ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെ; വി.സിയെ സസ്പെന്‍ഡ് ചെയ്തതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി
ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെ; വി.സിയെ സസ്പെന്‍ഡ് ചെയ്തതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വി സിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. വി സിയെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സസ്പെന്‍ഷനെന്നും മന്ത്രി പറഞ്ഞു.
'ഇത്രയും നടപടിയെടുത്തത് യൂണിവേഴ്സിറ്റിയാണ്. വിസിയും ഡീനും അടക്കമുള്ളവരാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോയത്. ആ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു അച്ചടക്ക നടപടി കൊണ്ടുവന്നത്. അതിനോട് ഒരുതരത്തിലും യോജിക്കുന്നില്ല.' മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ തമ്മിലുള്ള പ്രശ്നമാണ് സര്‍വകലാശാലയിലുണ്ടായത്. പൊലീസ് അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡീനിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചപ്പോള്‍ ബന്ധപ്പെട്ടവരെ സമയബന്ധിതമായി അറിയിക്കുന്നതില്‍ ഡീനിന് തെറ്റുപറ്റിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, വി.സിക്കെതിരായ ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായുള്ള പോരിന്റെ ഭാഗമായി കരുതുന്നില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സര്‍വകലാശാലയുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."