മലബാറിലെ ഇസ്‌ലാം വേരുകൾ തേടി
ടി.പി.സി
മുസ്‌ലിം സമൂഹത്തെ ചരിത്ര ഛേദം ചെയ്യുന്നതിനു വേണ്ടിയുള്ള ആർ.എസ്.എസ് അജൻഡ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. ഇതിന്റെ ആദ്യപടി എന്ന നിലക്ക് ശരീഅത്ത് നിയമങ്ങളിൽ പിടിമുറുക്കിക്കഴിഞ്ഞു ഭരണകൂടം. ഇന്ത്യയിൽ പിറന്ന് ഇവിടെത്തന്നെ ജീവിച്ചുപോരുന്ന ന്യൂനസമൂഹങ്ങളുടെ പൗരാവകാശംവരെ ചോദ്യം ചെയ്യപ്പെട്ടു. നൂറ്റാണ്ടുകൾ കഴിഞ്ഞാലെങ്കിലും, ഇവിടെ ഇങ്ങനെയൊരു സമുദായം ഉണ്ടായിരുന്നില്ലെന്ന് വരുത്തിത്തീർക്കാൻ കഴിഞ്ഞാൽമതി അവർക്ക്.
ആർ.എസ്.എസിന്റെ പദ്ധതികൾ ഒരിക്കലും ധൃതിപ്പെട്ടുള്ളതായിരിക്കില്ല. സമയമെടുക്കാതെ നടപ്പാക്കുന്ന പരിപാടികൾക്ക് അയുസുണ്ടാവില്ലെന്ന് അവർക്ക് ബോധ്യമുണ്ട്. ഒരു മുസ്‌ലിം മുക്ത ഇന്ത്യ, അല്ലെങ്കിൽ വഴങ്ങി മാത്രം നിൽക്കുന്ന മുസ്‌ലിംകളുള്ള ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് രാജ്യത്തിന്റെ അജൻഡ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതിന് ആദ്യം വേണ്ടത് ചരിത്രത്തെ എടുത്തു മാറ്റുകയാണ്; അത് പാഠപുസ്തകം തൊട്ടാവുക എന്നത് ഒരു ശാസ്ത്രീയ സമീപനമാണ്. ചരിത്രമാണ് ഒരു സമൂഹത്തിന്റെ ജീവവായു എന്ന് സംഘ്പരിവാറുകാർ കണ്ടുപിടിച്ചത് ചെറിയ കാര്യമല്ല.
ഒരുഭാഗത്ത് വഷളൻ രീതിയിൽ ഇതൊക്കെ നടക്കുമ്പോൾ, ഇതേ രാജ്യത്തു തന്നെ ചരിത്ര ബോധത്തിലേക്ക് ആളുകളെ നയിക്കുന്ന പരിശ്രമങ്ങൾ വേറെയും നടക്കുന്നു എന്നതാണ് ആശ്വാസകരം. ഇവിടെ മുസ്‌ലിംകളുടെ വേരുകൾ അന്വേഷിച്ചു കണ്ടെത്തുകയും മുസ്‌ലിം പാരമ്പര്യത്തിന്റെ വസ്തുനിഷ്ഠ ചരിത്ര സംഭവങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം ഒരന്വേഷണത്തിന്റെ ഫലമാണ് പണ്ഡിതനും ചരിത്ര കുതുകിയുമായ ഡോ. അലി അസ്ഗർ ബാഖവിയുടെ ‘ മലബാറിലെ ഇസ്‌ലാം ഒരു പുനർ വായന’ എന്ന പുസ്തകം.
ഇന്ത്യക്ക് ഇസ്‌ലാമിക വെളിച്ചം പകർന്ന വിളക്കുമരം കേരളമാണ്. അറബ് രാജ്യങ്ങളും കേരളവുമായുള്ള ബന്ധം ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനാവാത്ത സത്യമാണ്.
അറബികളുടെ കടൽവഴിയുള്ള കച്ചവടത്തിനും മലബാർ യാത്രക്കും അയ്യായിരം വർഷങ്ങളുടെയെങ്കിലും പഴക്കമുണ്ട്. വ്യാപാര അടുപ്പങ്ങളിലൂടെ മലബാറിലെ രാജാക്കന്മാരും അറബികളും തമ്മിൽ ശക്തമായ ബന്ധമായി. ഇന്ത്യ അഥവാ ഹിന്ദ് എന്നു പറഞ്ഞാൽ അറബികൾക്ക് മലബാർ ആയിരുന്നു. ഹിന്ദ് എന്ന പേരിൽ ഇറാഖിൽ ഒരു ഗ്രാമം തന്നെയുണ്ട്. അത്രക്ക് ആത്മ നിഷ്ഠമായിരുന്നു ആബന്ധം. ഇവിടത്തെ തേങ്ങയും കുരുമുളകും വസ്ത്രങ്ങളും ആനക്കൊമ്പുമൊക്കെ അറബ് സമൂഹത്തിന് പ്രിയപ്പെട്ടതാകുന്നത് അങ്ങനെയാണ്.
പ്രവാചക കാലത്തിനു മുമ്പു തന്നെ സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് അറബ് - മലബാർ ബന്ധത്തിനെന്നു പറഞ്ഞല്ലോ. കഅബ പുതുക്കിപ്പണിയുന്നതിന് വാതിൽ വെക്കാൻ തേക്കുമരവും, കുറച്ചു കൊല്ലങ്ങൾ കഴിഞ്ഞ് മദീനയിൽ പ്രവാചകന് കട്ടിലിനുള്ളതേക്കു മരവും മലബാറിൽ നിന്ന് കൊണ്ടു പോയതാണെന്ന് ഈ പുസ്തകം വിവരിക്കുന്നുണ്ട് . ഹിജ്‌റ മുപ്പത്തി ഒമ്പതാം വർഷം മൂന്നാം ഖലീഫ ഉസ്മാനിബ്നു അഫ്ഫാന്റെ കാലത്ത് മദീനയിലെ മസ്ജിദുന്നബവി പുതുക്കിപ്പണിതപ്പോൾ അതിന്റെ മച്ചിൽ നിരത്തിയതും മലബാറിന്റെ തേക്കിൻ മരമായിരുന്നു. പ്രവാചകന്റെ കാലഘട്ടം തൊട്ട് മുറുകുന്ന അറബ് രാജ്യവുമായി കേരളത്തിനുള്ള ബന്ധം ആവർത്തിച്ചു തെളിയിക്കുന്നുണ്ട് അലി അസ്ഗർ ബാഖവി.
മദീന ജീവിത കാലത്ത് , പ്രവാചകൻ മുഹമ്മദ് (സ ) ലോക രാഷ്ട്രതലവന്മാർക്ക് കത്തുകൾ അയച്ച കൂട്ടത്തിൽ മലബാർ രാജാക്കന്മാർക്കുമുണ്ടായിരുന്നു എഴുത്തുകൾ. ഈ കത്തുകൾക്കും മുമ്പ്, ഉസാമ ബിൻ സെയ്ദ്, സുഹൈബ് ബിൻ സിനാൻ എന്നിവരടങ്ങുന്ന മൂന്ന് അംഗ സംഘത്തെ മലബാറിലേക്ക് അയച്ചിരുന്നതായി തെളിവുകൾ ഉദ്ധരിച്ച് രചയിതാവ് വിവരിക്കുന്നുണ്ട്.
നൂറ്റാണ്ടുകൾക്കു മുമ്പേ സ്ഥാപിതമായ ആ ബന്ധമാണ് ഇന്ത്യയിൽ ഇസ്‌ലാമിനെ സ്ഥാപിച്ചതും വളർത്തിയതും. അവരാരും ഈ രാജ്യത്തോട് പട വെട്ടിയില്ല; ദ്രോഹിച്ചില്ല.
പ്രവാചകന്റെ ആഗമനം, മക്ക. - മദീനയിലെ ഇസ്‌ലാമിന്റെ വളർച്ച, ലോകം അതേറ്റെടുക്കുന്നത്, ഇസ്‌ലാം കേരളം വഴി ഇന്ത്യയിലെത്തുന്നത് തുടങ്ങി,വിശേഷിച്ച് പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട ചരിത്ര വസ്തുതകളുടെ കലവറയാണ് ഈ കൃതിയിലെ ഒരോ അദ്ധ്യായാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."