ഗസ്സ മുനമ്പിൽ ഭക്ഷണത്തിനും വെള്ളത്തിനും ശക്തമായ ദൗർലഭ്യതയുണ്ട്. കുട്ടികൾ വലിയതോതിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഒരു ജനസംഖ്യയുടെ പോഷകാഹാര നിലവാരത്തിൽ ഇത്രയും കുത്തനെയുള്ള ഇടിവ് ആഗോളതലത്തിൽ അഭൂതപൂർവമാണ്. സഹായ ഹസ്തങ്ങളിൽനിന്ന് ഏതാണ്ട് പൂർണമായും വിച്ഛേദിക്കപ്പെട്ട വടക്കൻ ഗസ്സയിൽ സ്ഥിതി ഗുരുതരമാണ്. ഷെൽട്ടറുകളിലും ആരോഗ്യകേന്ദ്രങ്ങളിലും നടത്തിയ പോഷകാഹാര പരിശോധനയിൽ രണ്ട് വയസിന് താഴെയുള്ള ആറ് കുട്ടികളിൽ ഒരാൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ഇവയിൽ, ഏകദേശം മൂന്നു ശതമാനം പേർ പോഷകാഹാരക്കുറവിനാൽ ജീവൻ അപകടമാവുംവിധം ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടികൾക്ക് അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ, പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകും. ആഗോള മനസ്സാക്ഷി നിസ്സംഗത തുടരുകയാണെങ്കിൽ കുട്ടികളില്ലാത്ത രാഷ്ട്രമായി ഫലസ്തീൻ മാറും. പുസ്തകങ്ങളും പള്ളിക്കൂടവും കാൽപന്ത് കളികളുമില്ലാതെ, കൺമുമ്പിലും യുദ്ധവിമാനങ്ങളും മിസൈലുകളും മാത്രം നിറയുന്ന ഫലസ്തീൻ കുട്ടികൾ എന്നും നൊമ്പരപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."