വിദ്വേഷ പ്രസംഗങ്ങളിലെ നിലപാട് വ്യക്തമാക്കണം
സമീപകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ചില നടപടികളും, വിപരീതമായി സംഘ്പരിവാര്‍ നേതാക്കള്‍ അനുവർത്തിക്കുന്ന നിലപാടുകളും നിരീക്ഷിക്കുമ്പോൾ വിദ്വേഷ പ്രസംഗങ്ങളില്‍ സര്‍ക്കാരിന്റെ തനിനിറം എന്താണെന്ന് വിവേകമുള്ള ഏതൊരു പൗരനും ബോധ്യമാകും. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പടച്ചുവിടുന്ന വ്യാജസന്ദേശങ്ങളും പ്രസംഗങ്ങളും തടയണമെന്ന് നാലു വർഷത്തോളമായി സുപ്രിംകോടതി തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്വേഷ പ്രചാരകര്‍ക്കെതിരേ സ്വയം നടപടിയെടുക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്നുള്‍പ്പെടെ സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സ്വമേധയാ നടപടിയെടുക്കാനാണ് കോടതി ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് താക്കീതിന്റെ സ്വരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടും രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല കൂടിവരികയുമാണ്. വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് വാഷിങ്ടണ്‍ ആസ്ഥാനമായ ‘ഇന്ത്യ ഹെയ്റ്റ് ലാബ്’ തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ഇന്ത്യയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023ലെ ആദ്യ ആറുമാസം 255 കേസുകളും തുടര്‍ന്നുള്ള ആറുമാസങ്ങളില്‍ 413 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തീവ്ര ഹിന്ദുത്വ വക്താക്കള്‍ തെരുവില്‍ വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ ചില മാധ്യങ്ങള്‍ അത് വ്യവസ്ഥാപിതമായും ചെയ്യുന്നു. കര്‍ണാടകയില്‍ രാജ്യസഭയിലേക്ക് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നസീറിന്റെ അനുയായികള്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന വാർത്ത ഒടുവിലെ ഉദാഹരണം. അത് വ്യാജമാണെന്ന് അറിഞ്ഞതോടെ വാര്‍ത്തയുടെ ലിങ്ക് നീക്കേണ്ടിവന്നു. ഇത്തരം വ്യാജവാര്‍ത്തകളുടെ പേരിൽ, തുടര്‍ച്ചയായ പരാതികള്‍ക്കിടെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി(എന്‍.ബി.ഡി.എസ്.എ) ചില മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുത്തത് സ്വാഗതാര്‍ഹമാണ്. ടൈംസ് നൗ, നവ്ഭാരതി, ന്യൂസ് 18 ഇന്ത്യ, ആജ് തക് തുടങ്ങിയ ദേശീയ ചാനലുകളോട് മുസ് ലിം വിരോധം പ്രകടിപ്പിക്കുന്ന പരിപാടികള്‍ പിന്‍വലിക്കാന്‍ എന്‍.ബി.ഡി.എസ്.എ നിര്‍ദേശം നല്‍കി.
വിദ്വേഷപ്രസംഗത്തെ, ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം എന്ന കള്ളിക്ക് കീഴിലാക്കി ന്യായീകരിക്കുന്ന രീതി വലതുപക്ഷ വാദികള്‍ക്കുണ്ട്. വ്യക്തികളെ മതമോ നിറമോ ജാതിയോ സ്വത്വമോ ലക്ഷ്യംവച്ച് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രസംഗങ്ങളും എഴുത്തുമാണ് വിദ്വേഷ പ്രചാരണം. എന്നാല്‍, ഭരണകൂടം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ പൊതുനന്മ ഉദ്ദേശിച്ച് വിമര്‍ശിക്കാന്‍ ഭരണഘടനാനുസൃത സ്വാതന്ത്ര്യമുണ്ട്. അതാണ് ഫ്രീഡം ഓഫ് സ്പീച്ച്. വിദ്വേഷപ്രചാരണം തടയാന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പലവിധ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇഷ്ടമല്ലാത്ത മാധ്യമങ്ങളെ (സോഷ്യല്‍മീഡിയ ഉള്‍പ്പെടെ) ഭീഷണിപ്പെടുത്തിയും വിരട്ടിയും വരുതിയിലാക്കുന്ന നടപടികളും സര്‍ക്കാര്‍ തുടർന്നുവരുന്നുണ്ട്.
ഭരണകൂട ഭാഷ്യങ്ങള്‍ക്കപ്പുറം അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുന്നു. കശ്മിരി മാധ്യമപ്രവര്‍ത്തകനും ശ്രീനഗറിലെ ഇംഗ്ലീഷ് മാസികയായ കശ്മീര്‍ നരേറ്റർ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന ആസിഫ് സുല്‍ത്താനെ 2011 ദിവസത്തെ ജയില്‍വാസത്തിനുശേഷം മോചിപ്പിച്ച് മണിക്കൂറുകള്‍ക്കകം വീണ്ടും അറസ്റ്റ്‌ചെയ്തത് കഴിഞ്ഞദിവസമാണ്. ബുര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരോധിത സംഘത്തിന് സഹായം നല്‍കിയെന്ന് ആരോപിച്ച് 2018 സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതോടെ ജമ്മു കശ്മിര്‍ ഹൈക്കോടതി 2022 ഏപ്രിലില്‍ ആസിഫിന് ജാമ്യം നല്‍കി. പക്ഷേ, ദിവസങ്ങള്‍ക്കകം ഇദ്ദേഹത്തിനെതിരേ പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ) ചുമത്തി ഉത്തര്‍പ്രദേശിലെ ജയിലിലേക്ക് മാറ്റിയതിനാല്‍ മോചനം നീണ്ടു. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ആസിഫിനെ തടങ്കലില്‍വയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കിയെങ്കിലും പിന്നീട് 78 ദിവസത്തിനുശേഷമാണ് മോചനം സാധ്യമായത്. യു.പി ജയിലില്‍നിന്ന് മോചിതനായി വീട്ടിലെത്തിയ അദ്ദേഹത്തെ അന്നു രാത്രിതന്നെ വീണ്ടും പിടികൂടുകയായിരുന്നു.
വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. എന്നിങ്ങനെയെല്ലാം നിര്‍ദേശത്തിലുണ്ട്. ഈ നിര്‍ദേശങ്ങള്‍ കഴിഞ്ഞതവണയും ഉണ്ടായിരുന്നുവെങ്കിലും ഇവ ലംഘിക്കപ്പെട്ടപ്പോള്‍ പരാതി നല്‍കിയിട്ട് പോലും കമ്മിഷന്‍ നടപടിയെടുത്തിരുന്നില്ല. ഇന്ത്യന്‍ യൂട്യൂബര്‍ ധ്രുവ് റാഠി അടുത്തിടെ അവതരിപ്പിച്ച വിഡിയോയില്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇത്തരം ഇരട്ടത്താപ്പിനെക്കുറിച്ച് പറയുന്നുണ്ട്. 2019ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പെരുമാറ്റചട്ട ലംഘനങ്ങള്‍ പ്രതിപക്ഷം കമ്മിഷന്‍ മുമ്പില്‍ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല.
പ്രതിപക്ഷ പരാതിയില്‍ മോദിക്കും അമിത് ഷാക്കും യോഗി ആദിത്യനാഥിനും ശുദ്ധിപത്രം നല്‍കാന്‍ വിസമ്മതിച്ച കമ്മിഷനിലെ ഏക അംഗം അശോക് ലവാസക്ക് പിന്നീട് സംഭവിച്ചത് രാജ്യം കണ്ടതാണ്. ലവാസയുടെ ഭാര്യയെയും സഹോദരിയെയും മകനെയുമെല്ലാം ആദായനികുതി വകുപ്പ് വേട്ടയാടി. അശോക് ലവാസ നേരിട്ട പ്രതികാരനടപടികള്‍ ഓര്‍മയുള്ള കമ്മിഷന്‍ അംഗങ്ങള്‍ ആസന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ പരാതികളില്‍ എന്ത് നടപടിയെടുക്കുമെന്ന് പ്രത്യേകം ആലോചിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."