വിദ്വേഷ പ്രസംഗങ്ങളില്‍ 75 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് കണക്കുകള്‍. വാഷിങ്ട്ടണ്‍ ആസ്ഥാനമായ 'ഇന്ത്യ ഹെയ്റ്റ് ലാബ്' തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മുസ്ലിംകളെ ലക്ഷ്യംവച്ച് കഴിഞ്ഞവര്‍ഷം 668 വിദ്വേഷപ്രസംഗ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ചെയ്തത്. അതില്‍ 498 ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2023ലെ ആദ്യ ആറുമാസം 255 കേസുകളും തുടര്‍ന്നുള്ള ആറുമാസങ്ങളില്‍ 413 കേസുകളും റിപ്പോര്‍ട്ട്‌ചെയ്‌തെന്നും അതിനര്‍ത്ഥം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിദ്വേഷ പ്രസംഗങ്ങള്‍ കൂടിവരികയാണെന്നും 'ഇന്ത്യയിലെ വിദ്വേഷ പ്രസംഗ സംഭവങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പരിശോധിച്ച കേസുകളില്‍ 239 ഉം മുസ്ലിംകള്‍ക്ക് നേരെയുള്ള സംഘര്‍ഷത്തിനുള്ള ആഹ്വാനമാണ്. 63 ശതമാനം ലൗ ജിഹാദും ജനസംഖ്യാ ജിഹാദും പോലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളുമാണ്.
ബി.ജെ.പി എം.എല്‍.എമാരായ രാജാ സിങ്, നിതേഷ് റാണ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ, സുദര്‍ശന്‍ ന്യൂസ് ഉടമ സുരേഷ് ചൗവങ്കെ, ഹിന്ദുത്വ പ്രഭാഷകരായ കാജ്വല്‍ സിംഗാള, യതി നരസിംഹാനന്ദ്, കാളീചരണ്‍ മാഹാരാജ്, സാധ്വി സരസ്വതി മിശ്ര തുടങ്ങിയവരാണ് കൂടുതല്‍ വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മഹാരാഷ്ട്രയില്‍ (118) ആണ് കൂടുതല്‍ കേസുകള്‍. ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തിസ്ഗഡ് (21), ബിഹാര്‍ (18) എന്നിവയാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങള്‍. 47 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശമേയില്ല.
കഴിഞ്ഞ ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും പുറത്തുവന്നത്.
കഴിഞ്ഞവര്‍ഷം മൊത്തം റിപ്പോര്‍ട്ട് ചെയ്തതില്‍ 26 ശതമാനവും ഉണ്ടായത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടക,. മധ്യപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്.
റിപ്പോര്‍ട്ടിന്റെ ലിങ്ക്: https://indiahatelab.com/2024/02/25/hate-speech-events-in-india-2023-annual-report/
How anti-Muslim hate speech is spreading in India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."